ഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികദേഹം എംബിബിഎസ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ഡൽഹി എയിംസിന് കൈമാറും. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം. നിലവിൽ ദില്ലി എയിംസിലുള്ള യെച്ചൂരിയുടെ മൃതദേഹം ഇന്ന് എയിംസിലെ മോർച്ചറിയിലേക്ക് മാറ്റും.
നാളെ രാവിലെ ദില്ലിയിലെ യെച്ചൂരിയുടെ വസതിയിലേക്ക് മൃതദേഹം കൊണ്ടു വരും ഇവിടെ പൊതുദർശനമുണ്ടാവും. മറ്റന്നാൾ രാവിലെ ഒൻപത് മണിയോടെ സിപിഎം ദേശീയ ആസ്ഥനമായ ഡൽഹിയിലെ എകെജി ഭവനിലേക്ക് കൊണ്ടു വരുന്ന മൃതദേഹം ഉച്ചയ്ക്ക് ഒരു മണി വരെ അവിടെയും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി ഡൽഹി എയിംസിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം ഔദ്യോഗികമായി ആശുപത്രി അധികൃതർക്ക് കൈമാറും.
ആന്ധ്രയിലെ ബ്രാഹ്മണ കുടുംബത്തിലെ അംഗമായി 1952 ഓഗസ്റ്റ് 12-ന് ചെന്നൈയിലായിരുന്നു സീതരാമ റാവു എന്ന സീതാറാം യെച്ചൂരിയുടെ ജനനം. പിൻക്കാലത്ത് സീതാരാമ റാവു എന്ന പേരിലെ ജാതിവാൽ മുറിച്ച് അദ്ദേഹം സീതാറാം യെച്ചൂരിയായി.
വൈദേഹി ബ്രാഹ്മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടേയും കൽപകത്തിൻ്റേയും മകനായി 1952 ഓഗസ്റ്റ് 12-നാണ് യെച്ചൂരി ജനിക്കുന്നത്. അദ്ദേഹത്തിൻ്ഫെ അച്ഛൻ്റെ അച്ഛൻ ആന്ധ്രയിലെ കിഴക്കൻ ഗോദാവരിയിൽ തഹസിൽദാരായിരുന്നു. അമ്മയുടെ അച്ഛൻ കന്ധ ഭീമ ശങ്കരറാം ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്നു.
ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു യെച്ചൂരിയുടെ പിതാവ് സോമയാജലു. ജോലി ആവശ്യാർത്ഥം പിതാവ് ഡൽഹിക്ക് മാറിയതോടെയാണ് യെച്ചൂരിയും കുടുംബവും രാജ്യതലസ്ഥാനത്ത് എത്തി. പ്രസിഡൻ്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ഹയർസെക്കണ്ടറി പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ഡൽഹി സെന്റ് സ്റ്റീഫൻസിൽ ചേർന്നു. ഇവിടെ വച്ചാണ് മാർക്സിറ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് യെച്ചൂരി ആകർഷിക്കപ്പെടുന്നത്. പിൻക്കാലത്ത് ജെഎൻയുവിൽ എത്തിയ യെച്ചൂരി ഇവിടെ വച്ച് പ്രകാശ് കാര്ടാടിനെ പരിചയപ്പെടുന്നത്.
സ്റ്റുഡൻ്രസ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാിറങ്ങിയ പ്രകാശ് കാരാട്ടിന് വേണ്ടി പ്രചരണത്തിനും പ്രസംഗിക്കാനും ഇറങ്ങുന്നതോടെ യെച്ചൂരിയുടെ രാഷ്ട്രീയ പ്രവേശം സംഭവിച്ചു. കാരാട്ട് ജെഎൻയു യൂണിയൻ അധ്യക്ഷനായതോടെ യെച്ചൂരി എസ്എഫ്ഐയിൽ ചേർന്നു. മൂന്ന് തവണ അദ്ദേഹം ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥ കാലത്ത് ജെഎൻയുവിലും പുറത്തും പ്രക്ഷോഭരംഗത്ത് മുൻനിരയിൽ യെച്ചൂരിയും ഉണ്ടായിരുന്നു. വൈകാതെ യെച്ചൂരി ജയിലിലായി.
1984-ൽ എസ്എഫ്ഐ ദേശീയ പ്രസിഡൻ്റായ യെച്ചൂരി അതേവർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിലും നിയമിക്കപ്പെട്ടു. പ്രകാശ് കാരാട്ടിനും എസ്. രാമചന്ദ്രൻപിള്ളയ്ക്കും ഒപ്പമായിരുന്നു ഉന്നത സിപിഎം ഘടകത്തിലേക്കുള്ള യെച്ചൂരിയുടെ വരവ്.1992-ൽ മൂവരും പോളിറ്റ് ബ്യൂറോയിലെത്തി. 30 വയസ്സായിരുന്നു അപ്പോൾ യെച്ചൂരിയുടെ പ്രായം. അത്ര ചെറുപ്രായത്തിൽ ഒരാൾ പിബി അംഗമാവുന്നത് അസാധാരണ സംഭവമായിരുന്നു.
2005-ലാണ് ബംഗാളിൽ നിന്നുള്ള രാജ്യസഭാ അംഗമായി യെച്ചൂരി പാർലമെൻ്റിലെത്തുന്നത്. 2017-വരെ അദ്ദേഹം എംപിയായി തുടർന്നു. ജനകീയ വിഷയങ്ങളിൽ സമഗ്രമായി പഠിച്ച് അവതരിപ്പിക്കുന്നതായിരുന്നു രാജ്യസഭയിലെ യെച്ചൂരിയുടെ ശൈലി.ദേശീയനേതാവായിരിക്കുമ്പോൾ തന്നെ കേരളത്തിലെ പാർട്ടിയിൽ അദ്ദേഹം സജീവമായിരുന്നു. സിപിഎം നേതൃത്വത്തിൽ കേരള ഘടകം പിടിമുറുക്കുന്നതിനെ എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത അപൂർവ്വം നേതാക്കളിലൊരാളാണ് യെച്ചൂരി.
കേരളത്തിലെ സിപിഎമ്മിലെ വിഭാഗീയതയിൽ വിഎസ് അച്യുതാനന്ദെനൊപ്പമായിരുന്നു യെച്ചൂരി. എന്നാൽ 2016-ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിക്ക് വഴിയൊരുക്കി വി.എസിനെ അനുനയിപ്പിച്ചതും യെച്ചൂരിയാണ്.