ദുബായ്: സൂപ്പർസ്റ്റാർ രജനീകാന്തിന് ഗോൾഡൻ വിസ സമ്മാനിച്ച് യുഎഇ ഭരണകൂടം. അബുദാബിയിലെ ഡി.സി.ടി (കൾച്ചർ ആൻഡ് ടൂറിസം വകുപ്പ്) ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെൻ്റ് കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് (ഡി.സി.ടി) ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് രജനീകാന്തിന് പാസ്പോർട്ട് സമ്മാനിച്ചു.
അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി രജനീകാന്തിനൊപ്പമുണ്ടായിരുന്നു. മറ്റു ഉന്നത ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പിലെ വി.നന്ദകുമാർ, രജിത്ത് രാധാകൃഷ്ണൻ, ബിജു കൊട്ടാരത്തിൽ സന്നിഹിതരായിരുന്നു.
“അബുദാബി സർക്കാരിൽ നിന്ന് യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. അബുദാബി സർക്കാരിന് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി. ഗോൾഡൻ വിസ ലഭിക്കാൻ എല്ലാ പിന്തുണയും സഹായവും ചെയ്ത എൻ്റെ സുഹൃത്തും ലുലു ഗ്രൂപ്പ് സിഎംഡിയുമായ യൂസഫലിക്കും പ്രത്യേകം നന്ദി – ഗോൾഡൻ വിസ ഏറ്റുവാങ്ങിക്കൊണ്ട് രജനീകാന്ത് പറഞ്ഞു.
ക്യാബിനറ്റ് അംഗവും യുഎഇ സഹിഷ്ണുതാ മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെയും സൂപ്പർ താരം അബുദാബിയിലെ കൊട്ടാരത്തിലെത്തി സന്ദർശിച്ചു. വിശ്വപ്രസിദ്ധമായ അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിലും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലും അദ്ദേഹം സന്ദർശനം നടത്തി.
പുതിയ ചിത്രമായ വേട്ടയാൻ്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് രജനികാന്ത് അബുദാബിയിലെത്തിയത്. അടുത്തിടെ, അബുദാബിയിലെ റോൾസ് റോയ്സിൽ യൂസഫലിയോടൊപ്പം രജനി യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.