വാർത്ത അവതാരകയായും ആർ.ജെയായും തുടങ്ങി നിലവിൽ ഒരു റേഡിയോ സ്റ്റേഷൻ ഹെഡായി പ്രവർത്തിക്കുകയാണ് സിന്ധു ബിജു. എഡിറ്റോറിയൽ മൈ സ്റ്റോയിൽ അതിഥിയായി എത്തിയ സിന്ധു മേഘയുമായി സംസാരിക്കുന്നു.
കൈരളി ടിവിയിൽ അവതാരകയായിട്ടാണ് കരിയർ തുടങ്ങുന്നത്. ദൂർദർശൻ മാത്രമുള്ള സ്ഥാനത്ത് കൂടുതൽ ചാനലുകൾ വരുന്ന സമയമായിരുന്നു അത്. അവിടെ നിന്നും ജീവൻ ടിവിയിൽ ന്യൂസ് പ്രൊഡ്യൂസർ ആയിട്ടാണ് ഞാൻ ജോയിൻ ചെയ്യുന്നത്. ചെയ്യുന്ന കാര്യത്തിൽ പൂർണമായും സമർപ്പിക്കുക എന്നതിനപ്പുറം വേറൊന്നും കരിയറിൽ ഞാൻ ചെയ്തിട്ടില്ല. എന്ത് കാര്യത്തിനും പരമാവധി ശ്രമിച്ചിട്ടാണ് ഇവിടെ വരെ എത്തിയത്. ആർ.ജെയായി തുടങ്ങിയ കാലത്ത് അച്ചടി ഭാഷയിൽ സംസാരിക്കുന്ന ആൾ എന്നായിരുന്നു എനിക്കുള്ള വിശേഷണം.. വളരെ കാലമെടുത്താണ് ആ നിലയിൽ നിന്നും മാറിയത്. ഒരു സ്ഥാപനത്തിൽ നമ്മൾ ചേരുമ്പോൾ അവിടുത്തെ ഒരു അന്തരീക്ഷം നമ്മളെ സ്വാധീനിക്കും. അവിടെ നമ്മൾ എത്ര ആഴത്തിൽ നമ്മൾ ഇടപെടുന്നോ അത്രയും നമ്മൾക്ക് അവിടെ ചേർന്ന് പ്രവർത്തിക്കാനാവും.
96.7 എന്ന നമ്പർ പോലും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഏറെ പ്രശസ്തമായ വളരെ സിസ്റ്റമാറ്റിക്കായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൻ്റെ ഭാഗമാക്കുക എന്നത് ചെറിയ കാര്യമല്ല. ആ അർത്ഥത്തിൽ ഹിറ്റ് എഫ്.എമ്മിലെ ജീവിതം പ്രധാനപ്പെട്ടതാണ്. വളരെ ചെറിയ സമയം കൊണ്ട് എനിക്ക് ആ ടീമിൻ്റെ ഭാഗമാകാൻ സാധിച്ചു. അവിടെ നിന്നും പിരിഞ്ഞു പോരുന്നതും വലിയ വേദനിപ്പിക്കുന്ന കാര്യമായിരുന്നു. എൻ്റെ ഫ്രണ്ട് സർക്കിൾ എൻ്റെ വർക്ക് സെക്ടറിൽ ഒതുങ്ങി നിൽക്കുന്നതാണ്. ഹിറ്റ് എഫ്.എമ്മിൽ നിന്നും പോന്ന ശേഷം വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു ഘട്ടത്തിൽ യുഎഇ വിടുന്നത് പോലും ഞാൻ ആലോചിച്ചിരുന്നു. പിന്നീട് ആ ഒരു അവസ്ഥയിൽ നിന്നും ഞാൻ തിരികെ കയറി പോന്നു. ചിലപ്പോൾ പെട്ടെന്ന് ഇമോഷണലാകുമെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ ഞാൻ കരുത്തുറ്റ ഒരാളാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്.
View this post on Instagram
തൊഴിൽ ജീവിതും വ്യക്തി ജീവിതവും ബാലൻസ് ചെയ്യുക എന്നതാണ് മീഡിയ ലൈഫിൽ ഏറ്റവും പ്രധാനം. അതിൽ എനിക്ക് സർവൈവ് ചെയ്യാൻ കാരണം എൻ്റെ ഭർത്താവും മകളും സഹോദരിയുമാണ്. അവരാണ് എന്നെ താങ്ങി നിർത്തുന്നത്. ജോലിയിലെ തിരക്കിൽ മകൾക്ക് എബിസിഡി പറഞ്ഞു കൊടുക്കാൻ പോലും പറ്റാതിരുന്ന ഒരു അമ്മയാണ് ഞാൻ. എന്നാൽ എന്തു കൊണ്ട് എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നു എന്ന് ഒരു ഘട്ടത്തിൽ അവർ മനസ്സിലാക്കും.
ഭർത്താവിൻ്റെ ജോലി മാറ്റത്തോടെയാണ് രാജ്യം വിടുന്ന ഒരു അവസ്ഥയിലേക്ക് വരുന്നത്. ദുബായിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പോയി രണ്ട് മാസം കൊണ്ട് തന്നെ ഞാൻ തിരികെ പോന്നു. റേഡിയോ ഏഷ്യയിൽ അസോസിയേറ്റ് പ്രോഗ്രാം ഹെഡായി നിൽക്കുന്ന സമയത്താണ് ദുബായ് വിടുന്നത്. തിരിച്ചു വന്ന ശേഷം പക്ഷേ ഞാൻ എവിടെയും ജോലിക്ക് ശ്രമിച്ചില്ല. ഓസ്ട്രേലിയയിൽ അവിടുത്തെ സർക്കാർ നടത്തുന്ന റേഡിയോ നെറ്റ് വർക്കിൽ ഞാൻ ഇൻ്റർവ്യൂ അറ്റൻഡ് ചെയ്തു. എല്ലാം പാസ്സായി അവിടെ ജോയിൻ ചെയ്യാം എന്ന നിലയിലാണ് ഞാൻ തിരികെ പോരുന്നത്.
നമ്മൊളൊരു ടീം ലീഡറായി നിൽക്കുമ്പോൾ കുറച്ചാളുകളെ മാത്രമല്ല അവരുടെ ഫാമിലിയെ കൂടെ കൂടിയാണ് ഞാൻ കൈകാര്യം ചെയ്യുന്നത് എന്നാണ് ചിന്തിക്കുന്നത്. എൻ്റെ മകളെ കുറിച്ച് എനിക്ക് സ്വപ്നങ്ങൾ ഉള്ള പോലെ എൻ്റെ ടീമിനെ ഉറ്റുനോക്കുന്ന ഒരുപാട് കുടുംബങ്ങൾ കൂടെയുണ്ട്. അതെല്ലാം ചിന്തിച്ചാണ് ഞാൻ പ്രവർത്തിക്കുന്നതും മുന്നോട്ട് പോകുന്നതും. നല്ലത് പറയാൻ ശ്രമിക്കുക, പറയുന്നത് നടത്താൻ നോക്കുക എന്നത് മാത്രമാണ് എൻ്റെ ചിന്ത. മനസ്സിലുള്ളത് പറയുക എന്നത് മാത്രമാണ് എൻ്റെ രീതി.
എൻ്റെ കുടുംബത്തിലെ രണ്ട് പേർ അതിവ ഗുരുതരമായ ആരോഗ്യനിലയിൽ എത്തിയ അവസ്ഥ ഒരു ഘട്ടത്തിലുണ്ടായി. ആ സമയം ഞാൻ ഈവനിംഗ് ഷോ ചെയ്യുന്ന സമയമാണ്. ആ ദിവസങ്ങളിൽ ജോലി ചെയ്യുന്ന നാല് മണിക്കൂറും ഓഫ് എയറിൽ ഞാനിരുന്ന് കരയുകയായിരുന്നു. എന്നാൽ അന്ന് എന്നെ കേട്ടവർക്കാരും ഞാൻ അങ്ങനെയൊരു അവസ്ഥയിലായിരുന്നു എന്ന് തിരിച്ചറിയാൻ പറ്റിയിട്ടുണ്ടാവില്ല. ജീവിതത്തിൽ അങ്ങനെയും ഒരു കാലം എനിക്കുണ്ടായിരുന്നു.