നെടുമ്പാശ്ശേരി കരിയാടില്‍ മദ്യലഹരിയില്‍ എത്തിയ പൊലീസ് കടയില്‍ കയറി ഉടമയെയും കുടുംബത്തെയും മര്‍ദ്ദിച്ചതായി പരാതി. സി ആര് വി വാഹനത്തിലെത്തിയ എസ് ഐ പ്രകോപനമേതുമില്ലാതെയാണ് ചൂരല്‍ വീശി മര്‍ദ്ദിച്ചതെന്ന് കടയുടമ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. എസ് ഐ സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു.
കരിയാട് സ്വദേശിയും കടയുടമയുമായ കുഞ്ഞുമോനും കുടുംബത്തിനുമെതിരെയാണ് അക്രമം നടന്നത്. കടയടയ്ക്കുന്നതിനിടെയാണ് പൊലീസ് എത്തി മര്‍ദ്ദിച്ചതെന്ന് കുഞ്ഞു മോന് പറഞ്ഞു. ചൂരല്‍ കൊണ്ട് വീശിയതില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ക്കും ഭാര്യയ്ക്കും മര്‍ദ്ദനമേറ്റതായും കുഞ്ഞുമോന് പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെ അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ക്കെതിരെയും ഇയാള്‍ വടി വീശി. അതിക്രമം തുടര്‍ന്ന ഇയാളെ നാട്ടുകാര്‍ തടഞ്ഞ് വെക്കുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
സി.ആര്.വി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനില്‍കുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നിന്ന് വൈദ്യപരിശോധന നടത്തിയതില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.