സൗദിയിലെ സ്കൂളുകൾ ഞായറാഴ്ച തുറക്കാനിരിക്കെ വിദ്യാർത്ഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയങ്ങൾ. 1230 പൊതു-സ്വകാര്യ സ്കൂളുകളിലേക്കായി 162,583 വിദ്യാർത്ഥികളെയാണ് വിവിധ ഘട്ടങ്ങളിലായി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതിനായി വിദ്യാഭ്യാസ മേഖല സജ്ജമാണെന്ന് വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റർമാർ അറിയിച്ചു.
അൽ അഹ്സനി ഗവർണർ സൗദി രാജകുമാരൻ സൗദ്ബിൻ തലാൽ ബിൻ ബദർ മേഖലയിലെ ചുമതലയുള്ള അതാത് മേധാവികളുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുണ്ട്. വിദ്യാലയങ്ങളുടെയും പഠന സാമഗ്രികളുടെയും പുനരുപയോഗത്തേപറ്റി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മേഖല ഡയറക്ടർ ജനറൽ മല്ലി ബിൻ ഹസൻ അഖ്ദി വ്യക്തമാക്കി.
കിഴക്കൻ പ്രവിശ്യയിലുള്ള 1,627 സ്കൂളുകളിലായി നാലു ദശലക്ഷം പാഠപുസ്തകങ്ങൾ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നൂർ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്തിട്ടുള്ള 50,000 വിദ്യാർത്ഥികൾക്കായി 700 ബസുകളാണ് സർവീസ് നടത്തുക എന്ന് റീജിയണൽ വിദ്യാഭ്യാസ വകുപ്പ് വക്താവ് സയ്യിദ് അൽ ബാഹെസ് പറഞ്ഞു.