കൊല്ലത്ത് നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം. എന്നാല്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച് വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വാഹനത്തില്‍ കയറില്ലെന്ന തീരുമാനത്തിലാണ് ഗവര്‍ണര്‍. കരിങ്കൊടി പ്രതിഷേധം നടന്നതില്‍ പൊലീസിനോടും ഗവര്‍ണര്‍ രോഷാകുലനായി സംസാരിച്ചു.
അമിത്ഷായുമായോ പ്രധാനമന്ത്രിയുമായോ സംസാരിക്കൂ എന്നാണ് ഗവര്‍ണര്‍ പറയുന്നത്. എന്തുകൊണ്ടാണ് താന്‍ വരുന്നതിന് മുമ്പ് പ്രതിഷേധക്കാരെ ഒഴിവാക്കാത്തത്. മുഖ്യമന്ത്രി പോകുമ്പോള്‍ ഇത്തരത്തിലാണോ സുരക്ഷ ഒരുക്കാറ് എന്നും ഗവര്‍ണര്‍ ചോദിച്ചു.
അതേസമയം പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന് പൊലീസ് പറഞ്ഞു. എഫ്ഐആര്‍ കാണാതെ എഴുന്നേല്ക്കില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്.