മസ്കറ്റ്: ഒമാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈൻ കമ്പനിയായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ അവസാനിപ്പിക്കുന്നു. ഒക്ടോബർ ഒന്ന് മുതലുള്ള എല്ലാ സർവ്വീസുകളും സലാം എയർ അവസാനിപ്പിച്ചു. ഈ തീയതികളിൽ യാത്രയ്ക്കായി ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുമെന്ന് കമ്പനി ട്രാവൽ ഏജൻസികളെ അറിയിച്ചിട്ടുണ്ട്. സലാം എയറിൻ്റെ വെബ്സൈറ്റിൽ ഒക്ടോബർ ഒന്ന് മുതലുള്ള ബുക്കിംഗ് സൌകര്യവും നിർത്തലാക്കി കഴിഞ്ഞു.
ഇന്ത്യയിലേക്ക് വിമാനങ്ങൾ അയക്കാനുള്ള പരിമിതി മൂലമാണ് സർവ്വീസുകൾ നിർത്തുന്നതെന്നും ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് ശേഷം ബുക്ക് ചെയ്ത യാത്രക്കാർക്കെല്ലാം സർവ്വീസ് റദ്ദാക്കിയതായി കാണിച്ചുള്ള സന്ദേശവും മെയിലുകളും കിട്ടിതുടങ്ങിയിട്ടുണ്ട്. ഇവർക്കെല്ലാം ടിക്കറ്റ് ബുക്കിംഗ് തുക പൂർണമായി തിരിച്ചു നൽകും എന്നാണ് സന്ദേശത്തിൽ ഉള്ളത്.
മസ്കത്തിൽ നിന്നും തിരുവനന്തപുരം, ലക്നൌ, ജയ്പുർ സെക്ടറുകളിലേക്കും സലാലയിൽ നിന്നും കോഴിക്കോട്ടേക്കുമാണ് നിലവിൽ സലാം എയർ സർവ്വീസ് നടത്തുന്നത്. ഇതു കൂടാതെ ചില കണക്ഷൻ സർവ്വീസുകളും സലാം എയറിൻ്റേതായി ഉണ്ട്. ഒക്ടോബർ ഒന്ന് മുതൽ കോഴിക്കോട്ടേക്ക് പ്രഖ്യാപിച്ച പുതിയ സർവ്വീസും റദ്ദാക്കിയ കൂട്ടത്തിലുണ്ട്.
എത്രകാലത്തേക്കാണ് സർവ്വീസ് നിർത്തുന്നതെന്നോ സർവ്വീസ് പുനരാരംഭിക്കുമോ എന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. ബജറ്റ് എയർലൈനായ സലാം എയറിൽ കുറഞ്ഞ തുകയ്ക്ക് യാത്ര ചെയ്യാനാവും എന്നത് പ്രവാസികൾക്ക് വലിയ പ്രതീക്ഷയും ആശ്വാസവും നൽകിയിരുന്ന വാർത്തയാണ്. വരുന്ന ആഴ്ചകളിൽ നിരവധി മലയാളികളാണ് സലാം എയർ വഴി യാത്ര ചെയ്യാൻ ബുക്ക് ചെയ്തിരുന്നത്. ഇവർക്കെല്ലാം ഇനി കൂടിയ നിരക്കിൽ റീബുക്ക് ചെയ്യേണ്ടി വരും. വിമാനസർവ്വീസ് കുറയുന്നതോടെ ടിക്കറ്റ് നിരക്ക് വീണ്ടും ഉയർന്നേക്കാം എന്നതാണ് മറ്റൊരു പ്രതിസന്ധി.
സലാം എയർ ഏജൻ്റുമാർക്ക് അയച്ച കത്തിൽ പറയുന്നത്…
പ്രിയ വ്യാപാര പങ്കാളികളേ,
2023 ഒക്‌ടോബർ 01 മുതൽ ഇന്ത്യയിലേക്കുള്ള ഞങ്ങളുടെ ഫ്ലൈറ്റുകൾ ഞങ്ങൾ നിർത്തുക്കുകയാണെന്ന് ഖേദപൂർവ്വം അറിയിക്കുന്നു. ഈ തീരുമാനം അത്ര എളുപ്പമുള്ളതായിരുന്നില്ല, ഇന്ത്യയിലേക്ക് വിമാനങ്ങൾ അയക്കാനുള്ള പരിമിതി കാരണമാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്.
ഇതുമൂലം നിങ്ങൾക്കുണ്ടാവാൻ ഇടയുള്ള ബുദ്ധിമുട്ടുകൾക്ക് ഞങ്ങൾ മാപ്പ് പറയുന്നു. ഈ തീരുമാനം മൂലം യാത്രക്കാർക്കും നിങ്ങൾക്കുംഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്ന് മുതൽ റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും കംപ്ലീറ്റ് റീഫണ്ട് അനുവദിക്കും.
റീഫണ്ട് പ്രക്രിയ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾക്ക് ഞങ്ങളുടെ ടീമിനെ ബന്ധപ്പെടാം