തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ അഴിച്ചു പണി. സന്ദീപ് വാര്യരേയും പി.ആർ ശിവശങ്കരനേയും വീണ്ടും ബിജെപി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബിജെപി സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യരെ കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്.
ചാനൽ ചർച്ചകളിലും സോഷ്യൽമീഡിയയിലും ബിജെപിക്കായി തീവ്രമായി വാദിച്ചിരുന്ന സന്ദീപ് വാര്യരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനം വലിയ ചർച്ചയായിരുന്നു. അങ്ങനെയാണ് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത്. വളരെ പെട്ടെന്നാണ് കേരളത്തിൽ ബിജെപിയുടെ പ്രധാന മുഖമായി സന്ദീപ് വാര്യർ ഉയർന്നത്. കഴിഞ്ഞ നിയമ തെരഞ്ഞെടുപ്പിൽ ഷൊർണൂരിൽ നിന്നും സന്ദീപ് വാര്യർ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ഹലാൽ വിവാദത്തോടെയാണ് പാർട്ടി നേതൃത്വവും സന്ദീപ് വാര്യരും തമ്മിൽ അകലാൻ തുടങ്ങിയത്. ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ വാദം. ഹലാൽ വിവാദം ബിജെപി കത്തിച്ചു കൊണ്ടു വരുന്നതിനിടെയായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. വികാരമല്ല, വിവേകത്തോടെ വേണം ഇത്തരം വിഷയങ്ങളിൽ ഇടപെടാനെന്നും ഹിന്ദുവും മുസ്ലീമും പരസ്പരം ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ലെന്നും… ഒരു ഫേസ്ബുക്ക് പോസ്റ്റിട്ട് ഒരു സ്ഥാപനം തകർക്കാൻ സാധിക്കുമെന്നും പക്ഷേ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാക്കുക എല്ലാ മതസ്ഥരുമായിരിക്കുമെന്നുമായിരുന്നു സന്ദീപിൻ്റെ പോസ്റ്റ്.
സംഘപരിവാർ അജൻഡയെ തള്ളിയുള്ള സന്ദീപിൻ്റെ പോസ്റ്റിന് അന്ന് പൊതുസമൂഹത്തിൽ നിന്നും വലിയ പിന്തുണ കിട്ടിയെങ്കിലും നേതൃത്വത്തിന് ഇത് തിരിച്ചടിയായി. ഇതോടെയാണ് അദ്ദേഹത്തെ നേതൃത്വത്തിന് അനഭിമതനായത്. സന്ദീപിനെതിരെ പാർട്ടി നേതൃത്വത്തിന് പലതരം പരാതികൾ വന്നതായും ഇതിനിടെ റിപ്പോർട്ടുകളുണ്ടായി. വൈകാതെ അദ്ദേഹത്തെ ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിന്നും നീക്കി. സംസ്ഥാന കമ്മിറ്റി അംഗത്വം നഷ്ടമായി.ആദ്യം രാജ്യം, രണ്ടാമത് പാർട്ടി, സ്വയം പിന്നീട് എന്നാണ് നിലപാട് എന്നാണ് തനിക്കെതിരായ നടപടിയെക്കുറിച്ച് അന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. സംസ്ഥാന കമ്മിറ്റി അംഗത്വം തിരിച്ചു കിട്ടിയപ്പോഴും അതേ വാക്കുകളാണ് സന്ദീപ് ഫേസ്ബുക്കിൽ വീണ്ടും പങ്കുവച്ചത്.