വിദേശത്ത് നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് സൗദി അറേബ്യ പഠനവിസ അനുവദിക്കുന്നു. ‘ പഠനം സൗദി അറേബ്യയിൽ ‘ എന്ന പേരിൽ വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിലൂടെയാണ് വിദ്യാർത്ഥികൾക്ക് ഹ്രസ്വകാലത്തേക്കും ദീർഘാകാലത്തേക്കുമുള്ള വിസകൾ നൽകുന്നത്. വിഷൻ 2030 ന്റെ ലക്ഷ്യ സാക്ഷത്കാരത്തിലേക്ക് നയിക്കുന്ന പുതിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു.
160 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പദ്ധതി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം അതാത് രാജ്യങ്ങളിലെ കലാലയങ്ങളിൽ നിന്നും ഉന്നത വിജയം കരസ്തമാക്കി ഉപരിപഠനത്തിനായി എത്തുന്നവരെയാണ് പദ്ധതി ലക്ഷ്യമിടുക. കൂടാതെ, വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുകയും നൂതന ഗവേഷണ സാധ്യതകൾ ഉറപ്പാക്കുക എന്ന ഉദ്ദേശം കൂടിയുണ്ട്.
എന്നാൽ, വിദ്യാർത്ഥികൾക്ക് മാത്രമല്ല, പ്രൊഫസർമാർക്കും അക്കാദമിക് വിദഗ്ധർക്കും കരാർപ്രകാരം വിസ അനുവദിക്കുന്നുമുണ്ട്. ഇവർക്ക് സ്പോൺസർമാരുടെ ആവശ്യമില്ല. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സൈറ്റിൽ ലഭ്യമാണ്. ഒൻപത് ഭാഷകളിലായി രജിസ്ട്രേഷൻ നടപടികൾക്ക് അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.