തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണം എന്നാണാവശ്യം. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ എം ബഷീർ ആണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.
ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായും വധശിക്ഷ കാത്തുനിൽക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയായും ഗ്രീഷ്മ മാറുകയും ചെയ്തു. ഗ്രീഷ്മ നടത്തിയത് സമർത്ഥമായ കുറ്റകൃത്യമെന്ന് കോടതി വിലയിരുത്തി.
മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് കോടതി മൂന്ന് വർഷം തടവും വിധിച്ചു. അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് കോടതി അഞ്ച് വർഷം തടവും അൻപതിനായിരം രൂപ പിഴയും കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരുന്നത്.ഗ്രീഷ്മയ്ക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ കൃത്യമായി ശേഖരിച്ച അന്വേഷണസംഘത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.