ധാക്ക: ബംഗ്ലാദേശ് വിടാൻ ഷെയ്ഖ് ഹസീനയ്ക്ക് അവസാന നിമിഷം വരെ താത്പര്യമില്ലായിരുന്നുവെന്നും കുടുംബത്തിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് അവർ രാജ്യം വിട്ടതെന്നും ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് ജോയ്. ഷെയ്ഖ് ഹസീന ഇനിയൊരിക്കലും തിരികെ ബംഗ്ലാദേശിലേക്ക് വരില്ലെന്നും ഇനിയുള്ള കാലം അവർ കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കുമെന്നും സജീബ് ജോയ് പറഞ്ഞു.
ഓരോ പ്രതിസന്ധി ഘട്ടത്തിലും ബംഗ്ലാദേശിനെ രക്ഷിക്കുന്നതാണ് ഞങ്ങളുടെ കുടുംബത്തിൻ്റെ ചരിത്രം. ബംഗ്ലാദേശിനെ മാറ്റി മറിച്ചയാളാണ് എൻ്റെ അമ്മ. അമ്മ ബംഗ്ലാദേശിൻ്റെ അധികാരമേൽക്കുമ്പോൾ പരാജയപ്പെട്ട ഒരു ദരിദ്ര രാഷ്ട്രമായിരുന്നു ബംഗ്ലാദേശ്. എന്നാൽ ഇന്നിപ്പോൾ ഏഷ്യയിലെ കടുവയായി രാജ്യം മാറി. ഇത്രയൊക്കെ ചെയ്തിട്ടും മൂന്ന് തവണയാണ് ഞങ്ങളുടെ കുടുംബം അട്ടിമറി നീക്കം നേരിട്ടത് ഞങ്ങൾക്ക് മതിയായി. ഇനിയങ്ങോട്ട് ബംഗ്ലാദേശ് സ്വന്തം നിലയിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യട്ടെ – സജീബ് ജോയ് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ന് രാവിലെയും ഞാൻ അമ്മയുമായി സംസാരിച്ചിരുന്നു. ഇപ്പോൾ നിങ്ങൾ ബംഗ്ലാദേശിലേക്ക് നോക്കൂ അവിടെ തികഞ്ഞ അരാജകത്വമാണ് നിലനിൽക്കുന്നത്. അമ്മയാകെ നിരാശയാണ് എന്നാൽ അവർ തകർന്നിട്ടില്ല. ബംഗ്ലാദേശിനെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്നത് അവരുടെ സ്വപ്നമായിരുന്നു. അതിനായി കഴിഞ്ഞ പതിനഞ്ച് വർഷവും അവർ കഠിനദ്ധ്വാനം ചെയ്തു. തീവ്രവാദികളിൽ നിന്നും രാജ്യത്തെ സുരക്ഷിതമാക്കി നിർത്തി. ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചു. എന്നാൽ ഇപ്പോൾ പ്രതിപക്ഷവും തീവ്രവാദികളും അധികാരം കൈയേറി കഴിഞ്ഞു.
ബംഗ്ലാദേശിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. പക്ഷേ ഞങ്ങളുടെ പാർട്ടി പ്രവർത്തകരേയും നേതാക്കളേയും വളഞ്ഞിട്ട് ആക്രമിക്കുന്ന ഈ സമയത്ത് എത്രത്തോളം നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയില്ല. അതെന്തായാലും ഇതൊന്നും ഇനി എൻ്റെ കുടുംബത്തിൻ്റെ വിഷയമല്ല. ഞങ്ങൾക്ക് എന്ത് ചെയ്യാനാവും എന്ന് ഞങ്ങൾ കാണിച്ചു തന്നിട്ടുണ്ട്. ബംഗ്ലാദേശിന് എത്ര വളരാനാവും എന്ന് ഈ കാലയളവിൽ നമ്മൾ കണ്ടു. നട്ടെല്ല് നിവർത്തി നിൽക്കാൻ ബംഗ്ലാദേശ് ജനതയ്ക്കാവുന്നില്ലെങ്കിൽ ഈ അക്രമികളെ അധികാരം കൈയാളാൻ അവർ അനുവദിക്കുകയാണെങ്കിൽ അവർ അർഹിക്കുന്ന ഭരണകൂടത്തെ തന്നെ അവർക്ക് കിട്ടും.
സൈന്യത്തെ കൊണ്ട് എത്രത്തോളം കാര്യങ്ങൾ നിയന്ത്രിക്കാനാവും എന്നെനിക്ക് അറിയില്ല. പ്രതിപക്ഷവും തീവ്രവാദികളും എല്ലാം നശിപ്പിക്കുകയാണ്. ഞങ്ങളുടെ നേതാക്കളെ അവർ വേട്ടയാടുകയാണ്. മുൻമന്ത്രിമാരുടെ ജീവനടക്കം അപകടത്തിലാണ്. ന്യൂനപക്ഷങ്ങളെയും അവർ ലക്ഷ്യമിടുന്നുണ്ട്. ഷെയ്ഖ് ഹസീന രാജിവച്ചതോടെ അക്രമങ്ങൾ അവസാനിച്ചെന്ന് ഞാൻ കരുതുന്നില്ല.
ദേഷ്യവും സങ്കടവുമൊക്കെ തോന്നുന്ന അവസ്ഥയാണ്. എൻ്റെ മുത്തച്ഛനാണ് ബംഗ്ലാദേശ് സ്വതന്ത്രമാക്കിയത്. അതിൻ്റെ പേരിൽ അദ്ദേഹവും കുടുംബവും കൊല്ലപ്പെട്ടു. ഇപ്പോൾ അതേ പ്രതിലോമ ശക്തികൾ വീണ്ടും രാജ്യത്തെ നിയന്ത്രിക്കുന്നു. ഭൂരിപക്ഷം അതു കണ്ട് നിശബ്ദരായി നിൽക്കുന്നു – സജീബ് ജോയി പറയുന്നു.