കണ്ണൂർ: മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ വാഹനാപകടത്തിൽ മരിച്ചു. 38 വയസ്സായിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശിയാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ഇരിട്ടി പുന്നാട് വച്ചാണ് അപകടമുണ്ടായത്. ഫൈജാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിനകത്ത് കുടുങ്ങിപ്പോയ ഫൈജാസിനെ പുറത്തെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി ഡോർ കട്ട് ചെയ്തു മാറ്റിയാണ് ഫൈജാസിനെ പുറത്ത് എത്തിച്ചത്. ഉടനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരിട്ടി ഭാഗത്തേക്ക് വരുകയായിരുന്ന ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച ഹോണ്ട കാറും മട്ടന്നൂർ ഭാഗത്ത് പോകുകയായിരുന്ന ഫൈജാസിൻ്റെ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഫൈജാസിൻ്റെ ആൾട്ടോ കാറിൻ്റെ മുൻവശം പൂർണമായി തകർന്നു. അഞ്ച് പേരാണ് മറ്റേ കാറിലുണ്ടായിരുന്നത്. ഇവരെല്ലാം പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കീഴൂർക്കുന്നിനും പുന്നാടിനുമിടയിലുള്ള ഈ പ്രദേശം സ്ഥിരം അപകടമേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവിടെ നേരെയുള്ള റോഡും കുത്തനെ ഇറക്കവുമാണ് എന്നതിനാണ് അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുന്നത് പതിവാണ്.