യുവഎഴുത്തുകാരിൽ ശ്രദ്ധേയനായ പി.വി ഷാജി കുമാറിൻ്റെ ‘സാക്ഷി’ സിനിമയാവുന്നു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യമായി ഒരു കോഴി കൊലക്കേസ് സാക്ഷിയായ സംഭവമാണ് സാക്ഷി എന്ന കഥയുടെ അടിസ്ഥാനം.
1993-ൽ കാസർകോട് ഉള്ളാലിൽ നടന്ന ദേവലോകം ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് സാക്ഷി എന്ന കഥ രചിക്കപ്പെട്ടിരിക്കുന്നത്. നവാഗതനായ രാഹുൽ ശർമയാണ് സാക്ഷിയ്ക്ക് ദൃശ്യാവിഷ്കാരം ഒരുക്കുന്നത്. മിഥുൻ മാനുവൽ തോമസിൻ്റെ അസോസിയേറ്റാണ് രാഹുൽ ശർമ. ഒരു കോമഡി ചിത്രം എന്ന നിലയിലാണ് സാക്ഷിയെ സമീപിക്കുന്നതെന്ന് പി.വി ഷാജി കുമാർ പറഞ്ഞു.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അസാധു എന്ന ഷാജി കുമാറിൻ്റെ കഥയും സിനിമയാവുന്നുണ്ട്. ദീപു ലാൽ ആണ് ഈ സിനിമയുടെ സംവിധായകൻ. റിസോർട്ട് പൊളിറ്റ്ക്സ് പശ്ചാത്തലമായി വരുന്ന കഥയാണ് അസാധുവിൻ്റേത്. ഷാജികുമാറിൻ്റേതായി ഒടുവിൽ വന്ന ഹിറ്റ് നോവൽ മരണവംശം സിനിമയാകുമെന്ന് കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. മരണവംശത്തിന് ചലച്ചിത്രഭാഷ്യമൊരുക്കുന്നത് നടൻ കൂടിയായ രാജേഷ് മാധവനാണ്. ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറും തിങ്കളാഴ്ച നിശ്ചയം സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും കൂടിയാണ് രാജേഷ് മാധവൻ. വലിയ ക്യാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് വർക്ക് തുടരുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ള ഈ സിനിമകൾക്കെല്ലാം തുടക്കമിടാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ ഷാജി കുമാർ പറഞ്ഞു.
ഷാജികുമാറിൻ്റെ വാക്കുകൾ –
ഞാനങ്ങനെ സിനിമയ്ക്ക് പിറകേ പോകുന്ന ആളല്ല. കഥ വായിച്ചാണ് പലരും ഇങ്ങോട്ടേക്ക് ഒരു സിനിമ എന്ന ആശയവുമായി സമീപിക്കുന്നത്. സിനിമയേക്കാളും നമ്മുക്ക് സമാധാനം തരുന്നത് ഒരു സ്വസ്ഥമായ ജീവിതമാണ് നമ്മുടെ കാര്യങ്ങളൊക്കെ നോക്കി അങ്ങനെ പോകുക എന്നതാണ്. എങ്കിലും ഈ അടുത്ത് എൻ്റെ ചില കഥകൾ സിനിമയാക്കാൻ വഴിയൊരുങ്ങിയിട്ടുണ്ട്.
അതിലൊന്ന് ഒരു കോഴി പൊലീസ് സാക്ഷിയായി കോടതിയിൽ വന്ന ദേവലോകം കൂട്ടക്കൊലകേസിനെക്കുറിച്ചുള്ള കഥയാണ്. കാസർഗോഡ് ഉള്ളാലിൽ നടന്ന ഒരു സംഭവമാണത്. ഒരു വ്യാജസിദ്ധനാൽ ദമ്പതികൾ കൊല്ലപ്പെട്ടു. കേസ് അന്വേഷിച്ച പൊലീസ് പ്രതിയായ സിദ്ധൻ കൊണ്ടു വന്ന ആ കോഴിയെ കേസിൽ സാക്ഷിയാക്കി.
മുപ്പത് വർഷം മുൻപ് നടന്ന ഈ സംഭവത്തെ ആസ്പദമാക്കി ഞാൻ സാക്ഷി എന്നൊരു കഥ എഴുതിയിരുന്നു. ആ കഥ വായിച്ച മിഥുൻ മാനുവൽ തോമസിൻ്റെ അസോസിയേറ്റ് ഡയറക്ടർ രാഹുൽ ശർമ എന്നെ സമീപിച്ച് അതൊരു സിനിമയാക്കാം എന്നൊരു ആശയം മുന്നോട്ട് വച്ചു. അടുത്ത വർഷം ആദ്യത്തോടെ ആ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കോമഡി സിനിമ എന്ന നിലയിലാണ് അതിനെ ഞങ്ങൾ സമീപിക്കുന്നത്.
മറ്റൊന്ന് റിസോർട്ട് പൊളിറ്റിക്സ് അടിസ്ഥാനമാക്കി ഞാനെഴുതിയ അസാധു എന്നൊരു കഥയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഈ കഥ വന്നത്. കായംകുളം കൊച്ചുണ്ണി അടക്കമുള്ള സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ദീപു ലാൽ ഇതൊരു സിനിമയാക്കാനുള്ള ശ്രമത്തിലാണ്. അതൊരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് പ്ലാൻ ചെയ്യുന്നത്.
മരണവംശം വലിയൊരു ക്യാൻവാസിലാണ് രാജേഷ് സിനിമയാക്കാൻ പ്ലാൻ ചെയ്യുന്നത്. നിലവിൽ അദ്ദേഹം കുറേ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. അതിനു ശേഷം ഈ സിനിമയിലേക്ക് ഞങ്ങൾ കടക്കും. പല കാലഘട്ടത്തിലൂടെ പോകുന്ന ഒരു സിനിമയായത് കൊണ്ട് തന്നെ വലിയൊരു ക്യാൻവാസിലാണ് ആ ചിത്രം പ്ലാൻ ചെയ്യുന്നത്. അതിനുള്ള തയ്യാറെടുപ്പുകൾ ഒരു തുടരുകയാണ്.