നവോത്ഥാന നായകന് ശ്രീനാരായണഗുരുവിന്റെ 168-ാം ജയന്തിദിനാണ് ഇന്ന്. ജാതിയുടേയും മതത്തിന്റേയും വിവേചനം മറികടക്കാൻ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ ജന്മദിനം കേരളത്തിൽ വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. ആഘോഷങ്ങളിലൂടെ കടന്നു പോകുമ്പോഴും നാം എത്രമാത്രം പ്രബുദ്ധരായി എന്നുകൂടി ഓർക്കേണ്ട ദിനമാണ് ഇന്ന്. സവർണരുടെ അടിമയായി യാതൊരു അർഥവും ഇല്ലാതെ ജീവിച്ചിരുന്ന ഒരു വലിയ വിഭാഗത്തെ മുഖ്യധാരയിലേക്ക് കണ്ടുവരാനും അവരിൽ അറിവിന്റെ വെളിച്ചം പകരാനും ശ്രീനാരായണ ഗുരുവിനായി. ആ വിപ്ലവത്തിന്റെ സ്വാതന്ത്ര്യമാണ് ഇന്നത്തെ ഈ ആഘോഷങ്ങളെല്ലാം.
ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാനും പരസ്പര സഹകരണത്തിലൂടെ മുന്നേറാനും ഒരു ജനതയെ ഉപദേശിച്ചു. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്കി മുഖ്യധാരയിലേക്കുയര്ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്. വിദ്യയിലൂടെ മാത്രമേ നവോത്ഥാനം പ്രാപ്യമാക്കാന്‍ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ണര്‍ക്കായി വിദ്യാലയങ്ങള്‍ തുറന്നു. ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുക’ എന്ന് സമൂഹത്തോടായി ശ്രീനാരായണഗുരു പറഞ്ഞു. തന്റെ സാമൂഹിക പരിഷ്കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903 ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യ തിന്മകള്ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
വിദ്യാഭ്യാസവും അടിസ്ഥാന ആവശ്യങ്ങളും ജാതിയുടേയും മതത്തിന്റേയും പേരിൽ ഈ കാലഘട്ടത്തിലും നിഷേധിക്കപ്പെടുന്നുണ്ട്. ഇഷ്ടമുളള ഭക്ഷണവും വസ്ത്രവും ധരിക്കാനുള്ള അവകാശമില്ലാത്തവരുണ്ട്. ദളിതനായതുകൊണ്ട് പഠിക്കാനും പറയാനും ഉള്ള അവകാശമില്ലാത്തവരുണ്ട്. ഇതെല്ലാം ഉറപ്പുവരുത്തുന്ന ഭരണഘടനവരെ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. അന്ന് ഗുരുദേവൻ മുന്നില്‍ക്കണ്ടത് സമൂഹത്തിന്റെ സാഹോദര്യമായിരുന്നു. കാലമിത്രയേറേ കടന്നിട്ടും അതിൽ പ്രകടമായ മാറ്റം കൊണ്ടുവരാനോ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാനോ ഇന്നത്തെ ഭരണാധികാരികൾക്ക് ആവുന്നില്ല. വര്‍ത്തമാന കാലഘട്ടത്തിലെ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഗുരുദേവ ദര്‍ശനങ്ങളെ ആശ്രയിക്കുകയാണ് ഏക പോംവഴി.
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രവും വിദ്യ നഷ്ടപ്പെട്ടവര്‍ക്കായി വിദ്യാലയങ്ങളും ആരംഭിച്ച നവോത്ഥാന നായകൻ തെളിച്ച വഴിയെ നടന്ന മലയാളികളുടെ മനസിൽ നിന്നും പൂർണമായി ജാതീയത ഇന്നും വിട്ടുമാറിയിട്ടില്ല. പണ്ട് പ്രത്യക്ഷമായിരുന്ന വിവേചനങ്ങൾ ഇപ്പോൾ പരോക്ഷമായി എന്നുമാത്രം. കേരളത്തിന്റെ ഉത്സവമായ ഓണം ആഘോഷങ്ങൾക്കിടയിൽ ഗുരു ജയന്തി വരുന്നു എന്നത് ഏറെ പ്രാധന്യമുള്ള കാര്യമാണ്. ഓണം ഐതീഹ്യങ്ങളിലെ വാമനനെയും മഹാബലിയേയും ഓരോ വിഭാഗങ്ങൾ തങ്ങളുടേതാക്കാൻ മത്സരിക്കുകയാണ്. ഓണത്തിനെ മതവൽക്കരിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഗരുവിന്റെ വചനം ഏറെ പ്രസക്തമാവുകയാണ്. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന് പറഞ്ഞുകൊണ്ട് ഗുരു മുന്നോട്ട് വച്ച ആശയം ഇന്നും വിദൂരമാണ്. മതത്തിന്റെ പേരിലുള്ള തർക്കങ്ങൾ നിലനിൽക്കുമ്പോഴും ആഘോഷങ്ങൾക്ക് മലയാളിക്ക് മദ്യം തന്നെ വേണം. ഉത്രാട ദിനത്തിൽ കേരളം കുടിച്ച് വറ്റിച്ചത് 177 കോടി രൂപയുടെ മദ്യമാണ്. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന ഗുരുവിന്റെ വചനവും ഈ ദിനത്തിൽ ഏറെ പ്രസക്തമാവുകയാണ്. മദ്യം വിളമ്പി റെക്കോർഡുകൾ നേടുമ്പോൾ അതിൽ ആഭിമാനിക്കാതെ സംഘടിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം നേടിതന്ന ഗുരുദേവ സ്മൃതികളെ എക്കാലവും കേരളം നന്ദിയോടെ സ്മരിക്കേണ്ടതാണ്.