ഈ നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇൻ്റർനെറ്റിനെ ഇളകിമറിച്ച വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ സ്കൈപ്പ് അടച്ചു പൂട്ടുന്നു. മെയ് അഞ്ചോടെ സ്കൈപ്പ് ആപ്പിൻ്റെ പ്രവർത്തനം മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും എന്നാണ് പുറത്തു വരുന്ന വാർത്തകൾ. മുൻകാലത്തെ അത്ര ജനപ്രീതിയില്ലെങ്കിലും 3.6 കോടി ആക്ടീവ് യൂസേഴ്സ് സ്കൈപ്പിനുണ്ട് എന്നാണ് കണക്കുകൾ.
സ്കൈപ്പ് പ്രിവ്യൂവിൻ്റെ പുതിയ പതിപ്പിൽ മെയ് മുതൽ സ്കൈപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമാവില്ല എന്ന സന്ദേശം പരസ്യപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഡാറ്റ മൈക്രോസോഫ്റ്റിൻ്റെ തന്നെ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ ടീമിലേക്ക് മാറ്റാൻ അവസരമൊരുക്കിയിട്ടുണ്ട്.
2003 ൽ ആദ്യമായി സമാരംഭിച്ച സ്കൈപ്പ് എക്കാലത്തെയും ഏറ്റവും ജനപ്രിയമായ വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (VOIP) പ്ലാറ്റ്ഫോമുകളിൽ ഒന്നായി ഉയർന്നുവന്നിരുന്നു. 2011 ൽ മൈക്രോസോഫ്റ്റ് 8.5 ബില്യൺ ഡോളറിന് സ്കൈപ്പിനെ ഏറ്റെടുത്തു. അതിനുശേഷം, ടെക് ഭീമൻ ഐമെസേജിനെ നേരിടാൻ സ്കൈപ്പ് രണ്ട് തവണ റീലോഞ്ച് വിൻഡോസ് ഫോണുകളിലും എക്സ്ബോക്സിലും സ്കൈപ്പ് സർവ്വീസ് രംഗത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല പല വോയിസ് ഓവർ ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ ആപ്പുകളും കൊവിഡിൽ നേട്ടമുണ്ടാക്കിയെങ്കിലും മഹാമാരി കാലത്ത് പോലും മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെയാണ് സ്കൈപ്പ് അടച്ചുപൂട്ടുക എന്ന തീരുമാനത്തിലേക്ക് മൈക്രോസോഫ്റ്റ് എത്തുന്നത്.