മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയ രീതിയിലുള്ള ഡീഗ്രേഡിംഗ് വാലിബനെതിരെ നടക്കുന്നുണ്ട്. അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷിബു ബേബി ജോണ്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.
നല്ലൊരു പ്രോഡക്ട് ആണ് ഈ സിനിമ. ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ റിവ്യൂവര്‍ വാലിബനെ കുറിച്ച് നല്ലത് പറഞ്ഞു. ഇന്നലെ അനുരാഗ് കശ്യപ് സംസാരിച്ചു. സിനിമാ പ്രേക്ഷകര്‍ എന്നുള്ള നല്ലൊരു വിഭാഗം ഭയങ്കരമായി പ്രശംസിച്ച ഒരു സിനിമയെ കുറിച്ചാണ് കൊള്ളില്ല എന്ന പ്രയോഗം വന്നത്. പ്രതീക്ഷയ്ക്ക് അനുസരിച്ച് വന്നില്ലായെന്ന് പറയാം. പക്ഷെ അത് മോശം പടമാണെന്ന് ചിലര്‍ ബോധപൂര്‍വം പറഞ്ഞു. ആദ്യത്തെ ദിവസത്തിന്റെ സെക്കന്റ് ഷോ മുതല്‍ അഭിപ്രായങ്ങള്‍ മാറി. എത്ര ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചാലും യഥാര്‍ത്ഥ സിനിമ പ്രേമികള്‍ക്ക് മലൈക്കോട്ടൈ വാലിബന് ഇഷ്ടപ്പെടും. ഇഷ്ടമാവുന്നു എന്നതില്‍ സന്തോഷവുമുണ്ട് – ഷിബു ബേബി ജോണ്‍
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ജനുവരി 25നാണ് തിയേറ്ററിലെത്തിയത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന് ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.