കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ സുസ്ഥിരമായ വികസനം എന്നതാണ് താൻ തൃശ്ശൂരിന് മുന്നിൽ വയ്ക്കുന്ന വാഗ്ദാനമെന്ന് സുരേഷ് ഗോപി. ഇവിടെ വ്യവസായങ്ങളും സ്ഥാപനങ്ങളും വേണം എന്നതിൽ സംശയമില്ല. എന്നാൽ പരിസ്ഥിതിക്ക് കൂടി അനുയോജ്യമായ കാര്യത്തിലായിരിക്കണം എന്നു മാത്രം. അല്ലാതെ നാട്ടിക കടപ്പുറത്ത് ഹ്യൂണ്ടായിയുടെ കാർ ഫാക്ടറി നിർമ്മിക്കാം എന്നൊന്നും എൻ്റെ വാഗ്ദാനമല്ലെന്നും എഡിറ്റോറിയലിൻ്റെ ഇടംവലം പരിപാടിയിൽ സംസാരിക്കുമ്പോൾ സുരേഷ് ഗോപി പറഞ്ഞു.
ഞാനൊരിക്കലും രാഷ്ട്രീയത്തിലേക്ക് വരില്ലായിരുന്നു. ചില സാഹചര്യങ്ങൾ മൂലമാണ് ഞാൻ രാഷ്ട്രീയത്തിലെത്തിയത്. അതെന്നെങ്കിലും ഒരു പുസ്തകം എഴുതുമ്പോൾ ഞാൻ പറയാം – സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ –
കഴിഞ്ഞ തവണം ജനം എന്നെ കൈ വിട്ടതിൽ ഞാനവരെ കുറ്റം പറയില്ല. അവർക്ക് എന്നെ അറിയില്ല. കഴിഞ്ഞ പത്ത് വർഷത്തെ എംപിമാരുടെ പ്രവർത്തനം ജനം വിലയിരുത്തട്ടെ.. എന്നിട്ട് മാറ്റം ആഗ്രഹിക്കുന്നുണ്ടോ.. എങ്കിൽ ആ മാറ്റം വലിയതോതിൽ തൃശ്ശൂരിൽ കൊണ്ടു വരാനാവും എന്ന എൻ്റെ ആത്മവിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. തൃശ്ശൂരിന് വേണ്ടിയാണ് ഞാൻ വന്നത്. എന്നാൽ അന്നത് സാധ്യമായില്ല. പക്ഷേ പിന്നെ ഞാൻ തൃശ്ശൂർ വിട്ടു പോയിട്ടില്ല. തിരുവനന്തപുരത്ത് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംപിയേക്കാൾ കൂടുതൽ അവിടെ ഞാൻ ഇടപെട്ടിട്ടുണ്ട്. അക്കാര്യത്തിൽ തിരുവനന്തപുരം എംപിക്ക് പോലും വേറെ അഭിപ്രായമില്ല. എന്നിട്ടും ഒരു വെല്ലുവിളി പോലെ പാർട്ടിയെന്നെ തൃശ്ശൂർ ഏൽപിച്ചപ്പോൾ തൃശ്ശൂരിന് വേണ്ടി ഞാൻ നിന്നു.
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പോലുള്ള ക്ഷേമപദ്ധതികൾ അംഗനവാടി ടീച്ചർമാർക്കും ആശാ വർക്കർമാർക്കും കിട്ടണം. ഇതോടൊപ്പം കൂടുതൽ വിദേശനിക്ഷേപം ഇവിടെ വരണം. സമൂഹമാധ്യമങ്ങളിൽ വരുന്ന ട്രോളുകളും പരിഹാസങ്ങളും എന്നെ വളർത്തിയിട്ടേയുള്ളൂ. ഇവിടുത്തെ ജനങ്ങൾക്ക് അതറിയാം. രാഷ്ട്രീയത്തിൽ വന്നത് കൊണ്ട് എൻ്റെ ആരാധകർ എന്നെ കൈവിട്ടു എന്നു തോന്നിയിട്ടില്ല. എന്നെ ഇഷ്ടപ്പെട്ടു എന്നു വച്ച് എൻ്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കണം എന്ന് എനിക്കില്ല. അതവരോടും ഞാൻ പറഞ്ഞിട്ടുണ്ട്. അവർക്കെല്ലാം സ്വന്തം രാഷ്ട്രീയത്തിൽ ഉറച്ചു നിൽക്കാം. പ്രചരണത്തിന് പോലും വരരുത് എന്നാണ് അവരോട് പറഞ്ഞിട്ടുള്ളത്.
മോദിയൊരു ഭരണസംവിധാനമാണ്. അതിനൊരു മികവുണ്ട്. മാറ്റം കൊണ്ടു വന്ന ഭരണസമ്പ്രദായമാണത്. ഇന്ദിരാഗാന്ധിക്കും നരസിംഹറാവുവിനും വാജ്പേയിക്കുമുള്ള ഭരണനൈപുണ്യം മോദിക്കുണ്ട്. എന്നാൽ അതിൻ്റെയൊന്നും ഗുണഫലം ഇവിടുത്തെ ജനങ്ങൾക്ക് കിട്ടിയില്ല.
കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കാൻ നൂറ് കോടി ചിലവുണ്ട് എന്ന് നിതിൻ ഗഡ്കരി പാർലമെന്റിൽ പറഞ്ഞു. ഇതേ സ്ഥാനത്ത് തമിഴ്നാട്ടിൽ നാൽപ്പത് കോടിയും ഉത്തർപ്രദേശിൽ 15 കോടിയും മതി. അതിനാൽ ദേശീയപാത നിർമ്മാണത്തിൽ 25 ശതമാനം ചിലവ് വഹിക്കാൻ തയ്യാറാവണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതേക്കാര്യം ഞാൻ കേരളത്തിൽ വന്നു പറഞ്ഞപ്പോൾ അതിനെതിരെ ക്യാപ്സൂൾ ആക്രമണമായിരുന്നു.