കണ്ണൂര്‍ തലശ്ശേരി ഇല്ലിക്കുന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് നല്കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ജാതി-മത ഭേദമന്യേ അക്ഷരം കുറിക്കാന്‍ മ്യൂസിയത്തിലേക്ക് ആളുകളെത്തുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.

‘ഗുണ്ടര്‍ട്ട് മ്യൂസിയം സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് വിദ്യാരംഭത്തില്‍ പങ്കെടുക്കുന്നത്. മലയാള ഭാഷയുടെ വളര്‍ത്തച്ഛനാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. ഗുണ്ടര്‍ട്ടിന്റെ മ്യൂസിയം എ ഐ മോഡിലാണ് സെറ്റ് ചെയ്തിട്ടുള്ളത്. ഭാവിയില്‍ ഏറ്റവും കൂടുതല്‍ വിദ്യാരംഭം കുറിക്കുന്ന കേന്ദ്രമായി തലശ്ശേരി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയം മാറും. എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ജാതിക്കും മതത്തിനും വര്‍ണത്തിനും വര്‍ഗത്തിനും അതീതമായി എല്ലാവരും വരുന്നുണ്ട്,’ ഷംസീര്‍ പറഞ്ഞു.

തുഞ്ചന്‍ പറമ്പിലേതിന് സമാനമായി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയവും ഭാവിയില്‍ ആദ്യാക്ഷരം കുറിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി മാറുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനും മ്യൂസിയത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം എഴുതി നല്‍കുന്നുണ്ട്.
