അബുദാബി: അഞ്ചര പതിറ്റാണ്ട് കാലം യുഎഇ ജനതയുടെ ആരോഗ്യപരിപാലനത്തിനായി പ്രവർത്തിച്ച മലയാളി ഡോക്ടർക്ക് അപൂർവ്വ ആദരവുമായി അബുദാബി ഭരണകൂടം. പത്തനംതിട്ട സ്വദേശിയായ ഡോ.ജോർജ്ജ് മാത്യുവിൻ്റെ പേരിലാവും അബുദാബിയിലെ ഒരു റോഡ് ഇനി അറിയപ്പെടുക.
അബുദാബി അൽ മഫ്രകിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡിനാണ് ജോർജ്ജ് മാത്യു സ്ട്രീറ്റ് എന്ന് അധികൃതർ നാമകരണം ചെയ്തിരിക്കുന്നത്. യുഎഇയുടെ ക്ഷേമത്തിനും വികസനത്തിനുമായി പ്രവർത്തിവരെ ആദരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിൻ് ഈ നടപടി. ഒരു ജനറൽ പ്രാക്ടീഷ്യണറായി തുടങ്ങി യുഎഇ രാജകുടുംബത്തിൻ്റെ മെഡിക്കൽ ഓഫീസറായി വരെ വളർന്ന ഡോ.ജോർജ്ജ് മാത്യുവിനെ നേരത്തെ അബുദാബി അവാർഡ് നൽകിയും ഭരണകൂടം ആദരിച്ചിരുന്നു.
ജോർജ്ജിൻ്റെ യാത്ര
പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഡോ.ജോർജ്ജ് മാത്യു 1940 മാർച്ച് 30-നാണ് ജനിച്ചത്. തുമ്പമണ് ഹൈസ്കളിലും ചങ്ങനാശ്ശേരി എസ്.ബി കോളേജ്, പന്തളം എൻഎസ്എസ് കോളേജ് എന്നിവിടങ്ങളിലുമായി സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1965ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടി ഡോ.ജോർജ്ജ് മാത്യ പുറത്തിറങ്ങുന്നത്. അധികം വൈകാതെ വിവാഹവും കഴിഞ്ഞു. അന്നു കുവൈത്തിലായിരുന്ന ഭാര്യപിതാവ് ബെഞ്ചമിൻ്റെ താത്പര്യ പ്രകാരം അമേരിക്കയിലോ ഇംഗ്ലണ്ടിലോ പോയി ഉപരിപഠനം നടത്താൻ ഡോ.ജോർജ്ജ് ശ്രമമാരംഭിച്ചു.
എന്നാൽ അതിനുള്ള പണം കൈയിൽ ഇല്ലായിരുന്നു. അങ്ങനെയാണ് ഗൾഫിൽ എവിടെയെങ്കിലും ഡോക്ടറായി ജോലി ചെയ്യാം എന്ന് തീരുമാനിച്ചത്. അങ്ങനെ പഠിക്കാനും കുടുംബം പുലർത്താനും വഴി തേടി ഡോ.ജോർജ്ജ് മാത്യു ബഹ്റൈൻ സർക്കാർ സർവ്വീസിൽ ജോലിക്ക് കേറി. അവിടെ ഡോക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് അൽഐനിൽ ഡോക്ടർമാരെ തേടുന്നുവെന്ന പരസ്യം കണ്ടത്. ബഹ്റൈനിലേക്കാൾ മികച്ച ശമ്പളമായിരുന്നു അൽഐനിൽ വാഗ്ദാനം ചെയ്യപ്പെട്ടത്. അന്ന് യുഎഇ എന്ന രാജ്യം പിറവി കൊണ്ടിട്ടില്ല. അങ്ങനെ 1967 മെയ് 14-ന് ഡോ.ജോർജ്ജ് ബഹ്റൈനിൽ നിന്നും ഭാര്യയ്ക്കൊപ്പം അബുദാബിയിലെത്തി.
വലിയ പ്രതീക്ഷയോടെ അബുദാബിയിലേക്കുള്ള വരവ് വിമാനമിറങ്ങിയപ്പോൾ തീർന്നു. റൺവേയില്ലാത്ത അബുദാബി വിമാനത്താവളത്തിലെ മണലിലായിരുന്നു വിമാനം ലാൻഡ് ചെയ്തത്. ടെർമിനൽ ഇല്ലാത്തതിനാൽ എമിഗ്രേഷൻ നടപടി വിമാനത്തിന് അകത്ത് വച്ചു നടന്നു. പുറത്തിറങ്ങിയപ്പോൾ കണ്ടത് ഒരു കുഗ്രാമം. റോഡില്ല വൈദ്യുതിയില്ല വെള്ളമില്ല. അബുദാബി മെഡിക്കൽ ഡയറക്ടറും ഇംഗ്ലീഷുകാരനുമായ ഹോർണി ബ്ലൂവിൻ്റെ റൂമിൽ പോലും എ.സിയില്ല എന്ന് കണ്ടതോടെ ആകെ നിരാശയായി. അടുത്ത വിമാനത്തിൽ തന്നെ തിരിച്ചു ബഹ്റൈനിലേക്ക് പോയാലോ എന്നായിരുന്നു നിരാശനായ ഡോ.ജോർജ്ജ് ഭാര്യയോട് അപ്പോൾ ചോദിച്ചത്.
എന്നാൽ ആഴ്ചകൾക്ക് മുൻപ് ജോർദ്ദാനിലെ ഹുസൈൻ രാജാവ് അബുദാബിയിൽ സന്ദർശനത്തിന് വന്നപ്പോൾ താമസിച്ച സർക്കാർ ഗസ്റ്റ് ഹൗസിലായിരുന്നു ഡോക്ടർ ജോർജ്ജിനും ഭാര്യയ്ക്കും താമസസൗകര്യം ഒരുക്കിയത്. ഇതോടെ ഒന്നു നിന്നു നോക്കാം എന്ന നിലപാടിലേക്ക് ഡോക്ടർ എത്തി. രണ്ട് ദിവസം അബുദാബിയിൽ വിശ്രമം, മൂന്നാം നാൾ ജോലി സ്ഥലമായ അൽ ഐനിലേക്ക് പുറപ്പെട്ടു.
മണലിലൂടെയായിരുന്നു യാത്ര. ചില മരങ്ങളും കാടും മറ്റും അടയാളം വച്ചാണ് ഡ്രൈവർ വണ്ടി ഓടിക്കുന്നത്. മരുഭൂമിയിലൂടെ ഒൻപത് മണിക്കൂറിലേറെ യാത്ര ചെയ്താണ് അന്ന് അബുദാബിയിൽ നിന്നും അൽ ഐനിലെത്തിയത്. അൽ ഐനിൽ ഒരു ക്ലിനിക്ക് തുടങ്ങുക എന്ന ഉത്തരവാദിത്തമാണ് ഭരണകൂടം ഡോക്ടർക്ക് മുന്നിൽ വച്ചത്. അതിനായി രണ്ട് ഫ്ളാറ്റുകളും അനുവദിച്ചു. ഒന്നിൽ ഡോക്ടർക്കും കുടുംബത്തിനും താമസിക്കാം അടുത്ത ഫ്ളാറ്റിൽ ക്ലിനിക്ക് സജ്ജമാക്കാം. സഹായത്തിന് മലയാളികളായി നഴ്സിംഗ് ദമ്പതികൾ വില്ല്യംസും മറിയാമ്മയും.
മറ്റു വഴിയൊന്നുമില്ലാതെ മനസ്സിലായതോടെ ഡോക്ടർ രണ്ടും കൽപിച്ച് ദൗത്യമേറ്റെടുത്തു. അങ്ങനെ അൽ ഐനിൽ ആദ്യത്തെ സർക്കാർ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. കാൽലക്ഷത്തോളമായിരുന്നു അന്ന് അൽഐനിലെ ജനസംഖ്യ. അതിലാകെ മൂവായിരത്തോളം പേർ മാത്രമാണ് സ്വദേശികൾ ബാക്കിയെല്ലാം ഇറാനികളും പാകിസ്ഥാനികളും ഇന്ത്യക്കാരും.
അൽ ഐനിലെത്തി നാലാം മാസമാണ് അബുദാബി ഭരണാധികാരിയായ ഷെയ്ഖ് സായീദിനെ ഡോക്ടർ ജോർജ്ജ് മാത്യു ആദ്യമായി കാണുന്നത്. ആദ്യം കണ്ടപ്പോൾ അദ്ദേഹം കാര്യമായി ഒന്നും സംസാരിച്ചില്ല. എന്നാൽ ഒരുപാട് നേരം മാറി നിന്നു ഡോക്ടറെ നിരീക്ഷിച്ചു. അൽ ഐനിൽ ആശുപത്രി തുടങ്ങാനുള്ള ചുമതല ഡോക്ടറെ ഏൽപിച്ചാണ് ഷെയ്ഖ് മടങ്ങിയത്. മുന്നിലെത്തുന്ന ആളെ നോട്ടത്തിൽ അളന്നെടുക്കുന്ന ഷെയ്ഖ് സായീദിൻ്റെ രീതി ഡോക്ടർക്ക് അപ്പോഴാണ് പിടികിട്ടിയത്.
ഷേയ്ഖ് സായിദിന്റെ നിർദേശം കിട്ടി ഒരുമാസത്തിനകം 15 കിടക്കകളോടെ അൽഐനിലെ ആദ്യ സർക്കാർ ആശുപത്രി ഡോക്ടർ ആരംഭിച്ചു. 1969ലായിരുന്നു അത്. അൽഐനിലെ ജനങ്ങൾക്കും പ്രവാസികൾക്കും ഇടയിൽ അപ്പോഴേക്കും ഡോക്ടർ പോപ്പുലറായിരുന്നു. എല്ലാവരേയും കേൾക്കാനും ആശ്വാസം പകരാനും പരിമിതകൾക്കിടയിലും മികച്ച ചികിത്സ നൽകാനും ഡോക്ടർ ശ്രമിച്ചു. കുത്തിവച്ചാലെ ജനങ്ങൾക്ക് ഡോക്ടറെ വിശ്വാസം വരൂ എന്ന മെഡിക്കൽ ഡയറക്ടർ ഹോർണി ബ്ലൂവിൻ്റെ നിർദേശവും ഡോക്ടർ അക്ഷരം പ്രതി നടപ്പാക്കി. കുത്തിവച്ചാണ് താൻ പേരെടുത്ത ഡോക്ടറായതെന്ന് ഡോ.ജോർജ് മാത്യു പിന്നീട് തമാശയായി പറഞ്ഞിട്ടുണ്ട്.
വസൂരി വ്യാപനമായിരുന്നു അൽ ഐനിലെത്തിയ ഡോക്ടർ നേരിട്ട ആദ്യ ആരോഗ്യപ്രതിസന്ധി. നിരവധി പേർ വസൂരി ബാധയെ തുടർന്ന് അൽഐനിൽ മരണപ്പെടുന്ന നിലയുണ്ടായി. അതോടെ 40 കിടക്കകളുള്ള മറ്റൊരു ആശുപത്രി കൂടി തുടങ്ങാൻ ഷെയ്ഖ് സായിദ് ഡോക്ടറോട് നിർദേശിച്ചു. ആ ദൗത്യവും ഡോക്ടർ നിറവേറ്റി.
ചേർത്തു നിർത്തിയ ഷെയ്ഖ് സായീദ്
പക്ഷേ അൽഐനിലെ ജീവിതം അപ്പോഴും ഡോക്ടർക്ക് വെല്ലുവിളിയായിരുന്നു. വൈദ്യുതിയുടേയും വെള്ളത്തിൻ്റേയും ക്ഷാമം വലിയ ബുദ്ധിമുട്ടായിരുന്നു. ഫ്ളാറ്റിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള ചെറിയൊരു അരുവിയിൽ രാത്രിയിൽ പോയിട്ടായിരുന്നു കുളിയൊക്കെ കുടിക്കാനും പാചകം ചെയ്യാനും അരുവിയിലെ വെള്ളം തന്നെ ശരണം. അങ്ങനെ ആകെ മൊത്തം അഭയാർത്ഥി ജീവിതം. ഇംഗ്ലണ്ടിൽ പോയി പിജി പഠിക്കുക എന്ന ലക്ഷ്യവും ബാക്കി നിൽക്കുന്നു. അങ്ങനെ അൽ ഐനിലെത്തി നാലാം വർഷം 1971-ലെ ഒരു ദിവസം ഡോക്ടർ ജോർജ്ജ് മാത്യു ഷെയ്ഖ് സായീദിനെ കാണാനെത്തി. അൽ ഐൻ വിടാനും ഉപരിപഠനത്തിന് പോകാനുമുള്ള തൻ്റെ ആഗ്രഹം അറിയിച്ചു. എല്ലാ ശാന്തമായി കേട്ടു നിന്ന ഷെയ്ഖ് സായിദ് നീണ്ട ആലോചനയ്ക്ക് ശേഷം ഡോക്ടറോട് ഇത്രമാത്രം പറഞ്ഞു.
ഈ രാജ്യം ഒരിക്കൽ ലോകത്തെ മുൻനിര രാജ്യമായി മാറും. ആരോഗ്യരംഗത്തടക്കം ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടാവും. ഏറ്റവും മികച്ച വിദ്യാഭ്യാസവും ചികിത്സയും ഇവിടെ ലഭിക്കും. അപ്പോൾ നിങ്ങൾ ഇങ്ങോട്ട് തിരിച്ചുവരാൻ ആഗ്രഹിച്ചാൽ നടന്നെന്ന് വരില്ല. അങ്ങിവിടെ തുടരണം ഞങ്ങൾക്കെല്ലാം നിങ്ങളെ ഇഷ്ടമാണ്.
അൽ ഐൻ്റെ മുൻ ഗവർണർ കൂടിയായ ഷെയ്ഖ് സായിദിന് ഡോക്ടർ ജോർജ്ജ് മാത്യുവിൽ അത്രയ്ക്ക് ഉണ്ടായിരുന്നു വിശ്വാസവും പ്രതീക്ഷയും. ആ വാക്കുകളെ ഡോ.ജോർജ്ജും വിശ്വസിച്ചു. അൽ ഐനിൽ തുടരാൻ അദ്ദേഹം തീരുമാനിച്ചു. അൽ ഐൻ ജില്ലാ മെഡിക്കൽ ഓഫീസറായി ഡോക്ടറെ ഷെയ്ഖ് സായീദ് നിയമിച്ചു. 1981-ൽ 420 കിടക്കകളുള്ള തവാം ആശുപത്രിയുടേയും മെഡിക്കൽ കോളേജിൻ്റേയും നിർമ്മാണം ആരംഭിച്ചതോടെ അൽഐനിലെ ആരോഗ്യരംഗം പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു. അബുദാബിയിലെ പ്രധാന ആരോഗ്യപരിപാലന കേന്ദ്രമായി ഈ ആശുപത്രി ഇന്നും തുടരുന്നു. 700 കിടക്കകളുള്ള പുതിയ ആശുപത്രിയുടെ നിർമ്മാണം ഇപ്പോൾ പുരോഗമിക്കുന്നു.
2004 -ൽ ഷെയ്ഖ് സായീദിൻ്റെ പൂർണ ചിലവിൽ ഇംഗ്ലണ്ടിൽ പോയി ഉപരിപഠനം നടത്തി. ഏകമകൾ മറിയം പ്രിയ ജോർജ്ജിൻ്റെ പഠനം കഴിഞ്ഞപ്പോൾ നാട്ടിലേക്ക് തിരിച്ചു പോകാൻ ഡോ.ജോർജ്ജിന് പദ്ധതിയുണ്ടായിരുന്നു. അതിനായി ബെംഗളൂരുവിൽ സ്വന്തമായി വീട് വച്ചു. കൊച്ചിയിൽ ഒരു ഫ്ളാറ്റും വാങ്ങി. തീരുമാനം രാജകുടുംബത്തെ അറിയിച്ചപ്പോൾ മൂന്ന് പതിറ്റാണ്ടിന് മുൻപ് സംഭവിച്ച പോലെ നഹ്യാൻ കുടുംബം ജോർജ്ജിനെ വീണ്ടും സ്നേഹം കൊണ്ട് ഈ മണ്ണിൽ പിടിച്ചു കെട്ടി. ഡോ.ജോർജ്ജിനും കുടുംബത്തിനും യുഎഇ പൗരത്വം അനുവദിച്ചുള്ള ഉത്തരവിറങ്ങി. യുഎഇയിൽ പതിറ്റാണ്ടുകൾ ജീവിച്ചിട്ടും അപൂർവ്വം വിദേശികൾക്ക് മാത്രമാണ് അങ്ങനെയൊരു ബഹുമതി അതിനു മുൻപ് കിട്ടിയിരുന്നത്
2018- മാർച്ചിലാണ് അബുദാബിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് ഡോ.ജോർജ്ജ് മാത്യുവിന് കിട്ടുന്നത്. അബുദാബി ഭരണകൂടം നൽകിയ ഭൂമിയിലാണ് അദ്ദേഹം വീട് വച്ചത്. ഡോക്ടറുടെ ഏകമകൾ പ്രിയ അൽ ഐൻ ഗവർണറുടെ ഓഫീസിൽ ജോലി ചെയ്യുന്നു.
2004-ൽ ഷെയ്ഖ് സായിദ് വിട പറഞ്ഞെങ്കിലും നഹ്യാൻ കുടുംബം ഇപ്പോഴും ഡോക്ടറെ ചേർത്തു നിർത്തുന്നു. രാജകുടുംബത്തിൻ്റെ ഡോക്ടറായി ഇപ്പോഴും അദ്ദേഹം തുടരുന്നു. സ്വദേശികളെ പോലെ അറബി സംസാരിക്കുന്ന ഡോക്ടർക്ക് അൽ ഐനിലെവിടെയും സുഹൃത്തുകളുണ്ട്. ഡോക്ടർക്ക് അറിയാത്ത ഇടങ്ങളോ വഴികളോ ഇല്ല അൽ ഐനിൽ. ഡോക്ടറുടെ കണ്മുൻപിൽ അബുദാബിയും ദുബായിയും എല്ലാ ലോകോത്തര നഗരങ്ങളായി വളർന്നു. എങ്കിലും അൽ ഐൻ വിട്ട് ഡോക്ടർ പോയില്ല. ദുബായിലും അബുദാബിയിലും ഔദ്യോഗികമോ വ്യക്തിപരമോ ആയ ആവശ്യങ്ങൾക്ക് പോയാലും അൽഐനിൽ രാത്രിക്ക് മുൻപേ മടങ്ങിയെത്തണം എന്ന് ഡോക്ടർക്ക് നിർബന്ധമാണ്. അൽഐൻ ഗവർണറുടെ ഉപദേശകൻ, പ്രസിഡൻഷ്യൽ വകുപ്പിലെ പ്രൈവറ്റ് ഹെൽത്ത് വിഭാഗം തലവൻ എന്നതാണ് നിലവിൽ ഡോക്ടറുടെ ഔദ്യോഗിക ചുമതല.
ഷെയ്ഖ് സായിദിനൊപ്പം പ്രവർത്തിക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഡോക്ടർ ജോർജ്ജ് മാത്യു ഇപ്പോഴും കാണുന്നത്. മനുഷ്യത്വമാണ് അദ്ദേഹത്തിൽ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം എന്നു പറയുന്നു ഡോക്ടർ. അൽ ഐനിലെ ആദ്യ നാളുകളിലൊന്നിൽ ഡോക്ടറോടെ ഷെയ്ഖ് സായിദ് പറഞ്ഞതും അതായിരുന്നു. സ്വദേശികളോ വിദേശികളോ ആരുമാകട്ടെ ഒരു മനുഷ്യനും ഈ മണ്ണിൽ കിടന്ന് കഷ്ടപ്പെടരുത് – തനിക്ക് ആവും വിധം ആ വാക്കുകൾ പാലിച്ചുവെന്ന് പറയുന്നു ഡോക്ടർ ജോർജ്ജ് ആറ് പതിറ്റാണ്ടിനോട് അടുക്കുന്ന പ്രവാസ ജീവിതത്തിനിടെ മൂവായിരത്തിലേറെ പേർക്ക് ജോലി വാങ്ങി കൊടുക്കാനായതാണ് അദ്ദേഹത്തിന് ഏറെ അഭിമാനം നൽകുന്ന മറ്റൊരു കാര്യം.
ലോകത്തെ വേറെയേതെങ്കിലും ഒരു ദേശത്ത് ഇങ്ങനെയൊരു സ്വീകരണമോ കരുതലോ സുരക്ഷിതത്വമോ എനിക്ക് കിട്ടുമോ എന്നറിയില്ല. ഈ നാട്ടിൽ ജാതിമതഭേദമില്ലാതെ മനുഷ്യരെ സ്നേഹിക്കാനും സഹായിക്കാനും എനിക്ക് പറ്റി. ആ സ്നേഹവും കരുതലും എനിക്കും കിട്ടി. വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കൾ മരിച്ചപ്പോൾ ആണ് അവസാനമായി നാട്ടിൽ പോയത്. പിന്നെ പോയിട്ടില്ല. അൽ ഐൻ എൻ്റെ നാട് ലോകത്ത് എവിടെ പോയാലും അൽ ഐനിലെ പോലെ സന്തോഷവും സമാധാനവും എനിക്ക് കിട്ടില്ല – ഡോ. ജോർജ്ജ് മാത്യു പറയുന്നു.