ജന്മനാ കാഴ്ചയില്ലാത്ത ഇരട്ടസഹോദരിമാർ… എന്നാൽ പരിമിതകളിൽ പരാതി പറയാതെ അവർ ജീവിതത്തിൽ പൊരുതി മുന്നേറുന്ന അസാധാരണ കഥയാണ് എബിസി കാർഗോ യൂണീബ്രിഡ്ജ് വേദിയിൽ എത്തിയ മലപ്പുറം കാടാമ്പുഴ സ്വദേശികളായ ഹബയ്ക്കും ഹിബയ്ക്കും പറയാനുള്ളത്.
മലപ്പുറം കാടാമ്പുഴ സ്വദേശികളായ അബ്ദുൾ കരീമിൻറെയും സക്കീനയുടെയും കൺമണികളായിരുന്നു അവർ. ഒരു മകന് ശേഷം ജനിച്ച പെണ്‍കുട്ടികൾക്ക് ജന്മനാ കാഴ്ചയില്ലെന്ന സത്യം പ്രവാസിയായ പിതാവിൻറെ ഉള്ളുലച്ചെങ്കിലും മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക മാത്രമായിരുന്നു മാതാപിതാക്കളുടെ ലക്ഷ്യം. മലപ്പുറത്തെ കൂട്ടുകുടുംബത്തിൻറെ തണലിൽ അങ്ങനെ രണ്ടാളും വളർന്നു
പഠിക്കാനും പാടാനും കാര്യങ്ങൾ ഗ്രഹിക്കാനും ഇരുവരും ഒന്നിനൊന്ന് മെച്ചം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം തരം വരെ പരസ്പരം താങ്ങായി നടന്ന സഹോദരിമാർ ഡിഗ്രിക്ക് ചേരാൻ സമയമായപ്പോൾ പിരിയാൻ തീരുമാനിച്ചു. അങ്ങനെ ഹബ കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലും ഹിബ മലപ്പുറം സര്‍ക്കാര്‍ കോളേജിലും ബി. എ മലയാളം കോഴ്സിന് ചേർന്നു. താമസം വീട്ടിൽ നിന്നും മാറി ഹോസ്റ്റലിലേക്ക് ആക്കി.
കൂട്ടുകൂടാൻ ആരും വന്നില്ലെങ്കിലും ഇവിടെ അതൊന്നുമൊരു പ്രശ്നമല്ല. അങ്ങോട്ട് ചെന്ന് ഇടിച്ചുകയറി വൈബാക്കണം അതാണ് ഹിബ-ഹബമാരുടെ പോളിസി. ഇല്ലായ്മകളിൽ, കുറവുകളിൽ പരാതി പറഞ്ഞിരിക്കുന്നവർക്ക് മുന്നിലേക്ക് വയ്ക്കാൻ ഇതിലും വലിയ മാതൃകയില്ല. എബിസി കാർഗോ യൂണീബ്രിഡ്ജിലൂടെ എഡിറ്റോറിയൽ ഈ സഹോദരിമാർക്ക് കൈപിടിക്കുമ്പോൾ വേദിയിലും സദസ്സിലുമുണ്ടായിരുന്ന എല്ലാവരുടേയും ഹൃദയം നിറഞ്ഞു.