റിയാദ്; സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം പതിനാല് രാജ്യങ്ങളിൽ നിന്നുള്ള മൾട്ടിപ്പിൾ എൻട്രി വിസ നിർത്തലാക്കിയതായി റിപ്പോർട്ടുകൾ. മൾട്ടിപ്പിൾ എൻട്രി വിസ സംവിധാനം നിലവിൽ ലഭ്യമല്ലെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. പ്രത്യേകിച്ച് അറിയിപ്പില്ലാതെയാണ് എൻട്രി വിസ നിർത്തലാക്കിയിരിക്കുന്നത്.
ഇന്ത്യ, പാക്കിസ്ഥാൻ, എതോപ്യ,ജോർദാൻ, ബംഗ്ലാദേശ്, അൾജീരിയ, സുഡാൻ, ഇറാഖ്, മൊറോക്കോ,യെമൻ, ഇന്തോനേഷ്യ, ടുണീഷ്യ, ഈജിപ്ത്,നൈജീരിയ എന്നീ രാജ്യങ്ങളിലേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ സംവിധാനമാണ് സൗദി പിൻവലിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ മൾട്ടിപ്പിൾ എൻട്രി വിസ സംവിധാനം ലഭ്യമല്ലെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.
ഇതേക്കുറിച്ച് പരാതിപ്പെട്ട പാക്കിസ്ഥാൻ ട്രാവൽ ഏജൻസികളോട് താത്കാലികമായി മൾട്ടിപ്പിൾ എൻട്രി വിസ സംവിധാനം നിർത്തിയതായി സൗദി വിദേശകാര്യമന്ത്രാലയം ഇമെയിൽ വഴി അറിയിച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട് തുടങ്ങി കേരളത്തിലെ വി.എഫ്.എസ് കേന്ദ്രങ്ങളിൽ മൾട്ടിപ്പിൾ റീ എൻട്രി വിസ ഇപ്പോൾ അടിക്കുന്നില്ല.