വിവാഹം ഉറപ്പിക്കുന്നതിന് യുവാവിന്റെ വീട്ടുകാര്‍ ചോദിച്ചത് ഭീമമായ സ്ത്രീധനമെന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ കുടുംബം. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.
ആത്മഹത്യയ്ക്ക് പിന്നില്‍ വിവാഹം നിശ്ചയിച്ച യുവാവ് സ്ത്രീധനത്തിന്റെ പേരില്‍ പിന്മാറിയതിലുണ്ടായ മനോവിഷമമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഷഹ്നയും സുഹൃത്തും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത് 150 പവന് സ്വര്‍ണവും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമാണെന്ന് ഷഹനയുടെ വീട്ടുകാര്‍ പറയുന്നു.
ഇത്രയും ഭീമമായ സ്ത്രീധനം നല്കാന് ഷഹനയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത് ഷഹനയെ മാനസികമായി അലട്ടിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹന. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ പിജിയും പൂര്‍ത്തിയാക്കി. എന്നാല്‍ രണ്ട് വര്‍ഷം മുമ്പാണ് പിതാവ് അബ്ദുള്‍ അസീസ് മരിച്ചത്. ഇതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലുമായി.