തനിഷ്ക് മിഡിൽ ഈസ്റ്റും എഡിറ്റോറിയലും ചേർന്ന് സംഘടിപ്പിക്കുന്ന മാ കോണ്ടസ്റ്റിലെ അഞ്ച് ജേതാക്കളിൽ ഒരാളാണ് എറണാകുളം സ്വദേശിനി ഉഷ ബി നായർ. ഉഷയുടെ മകൾ ശ്രീലക്ഷ്മി കോണ്ടസ്റ്റിൽ പങ്കെടുത്ത് അയച്ച കത്താണ് നാട്ടിൽ നിന്നും യുഎഇയിലേക്ക് കൊണ്ടുപോകാനായി തെരഞ്ഞെടുത്ത അഞ്ച് പേരിൽ ഒരാളായി ഉഷയെ മാറ്റിയത്. ഇതായിരുന്നു ശ്രീലക്ഷ്മി ഞങ്ങൾക്ക് അയച്ച കത്ത്.
എന്റെ പേര് ശ്രീലക്ഷ്മി , ഞാൻ എറണാകുളം സ്വദേശിയാണ്
എന്റെ അമ്മ, ഉഷ. ബി. നായർ. ജീവിതത്തിൽ പോരാടി വിജയിക്കേണ്ടത് എങ്ങനെ എന്ന് ജീവിച്ചു കാണിച്ച വ്യക്തി 32 വയസ്സിൽ വിധവ ആകേണ്ടി വന്ന ഒരു സ്ത്രീ , കയ്യിൽ രണ്ട് 2.5 വയസും 6 മാസവും മാത്രം പ്രായമുള്ള 2 പെൺകുഞ്ഞുങ്ങളും.
ഭർത്താവിന്റെ വീട്ടിൽ നിന്ന് മറ്റു സഹോദങ്ങൾക്ക് ബാധ്യത ആവും എന്ന് പറഞ്ഞു ഇറക്കി വിടുന്നു. സ്വന്തം സഹോദരങ്ങളുടെയും അമ്മയുടെയും അരുകിൽ ആശ്രയം ചോദിച്ചു ചെന്നപ്പോഴും അതേ അവസ്ഥ. ഒടുവിൽ അമ്മമ്മയുടെ കാരുണ്യം കൊണ്ട് കിടക്കാൻ ഇടം കിട്ടി.അതു കൊണ്ടായില്ലല്ലോ. പലയിടത്ത് നിന്നും കുത്തുവാക്കുകളും ഒറ്റപ്പെടുത്തലും വന്ന് തുടങ്ങിയതോടെ അമ്മ ആകെ അറിയുന്ന തയ്യൽ തൊഴിലായി സ്വീകരിച്ചു.
തുച്ഛമായ വരുമാനത്തിന് ഞങ്ങളെ രണ്ടാളെയും പഠിപ്പിച്ചു. ആരിൽ നിന്നും ഒന്നും മേടിച്ചു ജീവിക്കരുതെന്നും സ്വയം അധ്വാനിച്ചു ജീവിക്കുന്നതാണ് മഹത്വമെന്നും ഞങ്ങളുടെ അമ്മ ആണ് പഠിപ്പിച്ചത്. ഉള്ള വരുമാനം കൊണ്ട് ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം തന്നെ നേടി തന്നു.ഞാൻ ഇന്ന് ദുബായ് കമ്പനിയിൽ ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ആയും സ്വന്തം നിലക്ക് ചെറിയ ബിസിനസ് ചെയുകയും ചെയുന്നു. അനുജത്തി കേരള ഹൈകോർട്ടിൽ അറിയപ്പെടുന്ന വക്കീൽ ആയി പ്രാക്ടീസ് ചെയ്യുന്നു.
ഇത്രയൊക്കെ ബുദ്ധിമുട്ട് ജീവിതത്തിൽ അനുഭവിച്ചിട്ടും പലപ്പോളും മുന്നോട്ട് എന്തെന്ന് അറിയാതെ പകച്ചു നിന്നപ്പോളും അമ്മ ഒരിക്കൽ പോലും മരണത്തെ കുറിച് ചിന്തിച്ചിട്ടില്ല, ഇന്ന് ഞാൻ വൈധവ്യം അനുഭവിക്കുമ്പോളും എനിക്ക് ജീവിക്കാൻ പ്രചോദനമായി ഉദാഹരണമായി എന്റെ അമ്മ മുന്നിൽ ഉണ്ട്. ഞാൻ സ്ട്രോങ്ങ് ആണെങ്കിൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു, എന്റെ അമ്മ
ഇതാണ് കീറിപ്പോയൊരു ജീവിതത്തെ അധ്വാനം കൊണ്ട് തുന്നിക്കൂട്ടിയ ഉഷ എന്ന വീട്ടമ്മയുടെ അസാധാരണ ജീവിതക്കഥ. മാ കോണ്ടസ്റ്റിൽ വിജയിയായതിന് പിന്നാലെ ഞങ്ങളോട് സംസാരിച്ചപ്പോൾ ഉഷ പറഞ്ഞ ഒരു കാര്യം ഏറെ ശ്രദ്ധേയമാണ് – ഏത് പ്രതിസന്ധിയിലും നമ്മൾ തളരരുത്, തകരരുത്. മക്കൾക്കായി ജീവിക്കണം.
View this post on Instagram
അസാധാരണ പ്രതിസന്ധികളിൽ ഉലയാതെ ഉടയാതെ പോരാടുകയും സ്വന്തം മക്കൾക്ക് തണലായി മാറുകയും ചെയ്ത അമ്മമാരെ കണ്ടെത്താനും യുഎഇയിൽ കൊണ്ടു വന്ന് അവരെ ആദരിക്കാനുമാണ് മാ എന്ന പരിപാടി എഡിറ്റോറിയലും തനിഷ്ക് മിഡിൽ ഈസ്റ്റും ചേർന്ന് സംഘടിപ്പിച്ചത്. ജീവിതം മാറ്റിമറിച്ച പല ദുരന്തങ്ങളും സംഭവങ്ങളും അരങ്ങേറിയിട്ടും സ്വന്തം മക്കൾക്കായി ജീവിക്കുകയും അവരെ കര കയറ്റുകയും ചെയ്ത നിരവധി അമ്മമാരെ ഈ യാത്രയിൽ ഞങ്ങൾക്ക് കണ്ടെത്താനായി. അവരിൽ ഏറ്റവും അനുയോജ്യർ എന്ന് കരുതുന്ന അഞ്ച് പേരാണ് മാ കോണ്ടസ്റ്രിൻ്റെ ഭാഗമായി യുഎഇയിലേക്ക് വരുന്നത്.