തിരുവനന്തപുരം വർക്കല സ്വദേശി സ്മിതയ്ക്ക് ജീവിതം തന്നെ ഒരു പോരാട്ടമാണ്. 21-ാം വയസ്സിലാണ് സ്മിതയ്ക്ക് ആദ്യമായി അർബുദ ബാധ കണ്ടെത്തുന്നത്. അവിടുന്നങ്ങോട്ട് നീണ്ട രണ്ട് പതിറ്റാണ്ടായി നിരന്തരമായ ചികിത്സകളും മരുന്നുകളും ആണ് സ്മിതയെ ജീവിതത്തിൽ പിടിച്ചു നിർത്തുന്നത്. ഒരുഘട്ടത്തിൽ നാട്ടിലെ ചികിത്സ മതിയാകാതെ വന്നതോടെ സ്മിത ദുബായിലേക്ക് എത്തി. ഇവിടെ എല്ലാ മാസവും രണ്ട് ലക്ഷം രൂപയോളം വില വരുന്ന ഇഞ്ചക്ഷൻ എടുത്താണ് സ്മിതയുടെ ജീവൻ നിലനിർത്തുന്നത്.
അർബുദപോലെ ഒരു രോഗത്തിന് നീണ്ടകാലത്തെ ചികിത്സ വേണ്ടി വരുന്നത് ഏതൊരു കുടുംബത്തിൻ്റേയും സാമ്പത്തികനിലയെ തകർക്കും കുടുംബത്തിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. സ്മതിയുടെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. സ്മിതയ്ക്ക് അർബുദം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ പിതാവ് രാജേന്ദ്രബാബുവിനും ക്യാൻസർ ബാധയുണ്ടായി. അധികം വൈകാതെ അദ്ദേഹം വിട പറഞ്ഞു. അർബുദ ബാധിതയായ സ്മിതയേയും ഭിന്നശേഷിക്കാരനായ സഹോദരനും പിന്നെ കാവൽവിളക്കായി മാറിയത് അമ്മ ശോഭനയാണ്.
അർബുദം പല രീതിയിൽ പരീക്ഷിച്ചിട്ടും സ്മിതയെ വിട്ടു കൊടുക്കാതെ ശോഭന പോരാടി. ഏതാനും ദിവസം മാത്രം ആയുസ്സ് ബാക്കിയെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഘട്ടത്തിലും ശോഭനയുടെ പ്രാർത്ഥനയും പരിശ്രമവുമാണ് സ്മിതയുടെ ജീവൻ്റെ തിരി നീട്ടി നൽകിയത്. ഇപ്പോഴും ആ പരിശ്രമം തുടരുന്നു. സ്മിതയുടെ ചികിത്സയ്ക്കായി നാട്ടിലെ രണ്ട് വീടുകളും ഭൂമിയും അങ്ങനെ പലതും ശോഭനയ്ക്കും കുടുംബത്തിനും വിറ്റൊഴിയേണ്ടി വന്നു. എങ്കിലും അതിനെല്ലാം വലുതാണ് മകളുടെ ജീവനെന്ന് ആ അമ്മ ഇപ്പോഴും പറയുന്നു.
ഇനിയും എന്തും നഷ്ടപ്പെടുത്താനും വിട്ടു കൊടുക്കാനും ശോഭ തയ്യാറാണ്. പക്ഷേ ഒന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളൂ, പ്രാർത്ഥിക്കുന്നുള്ളൂ… കൺവെട്ടത്തിലെങ്കിലും മകൾ ജീവനോടെ വേണം. അവളുടെ ചിരിയാണ് ശോഭനയുടെ ജീവിതത്തിലെ ആകെ പ്രകാശം.
സ്മിതയ്ക്ക് ആവശ്യമായ ജീവൻ രക്ഷാ മരുന്ന് നാട്ടിൽ ലഭ്യമല്ല. എല്ലാ മാസവും ഇഞ്ചക്ഷൻ എടുക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. അതിനാൽ തന്നെ ദുബായിൽ നിന്നും വളരെ അപൂർവ്വമായി മാത്രമേ സ്മിത നാട്ടിൽ പോകാറുള്ളൂ. വിശേഷദിനങ്ങളും മറ്റ് ആഘോഷങ്ങളിലും അമ്മയും സ്മിതയും അതിനാൽ തന്നെ ഒരുമിച്ചല്ല. ‘തനിഷ്ക് മിഡിൽ ഈസ്റ്റും’ എഡിറ്റോറിയലും ചേർന്നൊരുക്കുന്ന ‘മാ’ പരിപാടിയിൽ ജേതാക്കളായതോടെ ഈ അമ്മയ്ക്കും മകളും ഒന്നിച്ചൊരു ഓണസദ്യയുണ്ണാൻ വഴിയൊരുക്കുകയാണ്.
View this post on Instagram