മൂന്നാം വയസ്സിൽ വയനാട്ടിലുണ്ടായ ഒരു മലവെള്ളപ്പാച്ചിലിൽ മുങ്ങിപ്പോയപ്പോൾ മാറിമറിഞ്ഞതാണ് അസ്മത്തിൻ്റെ ജീവിതം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ അസ്മതിനെ രക്ഷിക്കാൻ ഡോക്ടർ നൽകിയ കുത്തിവയ്പ്പ് വിപരീത ഫലമാണ് ഉണ്ടാക്കിയത്. പാതിശരീരം തളർന്ന് അസ്മത്ത് കിടപ്പിലായി. ഡോക്ടറുടെ കൈപ്പിഴയിൽ പിന്നെ അസ്മത്തിൻ്റെ ജീവിതം വീൽചെയറിലായി.
അസ്മത്തിൻ്റ ചേച്ചിയുടേയും അനിയത്തിയുടേയും വിവാഹം ഇതിനിടെ കഴിഞ്ഞു. അസ്മത്ത് അപ്പോഴും വീട്ടിലൊതുങ്ങി. അസ്മത്തിനെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അസ്മത്തിൻ്റെ പിതാവ് ഓട്ടോറിക്ഷാ തൊഴിലാളിയായ ബഷീറും മാതാവ് സുഹൈറയും.
എന്തായാലും കാത്തിരിപ്പിനൊടുവിൽ അസ്മത്തിന് തുണയായും തണലായും ചെക്കനെത്തി. കാസർകോട് പെരിയ സ്വദേശി മുഹമ്മദ് അഷ്റഫ്.
അങ്ങനെയൊരു കുട്ടിയെ കല്ല്യാണം കഴിക്കാം എന്നല്ലാ ഞാൻ കരുതിയത്. എനിക്ക് മനസ്സിലാവുന്ന, എനിക്ക് മനസ്സിലാവുന്ന ഒരു കുട്ടി എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ. ഞങ്ങളൊരുപാട് സംസാരിച്ചു. ഇങ്ങനെയൊരാളെ വിവാഹം ചെയ്യും മുൻപ് നമ്മളും കാര്യമായി ആലോചിക്കണമല്ലോ. ഒരുപാട് കാലം സംസാരിച്ച് പരസ്പരം മനസ്സിലാക്കിയ ശേഷമാണ് ഞങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചത് – അഷ്റഫ് പറയുന്നു.
അഷ്റഫും അസ്മത്തിനും ഒന്നിക്കാനുള്ള വേദി കൂടിയാണ് ട്രൂത്ത് ഗ്ലോബലും എഡിറ്റോറിയലും ചേർന്ന് സംഘടിപ്പിക്കുന്ന മാംഗല്യം. ശാരീരിക വെല്ലുവിളി നേരിടുന്നവരും ബുദ്ധിവളർച്ച കുറഞ്ഞവരുമായ ഒൻപത് പെണ്‍കുട്ടികളും കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പത്ത് പെണ്‍കുട്ടികളും അങ്ങനെ ആകെ 19 പേരാണ് ഈ മാസം കൊച്ചിയിൽ നടക്കുന്ന മാംഗല്യം ചടങ്ങിൽ ഒന്നിക്കുന്നത്.