പാലക്കാട്: അപ്രതീക്ഷിത ട്വിസ്റ്റിലൂടെ സന്ദീപ് വാര്യരെ പാർട്ടിയിലേക്ക് എത്തിക്കാനായത് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. ബിജെപിയോട് ഇടഞ്ഞ സന്ദീപ് സിപിഎമ്മിലേക്ക് പോകുമെന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വാർത്തകളും ചർച്ചകളുമുണ്ടായത്. സന്ദീപിനെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം നേതാവ് എ.കെ ബാലൻ തന്നെ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസാകട്ടെ ആദ്യഘട്ടത്തിൽ സന്ദീപിനെ സ്വീകരിക്കുന്ന കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയതുമില്ല. അതിനാൽ തന്നെ അപ്രതീക്ഷിതമായുള്ള സന്ദീപിൻ്റെ കോൺഗ്രസ് എൻട്രി കേരള രാഷ്ട്രീയത്തെയാകെ ഞെട്ടിച്ചു.
സന്ദീപ് വാര്യരെ കോൺഗ്രസിലെത്തിക്കാനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാനാണെന്നാണ് പുറത്തു വരുന്ന വിവരം. സന്ദീപുമായുള്ള ചർച്ചകൾക്ക് പാലമായത് കെപിഎസ്ടിഎ മുൻ അധ്യക്ഷൻ ഹരി ഗോവിന്ദാണ്. ഏകദേശ ധാരണയിൽ സന്ദീപ് എത്തിയതിന് പിന്നാലെ വിഡി സതീശനടക്കം മുതിർന്ന നേതാക്കളുമായി സന്ദീപ് ചർച്ച നടത്തി ശേഷമാണ് ഇന്നത്തെ അപ്രതീക്ഷിത പ്രഖ്യാപനം.
അതീവരഹസ്യമായിട്ടായിരിക്കണം ചർച്ചകളെന്ന കർശന നിർദേശം സന്ദീപിന് കോൺഗ്രസ് നേതാക്കൾ നൽകിയിരുന്നു. ഹരിഗോവിന്ദാണ് സന്ദീപ് വാര്യരുമായി ആദ്യം സംസാരിച്ച് കോൺഗ്രസിലേക്ക് വരാനുള്ള താത്പര്യമുണ്ടെന്ന വിവരം നേതൃത്വത്തെ അറിയിക്കുന്നത്. പിന്നാലെ നേതൃത്വത്തിൻ്റെ നിർദേശപ്രകാരം ബെന്നി ബെഹന്നാൻ ചർച്ചകൾ നടത്തി. സംഘപരിവാർ പ്രത്യയശാസ്ത്രം തള്ളിപ്പറഞ്ഞും രാഷ്ട്രീയ ജീവിതത്തിലുടനീളം വിമർശിക്കുകയും തള്ളിപ്പറയുകയും ചെയ്ത രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും അംഗീകരിച്ചുമുള്ള നിലപാട് സന്ദീപ് സ്വീകരിച്ചതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദീപ് വാര്യരുമായി ചർച്ച നടത്തി. പിന്നീട് കെ.സി വേണുഗോപാലും സന്ദീപുമായി ഫോണിൽ സംസാരിച്ചു. വിഡി സതീശൻ നടത്തിയ ചർച്ചയിൽ കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും ഉണ്ടായിരുന്നു.
അതേസമയം നാളുകളായി സന്ദീപുമായി രസത്തിലലായിരുന്ന കെ.സുരേന്ദ്രൻ തികഞ്ഞ പരിഹാസത്തോടെയാണ് സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനത്തോട് പ്രതികരിച്ചത്.
”ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ സന്ദീപിന് അവിടെ കിട്ടട്ടെ. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരാൻ തെരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വിഡി സതീശൻ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോൺഗ്രസിൽ ചേർത്തത്. പാലക്കാട്ടെ വോട്ടർമാർക്ക് അത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നു. ബലിദാനികളുടെ കാര്യത്തിൽ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതൊരു അപ്രസക്തമായ തിരക്കഥയാണ്. ഈ തെരഞ്ഞെടുപ്പിലോ കേരളത്തിലെ ബിജെപിക്ക് അകത്തോ ഇതൊരു ചലനവും ഉണ്ടാക്കുന്നില്ല. നിങ്ങൾ ഉറപ്പിച്ചോളൂ. ഈ കോൺഗ്രസ് പ്രവേശനം ഒരു ചലനവും ഉണ്ടാക്കുന്നില്ല. സന്ദീപിനെതിരെ നേരത്തെയും പാർട്ടി നടപടി എടുത്തതാണ്. ആ നടപടി ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടൊന്നും ആയിരുന്നില്ല. നിങ്ങൾക്കെല്ലാവർക്കും അറിയാം. ഞാനാ നടപടിയുടെ കാര്യങ്ങൾ അന്ന് പുറത്തു പറയാതിരുന്നത് ഒരു രാഷ്ട്രീയ പാർട്ടി പുലർത്തേണ്ട സാമാന്യമായ പാലിക്കേണ്ട മര്യാദയുടെ പേരിൽ മാത്രമാണ്. അതുകൊണ്ട് വിഡി സതീശനും സുധാകരനും ഞാൻ എല്ലാ ആശംസയും നേരുകയാണ്. സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൾ വാഴട്ടെ എന്ന് ഞാൻ ആശംസിക്കുകയാണ്. സന്ദീപ് വാര്യരെ മുറുകെ പിടിക്കാൻ ഞാൻ സുധാകരനോടും സതീശനോടും ഞാൻ വീണ്ടും വീണ്ടും അഭ്യർത്ഥിക്കുകയാണ്.” കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം മുങ്ങാൻ പോകുന്ന കപ്പലിൽ ആണ് സന്ദീപ് വാര്യർ കയറിയതെന്നും സ്നേഹത്തിൻറെ കടയിൽ അല്ല അംഗത്വമെടുത്തതെന്നും വെറുപ്പിൻറെയും പാപികളുടെയും ഇടയിലേക്കാണ് എത്തിയിരിക്കുന്നതെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. ഇനി ഇത്രയും കാലം പറഞ്ഞതൊക്കെ വിഴുങ്ങേണ്ടയെന്നും ഇപ്പോഴെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
പത്മജ വേണുഗോപാലിൻറെ ഫേസ്ബുക്ക് കുറിപ്പ്
കഷ്ടം സന്ദീപേ ,നിങ്ങൾ എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല. ഇനി ഇത്രയും കാലം ശർദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡൻറ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു . രണ്ട് ദിവസമായി ഷാഫിയും സന്ദീപ് വാരിയരും എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചാൽ മതി. സന്ദീപേ ആ ഇരിക്കുന്നതിൽ രണ്ടു പേർക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട്. ബാക്കിയുള്ളവർക്ക് നിങ്ങൾ വരുന്നതിൽ തീരെ താല്പര്യമില്ല. മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ പോയി കയറിയത് ? സ്നേഹത്തിൻറെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തത്. വെറുപ്പിൻറെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്ന് എത്തിയിരിക്കുന്നത്. അതു കാലം തെളിയിക്കും.