തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഈ മാസം വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ഡിജിപിയെ കണ്ടെത്താനുള്ള നിർണായക യോഗം നാളെ ദില്ലിയിൽ ചേരും. യോഗത്തിൽ കേരളം നൽകിയ എട്ട് പേരുടെ പട്ടികയിൽ നിന്നും മൂന്ന് പേരുടെ പേരുകൾ ഉന്നതതലയോഗം നിർദേശിക്കും. ഈ മൂന്ന് പേരിൽ ഒരാളെ അടുത്ത സംസ്ഥാന പൊലീസ് മേധാവിയായി കേരള സർക്കാരിന് തെരഞ്ഞെടുക്കാം. ഡിജിപിയെ കൂടാതെ ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30-ന് വിരമിക്കുകയാണ്.

ലോക്നാഥ് ബെഹ്റ വിരമിച്ച ശേഷം തീർത്തും അപ്രതീക്ഷിതമായാണ് അനിൽ കാന്ത് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. വിരമിക്കാൻ ആറ് മാസം ബാക്കി നിൽക്കുമ്പോൾ ആണ് അനിൽകാന്ത് പൊലീസ് മേധാവിയായത്. ഇതോടെ അദ്ദേഹത്തിന് രണ്ട് വർഷം കൂടി സർവ്വീസ് നീട്ടിക്കിട്ടി.

നിലവിൽ കേരള കേഡറിലെ ഡിജിപിമാരായ നിതിൻ അഗർവാൾ, കെ.പത്മകുമാർ, ,ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്നുപേർ. ബിഎസ്എഫ് ഡയറക്ടർ ജനറലായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള നിതിൻ അഗർവാൾ സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലെന്നാണ് സൂചന. ഉന്നതതല സമിതിയെ ഇക്കാര്യം നിതിൻ അഗർവാൾ അറിയിക്കുമെന്ന് അറിയുന്നു. പട്ടികയിൽ നാലാമതുളള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. അദ്ദേഹവും കേരളത്തിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ സഞ്ജീവ് കുമാർ പട്ജോഷിയുടെ പേര് സമിതിക്ക് പരിഗണിക്കാം.
നിലവിൽ ജയിൽ മേധാവിയായ കെ.പത്കുമാർ, ഫയഫോഴ്സ് മേധാവിയായ ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾ അടുത്ത പൊലീസ് മേധാവിയാകാനാണ് സാധ്യത. രണ്ടുപേർക്കും രണ്ടു വർഷം സർവ്വീസും ബാക്കിയുണ്ട്. ഇവരുടെ സർവ്വീസ് റിപ്പോർട്ടിൽ ഗുരുതര പ്രശ്നങ്ങളൊന്നുമില്ല എന്നതിനാൽ ഇവരുടെ പേരുകൾ കേന്ദ്രത്തിൻ്റെ പട്ടികയിലുണ്ട്. കഴിഞ്ഞ പ്രാവശ്യം അയച്ച പട്ടികയിൽ നിന്നും ടോമിൻ തച്ചങ്കരിയെ കേന്ദ്രം ഒഴിവാക്കിയിരുന്നു.
യുപിഎസ്സി ചെയർമാൻ, കേന്ദ്രസർക്കാർ പ്രതിനിധി, ഐബി ജോയിന്റ് ഡയറക്ടർ, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവടങ്ങുന്ന സമിതിയാണ് പുതിയ പാനൽ തയ്യാറാക്കുക. ചീഫ് സെക്രട്ടറി വി.പി ജോയ് സ്ഥാനമൊഴിയുമ്പോൾ ആഭ്യന്തര സെക്രട്ടറി ഡോ.വേണുവിനാണ് സീനിയോററ്റി അനുസരിച്ച് അടുത്ത സാധ്യത. ഡോ.വേണുവിനേക്കാൾ സീനിയോറിറ്റിയുള്ള മനോജ് ജോഷി, ആർകെ സിംഗ്, ഗ്യാനേഷ് കുമാർ എന്നിവർ നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാമ് ഇവരാരും സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിവരാൻ തയ്യാറല്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങളുടെ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി വി.പി ജോയിയെ സർക്കാർ നിയമിക്കാൻ സാധ്യതയുണ്ട്
