സൗദി അറേബ്യയിലെ അമേരിക്കൻ കോൺസുലേറ്റിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് മരണം. ജിദ്ദയിലെ യു.എസ് കോൺസുലേറ്റിലേക്കാണ് തോക്കുമായി എത്തിയ ആൾ വെടിയുതിർത്തത്. സ്ഥലത്ത് സുരക്ഷാചുമതലയിലുണ്ടായിരുന്ന സൗദി അറേബ്യൻ ഭടൻമാർ ഇയാളെ തിരിച്ചു വെടിവച്ചു. ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടതായാണ് വിവരം. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അക്രമിയുടെ വെടിയേറ്റ് മരിച്ചിട്ടുണ്ട്. ആക്രമണത്തിൽ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കോ അമേരിക്കൻ പൗരൻമാർക്കോ പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെൻ്റ് ന്യൂയോർക്കിൽ അറിയിച്ചു.
ജിദ്ദ ഗവർണറേറ്റിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപത്തേക്ക് കാറിലെത്തിയ ആളെ സുരക്ഷാഉദ്യോഗസ്ഥർ തടഞ്ഞു. ഇയാൾ തോക്കുമായി പുറത്തേക്ക് ഇറങ്ങുന്നത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കാൻ ശ്രമിച്ചു. തുടർന്ന് രണ്ട് ഭാഗത്തും നിന്നും വെടിവയ്പ്പുണ്ടായി. ഇതാണ് രണ്ട് പേരുടെ മരണത്തിൽ കലാശിച്ചത്. – മെക്ക പൊലീസ് വക്താവ് വിശദീകരിച്ചു.
യു.എസ് കോൺസുലേറ്റിൻ്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ഉദ്യോഗസ്ഥനാണ് വെടിയേറ്റ് മരിച്ചതെന്ന് സൗദി വാർത്താ ഏജൻസികൾ അറിയിക്കുന്നു. ഇയാൾ നേപ്പാൾ പൗരനാണ്. വെടിവയ്പ്പിനെക്കുറിച്ച് സൗദി സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ യു.എസ് എംബസിയും ജിദ്ദ കോൺസുലേറ്റും അന്വേഷണത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് അമേരിക്ക അറിയിച്ചു.
ഇതാദ്യമായല്ല ജിദ്ദയിലെ സൗദി കോൺസുലേറ്റിന് നേരെ ആക്രമണമുണ്ടാവുന്നത്. 2016-ൽ ഉണ്ടായ കോൺസുലേറ്റിലെത്തിയ ഒരു ചാവേർ പൊട്ടിത്തെറിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2004-ൽ അഞ്ച് അംഗ അക്രമി സംഘം യുഎസ് കോൺസുലേറ്റിക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയിരുന്നു. സൗദി പൗരൻമാരായ നാല് പേരും കോൺസുലേറ്റിലെ അഞ്ച് ജീവനക്കാരും ആക്രമണത്തിൽ അന്ന് കൊല്ലപ്പെട്ട്. സൗദി സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ അക്രമിസംഘത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പേർ പിടികൂടി.