ജിസാൻ (സൗദി): സൗദിയിൽ ബസിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ 15 മരണം.തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസിൽ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.കൊല്ലം കുണ്ടറ സ്വദേശി വിഷ്ണുപ്രസാദ് പിള്ളയും (31) മരിച്ചവരിൽ ഉൾപ്പെടുന്നു.
കൊല്ലം ചക്രപാണി റോഡിൽ നന്ദാവൻ കോളനിയിലെ പ്രസാദ് മാധവൻ പിള്ളയുടെയും രാധ പ്രസാദ് പിള്ളയുടെയും മകനാണ് വിഷ്ണുപ്രസാദ്. മരിച്ചവരിൽ 9 പേർ ഇന്ത്യക്കാരാണ്. ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളെ മാത്രമാണ് തിരിച്ചറിഞ്ഞത്.
പരുക്കേറ്റ 11 പേരിൽ 9 പേരുടെ നില ഗുരുതരമാണ്. ഇവരിൽ 2 പേർ ഇന്ത്യക്കാരാണ്. ജുബൈലിലെ എസിഐസി കമ്പനി ജീവനക്കാർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ജിസാൻ അരാംകൊ റിഫൈനറി റോഡിൽ രാവിലെ ആറിനായിരുന്നു അപകടം.