കഞ്ചാവ് കടത്ത് കേസിൽ പിടിയിലായ ഇന്ത്യൻ വംശജ്ഞനെ സിംഗപ്പൂരിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. തങ്കരാജു സുപ്പയ്യ എന്ന 46 -കാരനെ ബുധനാഴ്ചയാണ് സിംഗപ്പൂരിൽ തൂക്കിലേറ്റിയത്. 2014 -ലാണ് ഒരു കിലോ കഞ്ചാവ് കടത്തിയതിന് സുപ്പയ്യ അറസ്റ്റിലാവുന്നത്. വിചാരണയ്ക്ക് ഒടുവിൽ 2018-ൽ ഇയാൾക്ക് വധശിക്ഷ വിധിച്ചു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടനയും മറ്റു മനുഷ്യാവകാശ സംഘടനകളും വിവിധ രാജ്യങ്ങളും തങ്കരാജു സുപ്പയയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് സിംഗപ്പൂരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് ബുധനാഴ്ച വധശിക്ഷ നടപ്പാക്കിയത്. ചാംഗി ജയിൽ കോപ്ലക്സിൽ വച്ച് തങ്കരാജു സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കിയെന്ന വിവരം എന്ന് സിംഗപ്പൂർ പ്രിസൺസ് സർവീസ് വക്താവാണ് വാർത്താ ഏജൻസിയായ എഎഫ്പിയെ അറിയിച്ചത്.
ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസനടക്കം നിരവധി പ്രമുഖർ സുപ്പയ്യയുടെ വധശിക്ഷയെ എതിർത്ത് രംഗത്ത് വന്നിരുന്നു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ നോർവേയും സ്വിറ്റ്സർലൻഡും ചേർന്ന് സുപ്പയ്യയുടെ വധശിക്ഷ നിർത്തലാക്കണമെന്നും ശിക്ഷാവിധി ഇളവ് ചെയ്യണമെന്നും സിംഗപ്പൂർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും ഇവർ പ്രസ്താവനയിറക്കിയിരുന്നു.
വധശിക്ഷ സിംഗപ്പൂരിൻ്റെ നീതിന്യായവ്യവസ്ഥയിലെ അനിവാര്യഘടകമാണെന്ന് നേരത്തെ സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മറ്റുള്ള രാജ്യങ്ങളും സംഘടനകളും ഇതിൽ ഇടപെടുന്നതിനേയും സിംഗപ്പൂർ വിമർശിച്ചു. മയക്കുമരുന്ന് കടത്തിന് വധശിക്ഷ എന്ന നയം സിംഗപ്പൂർ തുടരാൻ കാരണം അവിടുത്തെ ജനങ്ങളുടെ താൽപ്പര്യമാണെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ നിയമ-ആഭ്യന്തര മന്ത്രി കെ. ഷൺമുഖം പറഞ്ഞിരുന്നു. ഇവിടെ 87 ശതമാനം പേരും വധശിക്ഷയെ അനുകൂലിക്കുന്നു എന്നും മന്ത്രി വിശദീകരിച്ചിരുന്നു.
#Singapore: We urge the Government not to proceed with the imminent hanging of Tangaraju Suppiah. Imposing the death penalty for drug offences is incompatible with intl norms & standards. pic.twitter.com/DPfiahHcqo
— UN Human Rights (@UNHumanRights) April 25, 2023