ദുബായ്: ആഗോള നിലവാരത്തിൽ പുതിയൊരു സർവ്വകലാശാല ദുബായിൽ ആരംഭിക്കുമെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് ദുബായ് നാഷണൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന കാര്യം അദ്ദേഹം അറിയിച്ചത്.
4.5 ബില്യൺ ദിർഹമാണ് സർവ്വകലാശാല സ്ഥാപിക്കാൻ ആദ്യഘട്ടത്തിൽ മുതൽമുടക്കുക. സർവ്വകലാശാലയിൽ അത്യാധുനിക കോഴ്സുകളും മറ്റു അക്കാദമിക് പ്രോഗ്രാമുകളും ഉണ്ടാവും. അടുത്ത പത്ത് വർഷത്തിലെ ആഗോളതലത്തിലെ ഏറ്റവും അൻപത് സർവ്വകലാശാലകളിലൊന്നായി യുഎഇ നാഷണൽ യൂണിവേഴസ്റ്റി മാറണമെന്നാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
എമിറാത്തി സംസ്കാരം കൂടി ഉൾക്കൊള്ളുന്ന നിലയിലാവും സർവ്വകലാശാലയുടെ നിർമ്മാണവും പ്രവർത്തനവും ആഗോള വേദികളിൽ പ്രതിനിധീകരിക്കാൻ പാകത്തിൽ നമ്മുടെ യുവാക്കളെ വളർത്തിയെടുക്കാൻ ഈ സർവ്വകലാശാല സഹായിക്കും. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, ഈ മാറ്റങ്ങൾ ഉൾക്കൊള്ളാനും നമ്മുടെ രാഷ്ട്രത്തിന് മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് അവയെ ഉപയോഗപ്പെടുത്താനും കഴിവുള്ള തലമുറകളെ സൃഷ്ടിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി.” – ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.