അതിമനോഹരമായ ഒരു ക്രിക്കറ്റ് കരിയറിന് തിരശീല വീണു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഇംഗ്ലണ്ട് താരം സ്റ്റുവർട് ബ്രോഡ് പടിയിറങ്ങി. നീണ്ട 16 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ നിന്നും ബ്രോഡ് വിരമിച്ചപ്പോൾ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച വിട വാങ്ങൽ മത്സരത്തിനായിരുന്നു ‘ഓവൽ’ സാക്ഷ്യം വഹിച്ചത്. അവസാന മത്സരത്തിൽ നേരിട്ട അവസാന പന്ത് സിക്സിറിനു പറത്തിയും എറിഞ്ഞ അവസാന ബോളിൽ വിക്കറ്റ് എടുത്തും ടീമിനെ വിജയത്തിലേക്ക് നയിച്ചായിരുന്നു സ്വപ്നതുല്യമായ ആ വിടവാങ്ങൽ.
സ്റ്റുവർട് ബ്രോഡിനെ ഇന്ത്യൻ ആരാധകർക്ക് ഒരിക്കലും മറക്കാനാവില്ല. 2007 ടി20 ലോകകപ്പിൽ യുവരാജ് സിങ് ഒരു ഓവറിലെ 6 ബോളുകളും സിക്സിറിനു പറത്തിയപ്പോൾ വിളറി വെളുത്ത മുഖവുമായി തരിച്ചു നിന്ന 23 കാരൻ റൈറ്റ് ആം പേസ് ബൗളറുടെ മുഖം എങ്ങനെ മറക്കാനാകും? പക്ഷെ തല്ല് വാങ്ങിക്കൂട്ടിയ ആ പയ്യൻ പിന്നീട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബൗളിംഗ് നിരയുടെ നട്ടെല്ലാകുന്ന കാഴ്ചയാണ് കണ്ടത്. 6 സിക്സറുകളിൽ നിന്നും 600 വിക്കറ്റുകൾ പിഴുതെടുത്ത അവിസ്മരണീയ കരിയർ! സ്റ്റുവർട് ബ്രോഡ് ന് മുൻപ് ജെയിംസ് ആൻഡേഴ്സൺ മാത്രമായിരുന്നു ഇംഗ്ലണ്ട് നിരയിൽ ഈ നേട്ടത്തിന് അർഹനായത്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ പിഴുതെടുത്ത രണ്ടാമത്തെ പേസ് ബൗളർ കൂടിയാണ് താരം.
2006 ,ആഗസ്റ്റിലായിരുന്നു ബ്രോഡ് ഇംഗ്ലണ്ടിന്റെ ജേഴ്സിയണിയുന്നത്. പാക്കിസ്ഥാനെതിരായ t20 മത്സരത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് ഏകദിന ടീമുകളിലും ടെസ്റ്റ് ടീമുകളിലും ഇടം പിടിച്ചു. അത്ഭുതകരമായ ബോളിങ് മികവിലൂടെ ക്രിക്കറ്റ് ലോകത്ത് തന്റെ സാന്നിധ്യമറിയിച്ച ബ്രോഡിന്റെ വളർച്ച പ്രശംസനീയം തന്നെയായിരുന്നു. ബ്രോഡ് എന്ന പേസ് ബൗളറെ ഏറ്റവും അപകടകാരിയായി കണ്ടത് ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു. അതുകൊണ്ട് തന്നെ 2014 ൽ ടി20 യും 2016 ൽ ഏകദിനവും മതിയാക്കി ബ്രോഡ് ടെസ്റ്റിൽ മാത്രം പൂർണ്ണ ശ്രദ്ധ ചെലുത്തി. ചുവന്ന പന്തുകൾ അത്രമേൽ അയാൾക്ക് വഴങ്ങിയിരുന്നു.
വിരമിക്കൽ ആശംസകൾ നേർന്ന് യുവരാജ് സിങ് കുറിച്ച വരികളും അങ്ങനെ തന്നെയായിരുന്നു. ‘ഏറ്റവും അപകടകാരിയായ റെഡ് ബോൾ ബോളർമാരിലൊരാൾ’
View this post on Instagram
അവസാനമായി കളിക്കളത്തിൽ ബാറ്റിങ്ങിനിറങ്ങിയ ബ്രോഡിനെ എതിർ ടീമായ ഓസ്ട്രേലിയ ‘ഗാർഡ് ഓഫ് ഹോണർ ‘ നൽകി ആദരിച്ചപ്പോൾ എല്ലാ ക്രിക്കറ്റ് പ്രേമികളും മനസ്സിൽ ആ നിമിഷം കുറിച്ചിരിക്കണം. ക്രിക്കറ്റിനെ മനോഹരമാക്കിയ കാലഘട്ടത്തിൽ നിന്നും ഒരു പടിയിറക്കം കൂടി!