പതിനഞ്ച് വർഷം മുൻപത്തെ കഥയാണ്… കോഴിക്കോട് ആകാശവാണിയിലേക്ക് ദിവസവും പാട്ട് ആവശ്യപ്പെട്ട് കൊണ്ട് ഒരു വിളി വരും. മലപ്പുറം പുതിയേടത്തുകാരി ബിന്ദുവായിരുന്നു പാട്ട് തേടി വിളിച്ചു കൊണ്ടിരുന്നയാൾ. സെറിബ്രൽ പാൾസി ബാധിച്ച് അരയ്ക്ക് താഴെ തളർന്ന ബിന്ദുവിന് വീടിന് പുറത്തുള്ള ലോകവും ജീവിതവും അന്യമായിരുന്നു. ആ വിരസജീവിതത്തിൽ ആകെ ആശ്വാസമായിരുന്നു ആകാശവാണിയിലെ പാട്ടുകൾ.
ആകാശവാണിയിലെ പ്രിയഗീതത്തിലേക്ക് പാട്ട് ആവശ്യപ്പെട്ട് ബിന്ദു ദിവസവും വിളിക്കും. അന്ന് ആകാശവാണിയിലെ പ്രൊഡക്ഷൻ റൂമിൽ താത്കാലിക ജീവനക്കാരനായിരുന്നു മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ സജീഷ്. പരിപാടിയിലേക്ക് എത്തുന്ന കോളുകൾ ആദ്യം അറ്റൻഡ് ചെയ്യുന്ന സജീഷാണ് പിന്നീടാണ് അവതാരകർക്ക് കണക്ട് ചെയ്യുക. സ്ഥിരമായി വിളിക്കുന്ന ബിന്ദുവും കോൾ അറ്റൻഡ് ചെയ്യുന്ന സജീഷും അങ്ങനെ സൗഹൃദത്തിലായി.
നമ്മുക്ക് വേറെ പരിപാടിയൊന്നുമിലല്ലോ, വീടിനകത്ത് നാല് ചുവരുകൾക്കുള്ളിൽ അല്ലേ? ആകെ ആശ്വാസം റേഡിയോയിലെ പാട്ടായിരുന്നു അങ്ങനെയാണ് ലൈവ് ഷോയിലേക്ക് വിളിച്ച് പാട്ട് ആവശ്യപ്പെടാൻ തുടങ്ങിയത്. അങ്ങനെ ശബ്ദം കേട്ടാണ് പരിചയപ്പെട്ടത് – ബിന്ദു പറയുന്നു.
ബിന്ദുവിൻ്റേയും സജീഷിൻ്റേയും സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറി. ആകാശവാണിയിലെ താത്കാലിക ജോലി രാജിവച്ച് അതിനോടകം സജീഷ് നാട്ടിൽ തെങ്ങുകയറ്റമടക്കം പല ജോലികൾക്കും പോയി തുടങ്ങി. വീട്ടുകാരറിയാതെ ബിന്ദുവിനെ സജീഷ് ചികിത്സിക്കാൻ ആരംഭിച്ചു. അരയ്ക്ക് താഴെ തളർന്ന് വീടിനകത്ത് ഇഴഞ്ഞു നടന്ന ബിന്ദു നിരന്തരമായ ചികിത്സയ്ക്കും ഫിസിയോ തെറാപ്പിക്കും ശേഷം സജീഷിൻ്റെ കൈപ്പിടിച്ചു നടക്കാൻ തുടങ്ങി.
എന്നാൽ ബിന്ദുവിൻ്റെ പ്രണയം വീട്ടിലറിഞ്ഞതോടെ കഥ മാറി. താഴ്ന്ന ജാതിക്കാരനുമായുള്ള മകളുടെ ബന്ധം ബിന്ദുവിൻ്റെ വീട്ടുകാർക്ക് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. വീട് വിട്ടു പോകാൻ ബിന്ദുവിന് വീട്ടുകാർ വിലക്കേർപ്പെടുത്തി. പരസ്പരം കാണാതെയും കേൾക്കാതെയും ഒന്നും അറിയാതെയും സജീഷും ബിന്ദുവും ജീവിച്ചു.
യാതൊരു കോണ്ടാക്ടുമില്ലാതെ അഞ്ച് വർഷം ഞങ്ങൾ ജീവിച്ചു. ഞാൻ അതിനോടകം നാട് വിട്ടു, പിന്നെ തിരിച്ചു വന്നപ്പോൾ ആണ് ബിന്ദുവിൻ്രെ വിവാഹം കഴിഞ്ഞില്ല എന്നറിഞ്ഞത്. പെട്ടെന്നൊരു ദിവസം ഞങ്ങൾ പിരിഞ്ഞതല്ലേ എങ്ങനെ അവളുടെ മുന്നിൽ പോയി നിൽക്കും എന്നറിയില്ലായിരുന്നു – സജീഷ് പറയുന്നു.
ബിന്ദുവിൻ്റെ പ്രണയത്തിന് ഏറ്റവും കൂടുതൽ എതിർപ്പ് ഉയർത്തിയ അച്ഛൻ അതിനിടെ മരിച്ചു. എന്നാൽ ബാക്കി കുടുംബാംഗങ്ങൾ അപ്പോഴും ബന്ധത്തെ പിന്തുണച്ചില്ല. എങ്കിലും ബിന്ദുവും സജീഷും വീണ്ടും കണ്ടുമുട്ടി. സജീഷിൻ്റെ താങ്ങിൽ ബിന്ദു വീണ്ടും ജീവിതത്തിൽ ചുവടുകൾ വച്ചു തുടങ്ങി. സജീഷിന് കൊണ്ടു പോകാൻ പറ്റുന്ന ദൂരത്തിലൊക്കെ അവർ പോയി തുടങ്ങി. അങ്ങനെ മിനി ഊട്ടിയിലും കോഴിക്കോട് കടപ്പുറത്തും ബിന്ദു സജീഷിൻ്റെ താങ്ങിലെത്തി.
എതിർപ്പുകൾ പലതുണ്ടെങ്കിലും ഒടുവിൽ ഒന്നിക്കാൻ ബിന്ദുവും സജീഷും തീരുമാനിച്ചു. പക്ഷേ അതെങ്ങനെ എന്നൊരു ചോദ്യത്തിന് മുന്നിൽ നിൽക്കുമ്പോൾ ആണ് എഡിറ്റോറിയൽ മാംഗല്യം അവരുടെ ശ്രദ്ധയിലേക്ക് എത്തുന്നത്.
അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന മാംഗല്യം ചടങ്ങിൽ ബിന്ദുവും സജീഷും പുതുജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കും. ഇവരുടെ മുന്നോട്ടുള്ള ജീവിതത്തിന് വേണ്ട പിന്തുണ മാംഗല്യം പരിപാടിയുടെ സ്പോണ്സറായ ട്രൂത്ത് ഗ്രൂപ്പ് ഉടമ സമദ് ഉറപ്പ് നൽകിയിട്ടുണ്ട്. ആരുടേയും പിന്തുണയില്ലാതെ പ്രണയകടൽ താണ്ടിയ സജീഷിനും അവൻ്റെ കൈതാങ്ങിൽ നടന്നു തുടങ്ങുന്ന ബിന്ദുവിനും ഇപ്പോൾ സ്വപ്നം കാണുകയാണ്… മാംഗല്യത്തിൻ്റെ സ്നേഹതീരത്ത് പുതിയൊരു ജീവിതം.