സ്ത്രീകള്‍ക്ക് ജോലി സ്ഥലങ്ങളില്‍ ശമ്പളത്തോടുകൂടിയുള്ള ആര്‍ത്തവാവധി അനുവദിക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. അവധി നല്കാന് ആര്‍ത്തവം വൈകല്യമല്ലെന്നും അത് സ്വാഭാവിക പ്രക്രിയയാണെന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്.
രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ ആര്‍ജെഡി അംഗമായ മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആര്‍ത്തവ അവധി നല്‍കുന്നത് സ്ത്രീകളോടുള്ള വിവേചനത്തിന് ഇടയാക്കും. ആര്‍ത്തവമുള്ള സ്ത്രീ എന്ന നിലയ്ക്കാണ് താനിത് പറയുന്നത്. തുല്യ അവസരങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നതടക്കമുള്ള വിഷയങ്ങളാണ് ഉയര്‍ത്തിക്കാണിക്കേണ്ടതെന്നും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആര്‍ത്തവ ശുചിത്വ നയത്തിന്റെ കരട് രൂപീകരിച്ചതായി സ്മൃതി ഇറാനി ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു. 10-19 പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം ഇതിനോടകം തന്നെ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സമൃതി സഭയെ അറിയിച്ചു.