അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമുള്ള ഗായിക കെ എസ് ചിത്രയുടെ ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ ചിത്രയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര് രംഗത്തെത്തിയിരുന്നു. സംഗീത ലോകത്തുനിന്ന് പ്രധാനമായി വന്ന വിമര്‍ശനം ഗായകന് സൂരജ് സന്തോഷിന്റേതായിരുന്നു.
വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു എന്നാണ് സൂരജ് ചിത്രയുടെ പരാമര്‍ശത്തെ കുറിച്ച് പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സൂരജിന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് സൂരജിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൂരജ്. തളരില്ല തളര്‍ത്താന്‍ പറ്റുകയുമില്ല എന്നാണ് സൂരജ് ഫേസ്ബുക്കില്‍ കുറിച്ചത്.
‘കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവസാനമില്ലാത്ത സൈബര്‍ ആക്രമണങ്ങളുടെ ഇരയാണ് ഞാന്‍. മുന്‍പും ഞാനിത് നേരിട്ടിട്ടുണ്ട്. പക്ഷേ ഇത്തവണ അത് കൂടുതല്‍ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഞാന്‍ എന്തായാലും നിയമനടപടി സ്വീകരിക്കും. അതേസമയം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യരുടെ കരുത്തുറ്റ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും പകരുന്നത്. നീതിക്കുവേണ്ടി നിലകൊള്ളുന്ന നിങ്ങള്‍ ഓരോരുത്തരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല. തളര്‍ത്താന്‍ പറ്റുകയും ഇല്ല’- സൂരജ് സന്തോഷ്