ദുബായ്: 75,000 പേർക്ക് ജോലി ചെയ്യാനും താമസിക്കാനുമുള്ള സൗകര്യത്തോടെ എക്സ്പോ സിറ്റിയെ വികസിപ്പിക്കാനുള്ള മാസ്റ്റർ പ്ലാനിന് അംഗീകാരം. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വ്യാഴാഴ്ച മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകിയത്.
‘എക്സ്പോ 2020 ദുബായ്’, യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് (COP28) എന്നിവയ്ക്ക് ആതിഥേയത്വം വഹിച്ച നഗരത്തെ ദുബായുടെ ഭാവി വളർച്ചയിലെ പ്രധാന കേന്ദ്രമാക്കി മാറ്റാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത് – വാർത്ത പങ്കുവച്ച് കൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ട്വിറ്ററിൽ കുറിച്ചു. “ഈ നഗരം യുഎഇയിലെ നവീകരണത്തിൻ്റെയും സുസ്ഥിരതയുടെയും അടയാളമായി മാറിയിരിക്കുന്നു, ദുബായുടെ വിജയഗാഥയിലെ ഒരു പുതിയ അധ്യായമാണിത് – ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
അഞ്ച് ജില്ലകളിലായ 3.5 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന എക്സ്പോ സിറ്റി ദുബൈയിൽ 35,000-ത്തിലധികം താമസക്കാർക്കും 40,000 പ്രൊഫഷണലുകൾക്കും താമസിക്കാനുള്ള ശേഷിയുണ്ടാകും. യുഎഇയിലെ പ്രമുഖ കമ്പനിയായ ഡിപി വേൾഡിൻ്റെ പുതിയ ആഗോള ആസ്ഥാനം, 10 ബില്യൺ ദിർഹം മൂല്യമുള്ള പുതിയ അന്താരാഷ്ട്ര പ്രദർശന കേന്ദ്രം എന്നിവയും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിലുള്ള യോഗത്തിലാണ് പുതിയ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ജീവിതനിലവാരം നിരന്തരം ഉയർത്തുന്ന ഒരു ഭാവിയെ ലക്ഷ്യമിട്ട് വളരുന്ന ഒരു നഗരം കെട്ടിപ്പടുക്കാനുള്ള ഷെയ്ഖ് മുഹമ്മദിൻ്റെ കാഴ്ചപ്പാടാണ് എക്സ്പോ സിറ്റി ദുബായ് ഉൾക്കൊള്ളുന്നതെന്ന് ചടങ്ങിൽ ഷെയ്ഖ് ഹംദാൻ പറഞ്ഞു.
എക്സ്പോ സിറ്റി ദുബായിയുടെ വിപുലീകരണ പദ്ധതികൾ ദുബായ് സൗത്ത് മേഖലയിലെ വികസനത്തിന് വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അൽ മക്തൂം വിമാനത്താവളം, ജബൽ അലി തുറമുഖം, ദുബായ് എക്സിബിഷൻ സെൻ്റർ എന്നിവയ്ക്ക് സമീപമാണ് എക്സ്പോ സിറ്റി വരുന്നത്. അത്യാധുനിക ഗതാഗതസംവിധാനങ്ങളാവും പുതിയ നഗരത്തിൽ സജ്ജമാക്കുക. പ്രകൃതി സൗഹൃദമായിരിക്കുംപുതിയ നഗരം.