തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിന് വേണ്ടി തെക്കൻ ജില്ലകളിലും തമിഴ്നാട്ടിലും അന്വേഷണം തുടരുന്നു. ഇന്നലെ രാവിലെ കാണാതായ തസ്മിദിന് വേണ്ടിയുള്ള തെരച്ചിൽ ഇതിനോടകം 24 മണിക്കൂർ പിന്നിട്ടു. കുട്ടി കന്യാകുമാരിയിലെത്തി എന്ന തരത്തിൽ രാവിലെ വാർത്തകൾ വന്നുവെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിക്ക് പോയ കന്യാകുമാരി എക്സ്പ്രസ്സിൽ തസ്മിദ് കയറിയെന്നും നെയ്യാറ്റിൻകര വരെ ട്രെയിനിലുണ്ടായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. എന്നാൽ കന്യാകുമാരിയിൽ തസ്മിദിനെ കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി പൊലീസ് സ്ഥിരീകരിക്കാൻ സാധിച്ചില്ല. കന്യാകുമാരി പൊലീസ് രംഗത്തിറങ്ങി റെയിൽവേ സ്റ്റേഷനിലും ബീച്ചുകളിലും ഇവിടുത്തെ സിസിടിവിക്യാമറകളും പരിശോധിച്ചെങ്കിലും കുട്ടി ഇവിടെ എത്തിയതായി കണ്ടെത്താനായില്ല. പാറശ്ശാലയ്ക്കും കന്യാകുമാരിക്കും ഇടയിലെ സ്റ്റേഷനുകളിൽ എവിടെയെങ്കിലും കുട്ടി ഇറങ്ങിയോ എന്ന സംശയത്തിൽ കന്യാകുമാരി പാതയിലെ റെയിൽവേ സ്റ്റേഷനുകളിലെല്ലാം പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് നിർണായകമായിരുന്നു. ട്രെയിനിലിരുന്ന് കരയുകയായിരുന്ന കൗമാരക്കാരിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർത്ഥിനി നെയ്യാറ്റിൻകരയിൽ വെച്ച് പകർത്തിയ ചിത്രമാണ് പൊലീസിന് ലഭിച്ചത്.
കുട്ടി തന്റെ അടുക്കൽ എത്തിട്ടിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചതോടെ അന്വേഷണം വഴിമുട്ടി. സഹോദരൻ ചെന്നൈയിലാണ് എന്ന തരത്തിലാണ് നേരത്തെ കുടുംബം പറഞ്ഞിരുന്നത്. എന്നാൽ താൻ ചെന്നൈ വിട്ട് ബെംഗളൂരുവിൽ എത്തിയെന്നാണ് സഹോദരൻ പറയുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണം. അറിയിക്കേണ്ട നമ്പറുകൾ: 9497960113 / 9497980111