ഷാറൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ജവാന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം. സെപ്തംബർ ഏഴിന് ചിത്രം ലോകവ്യാപകമായി റിലീസാവാനിരിക്കെ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ചിത്രത്തിൻ്റെ ടിക്കറ്റുകൾ ബുക്ക് ചെയ്തത്. ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇതിനോടകം സിനിമയുടെ ആറ് ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്.
അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ഇതിനോടകം 17.5 കോടി രൂപയുടെ കളക്ഷൻ കിട്ടി കഴിഞ്ഞു. സെപ്തംബർ ഒന്നിനാണ് ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. കേവലം നാല് ദിവസം കൊണ്ടാണ് ആറ് ലക്ഷം ടിക്കറ്റുകൾ വിറ്റുപോയത്. ചിത്രം റിലീസാവാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കേ ഇരുപത് കോടിക്ക് മുകളിൽ അഡ്വാൻസ് ബുക്കിംഗിലൂടെ തന്നെ ജവാൻ നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സണ്ണി ഡിയോൾ അഭിനയിച്ച ഗദ്ദർ 2 അഡ്വാൻസ് ബുക്കിംഗിലൂടെ 18.5 കോടി രൂപ കളക്ട് ചെയ്ത് റെക്കോർഡ് ഇട്ടിരുന്നു. ഈ റെക്കോർഡ് റിലീസിന് മുൻപേ തന്നെ ജവാൻ തിരുത്തിക്കുറിക്കാനാണ് സാധ്യത. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.
നയൻതാര, വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര തുടങ്ങിയവരാണ് ജവാനിൽ അഭിനയിക്കുന്ന മറ്റു പ്രമുഖതാരങ്ങൾ. ദീപിക പദുക്കോണും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ഷാറൂഖ് എത്തുന്നതെന്നാണ് വിവരം. പൂണെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിൻ്റെ ലൊക്കേഷനുകൾ. അനിരുദ്ധ് രവിചന്ദ്രർ ആദ്യമായി സംഗീതം നിർവഹിക്കുന്ന ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്.