മണലാരണ്യത്തിൽ പണിയെടുക്കുന്ന എല്ലാ പ്രവാസികളെയും പോലെ നാടും നാട്ടുകാരുമായിരുന്നു പി ഡി ശ്യാമളന്റെ മനസ് നിറയെ. പത്തൊമ്പതാം വയസിൽ കടലുകടന്ന് ദുബായിലെത്തിയ പൊടിമീശക്കാരൻ നാല് പതിറ്റാണ്ടിനുശേഷം പമ്പയാറും കടന്ന് വീണ്ടും സ്വദേശമായ മാന്നാറിലേക്കെത്തുമ്പോൾ ആ നാടിനും നാട്ടിൻ പുറത്തുകാർക്കും വലിയൊരു സർപ്രൈസുമായാണ് വരവ്.
തന്റെ നാട്ടുകാർക്ക് വീട്ടിലെ വിശേഷപ്പെട്ട ചടങ്ങുകൾ നടത്താൻ ഒരൊന്നൊന്നര കൺവൻഷൻ സെന്റർ. മാന്നാറുകാർക്കിനി മക്കളുടെ കല്യാണം നടത്താൻ മറ്റു ജില്ലകളിലേക്കോടേണ്ട കാര്യമില്ല , പകരം കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ളവർ ഇനി മാന്നാറിലേക്ക് വരും. 27 കോടി രൂപ മുതൽ മുടക്കിൽ പണികഴിപ്പിച്ച ശ്യാമശ്രീ കൺവൻഷൻ സെന്റർ കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന നിർമിതിയാണ്.
1979 ൽ 500 ദിർഹത്തിന് പ്രവാസം ആരംഭിച്ച ശ്യാം ഇന്ന് ജിസിസി രാജ്യങ്ങളിൽ ഓട്ടോ എയർകണ്ടീഷണിംഗ് സാധനങ്ങൾ വിൽക്കുന്നവരിൽ മുൻ നിരയിലാണ്. എസി വാഹനങ്ങൾ ഇറങ്ങുന്നതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് ഗൾഫിലെ വാഹനങ്ങൾ തണുപ്പിച്ച് വിജയം കൊയ്തയാളാണ് ആലപ്പുഴക്കാരൻ ശ്യാമളൻ. കുവൈറ്റ് യുദ്ധകാലത്ത് സൈനീക ട്രക്കുകളിൽ എസി ഘടിപ്പിച്ച ശ്യാമളനെ “കുവൈറ്റ് യുദ്ധം തണുപ്പിച്ച മലയാളി” എന്നാണ് വിശേഷിപ്പിക്കാറ്. ഷാർജയിലെ ഒരു ചെറിയ ഗാരേജിൽ തുടങ്ങിയ അൽ റാസ് എന്ന കമ്പനി ഇന്ന് ജിസിസി രാജ്യങ്ങളിലാകെ 20 ശാഖകളായി പടർന്ന് പന്തലിച്ച് നിൽക്കുകയാണ്
ബിസിനസിൽ പേരും പ്രശസ്തിയും പണവും വന്നു ചേർന്നു പക്ഷേ അപ്പോഴും ശ്യാമളന്റെ മനസിന്റെ ഒരു കോണിൽ തന്റെ മാന്നാറുമുണ്ടായിരുന്നു. വിദേശരാജ്യങ്ങളിൽ തന്റെ സമ്പാദ്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കമെന്നിരിക്കെ ശ്യാമളൻ അതുപയോഗിച്ചത് തന്റെ നാടിന്റെ ശ്രീ കൂട്ടാനാണ്. സ്വന്തം വിവാഹത്തിനും മക്കളുടെയും സുഹൃത്തുക്കളുടെയും വിവാഹത്തിന് അയൽ ജില്ലകളെ ആശ്രയിക്കേണ്ടി വന്നപ്പോഴേ ശ്യാമെടുത്ത തീരുമാനമാണ് ആഘോഷങ്ങൾക്കായി കേരളം മാന്നാറിലേക്ക് വരണം. അതിനുള്ള പ്രതിവിധിയായിരുന്നു അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആഡിറ്റോറിയം
1500 പേർക്ക് ഒരേ സമയം ആഘോഷങ്ങളിൽ പങ്കെടുക്കാവുന്ന കൺവൻഷൻ സെന്റർ. ഊട്ടുപുരയിലെ സൌകര്യങ്ങൾ കൂടി പരിഗണിച്ചാൽ ഒരേ സമയം 3000 പേരെ ഉൾക്കൊള്ളുന്ന രീതിയിലാണ് ശ്യാമശ്രീയുടെ നിർമാണം. അടിസ്ഥാന സൌകര്യങ്ങളും ലോകോത്തര നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലക്കാർക്ക് വളരെ ഉപകാരപ്രദമായിരിക്കും പുത്തൻ കൺവൻഷൻ സെന്റർ
മാന്നാറിലെ പുത്തൻ തലമുറയ്ക്കിനി തങ്ങളുടെ വിശേഷ ദിവസങ്ങൾ ആർഭാടമായി നടത്താൻ മറ്റെവിടെയും പോകേണ്ട. പച്ചപ്പിന്റെയും ജലസമൃദ്ധിയുടെയും സ്വർഗതീരത്ത് തലയുയർത്തി നിൽക്കുകയാണ് ശ്യാമശ്രീ.