ദുബായ് മലയാളികളുടെ ജീവിതത്തിൻ്റെ ഭാഗമാണ് ആർ.ജെ നിമ്മിയുടെ ശബ്ദം. യുഎഇയിലെ ഏറ്റവും പ്രശസ്തയായ റേഡിയോ ജോക്കികളിൽ ഒരാളായ നിമ്മി തൻ്റെ ആർ.ജെ ജീവിതത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഭീമ ജ്വല്ലേഴ്സ് – മാർമൂം മൈ സ്റ്റോറിയിൽ. എഡിറ്റോറിയൽ പ്രതിനിധി ലക്ഷ്മിയുമായി നിമ്മി സംസാരിച്ചപ്പോൾ.
രാവിലെ എഴുന്നേൽക്കുമ്പോൾ നമ്മുക്ക് മുൻപിൽ ചിലപ്പോൾ പലതരം പ്രശ്നങ്ങളാവും ഓരോ ദിവസവും ഓരോ പ്രശ്നങ്ങളായിരിക്കും, ഓരോ മൂഡായിരിക്കും. അപ്പോഴും എങ്ങനെയാണ് ദിവസവും ഇത്ര ഹാപ്പിയായി ആളുകൾക്ക് മുൻപിൽ എത്തുന്നത്
അതൊരു ഭയങ്കര ടാസ്കാണ്. എൻ്റെ ടീമിൻ്റെ വലിയ സപ്പോർട്ടാണ് അവിടെ തുണയാവുന്നത്. എൻ്റെയൊരു പെറ്റ് ഡോഗുണ്ട്. ഏഴ് വർഷത്തോളം ഞങ്ങളുടെ കുടുംബത്തിൻ്റെ ഭാഗമായിരുന്നു ആ പെറ്റ് ഡോഗ്. വളർത്തുനായകൾ ഉള്ളവർക്ക് അറിയാം അവർ എത്രത്തോളം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണെന്ന്. ഒരു ഞായറാഴ്ചയാണ് ആ പെറ്റ് ഡോഗ് പോകുന്നത്. വല്ലാത്തൊരു അവസ്ഥയായിരുന്നു. ആകെ തകർന്നു പോയി. അന്നേരം മിഥുൻ എന്നോട് പറഞ്ഞത് നീ വേണേൽ രണ്ട് ദിവസം ലീവെടുത്തോ എന്നാണ്. എന്നാൽ ഞാൻ പറഞ്ഞത് അതു വേണ്ട ഇതെനിക്ക് തീരാത്ത സങ്കടമാണ്, മാറാത്ത സങ്കടമാണ് എന്നാണ്. അതിൽ നിന്നും ഒരൽപം എങ്കിലും ഞാൻ മുക്തി നേടുന്നത് എഫ്.എമ്മിലേക്ക് എത്തുമ്പോൾ മാത്രമാണ്. അതു കൊണ്ട് ലീവെടുക്കാതെ ഞാൻ ജോലിക്ക് പോയി. ജോലിക്കിടയിലും പലപ്പോഴും ഞാൻ നിയന്ത്രണം വിട്ടു കരഞ്ഞിട്ടുണ്ട്. അതൊന്നുംനോക്കരുത് എന്നാണ് അവരോട് പറഞ്ഞത്. എൻ്റെ ഒരു മാനസികാവസ്ഥ തിരിച്ചറിഞ്ഞാവാം. പിന്നെ ഒരു പാട് കാലം പെറ്റ് അനിമൽസിനെക്കുറിച്ച് നമ്മുടെ റേഡിയോയിൽ പറഞ്ഞിട്ടില്ല. എന്നെ വേദനിപ്പിക്കണ്ട എന്നൊരു കരുതലായിരുന്നു ഇത്.
ഒരർത്ഥത്തിൽ ഇതൊരു അനുഗ്രഹമാണ്. നമ്മുക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുക എന്നത്, നിമ്മിയെ നിമ്മിയാക്കി നിർത്തുന്നതിൽ ഈ ജോലി എത്രത്തോളം സഹായം ചെയ്തു
110 ശതമാനം സഹായം ചെയ്തു.. സിംഗ് ആൻഡ് വിൻ എന്ന ചാനൽ ഷോയുടെ അവതാരകയായിട്ടാണ് ഞാൻ തുടങ്ങിയത്. ടെലിവിഷനിൽ ഞാൻ പ്രതീക്ഷിക്കാത്ത സ്വീകരണമാണ് എനിക്ക് കിട്ടിയിരുന്നത്. അതെല്ലാം കഴിഞ്ഞ എഫ്.എമ്മിലേക്ക് വന്നിട്ട് വല്ലാത്ത അവസ്ഥയിലേക്ക് ആണ് പോയത്. വീട്ടിൽ പോയി കരയുകയായിരുന്നു ഞാൻ. കാരണം ഞാൻ ഇവിടെ വരുമ്പോൾ ഒന്നുമല്ല, അതു മാത്രമല്ല എനിക്കൊപ്പം ജോലി ചെയ്യുന്ന മിഥുനും നൈലയും ജോണുമെല്ലാം സ്റ്റാർസാണ്. അതിനിടയിൽ എനിക്ക് എന്തു ചെയ്യാൻ പറ്റും എന്ന ആശങ്കയും അരക്ഷിതാവസ്ഥയുമായിരുന്നു. അന്നെൻ്റെ സാറായിരുന്ന അജിത്ത് മേനോൻ ആണ് എനിക്ക് ധൈര്യം നൽകിയത്. ബാക്കിയുള്ളവരെ പോലെ പ്രസൻ്റ് ചെയ്യാതെ സ്വന്തം ക്യാരക്ടറിന് അനുസരിച്ച് തുറന്ന് സംസാരിക്കാനും പെരുമാറാനുമാണ് സാർ എന്നോട് പറഞ്ഞത്. അതൊരു പുതിയ വഴിയായിരുന്നു. അന്നു മുതൽ ഞാൻ ഞാനായിട്ട് ശ്രോതാക്കളോട് ഇടപെടാൻ തുടങ്ങി. ആ ബലത്തിലാണ് ഇന്നും ഞാൻ ഇവിടെ നിൽക്കുന്നത്.
സിംഗ് ആൻഡ് വിൻ ഒരു കാലത്ത് വലിയ ജനപ്രിയ ഷോയായിരുന്നു. ഇന്നും ആ ജനറേഷനിലുള്ളവർ ആ പരിപാടി ഓർക്കുന്നു എന്നതാണ്..
പലപ്പോഴും എന്നെ ഞെട്ടിച്ച കാര്യമാണത്. ഷോയുടെ സ്പോൺസർമാരുടെ പേരടക്കം ഇപ്പോഴും ഓർത്തു പറയുന്നവരുണ്ട്. ഞാനും കോ ആങ്കറായ നിഖിലേട്ടനും ഞങ്ങളായി തന്നെ പെരുമാറിയതാണ് ആ പരിപാടിയുടെ വിജയത്തിന് വലിയൊരു കാരണമായത്. ഞങ്ങൾ ഞങ്ങളായി പെരുമാറി എന്നതാണ് ആ ഷോയുടെ വിജയം.
എങ്ങനെയാണ് ഹിറ്റ് എഫ്.എം നിമ്മിയുടെ ജീവിതത്തിലേക്ക് വരുന്നത്
ഞാനിവിടെ വന്ന സമയത്താണ് മോഹൻ സിത്താര സാറിൻ്റെ ഒരു ഗൾഫ് ടൂർ വരുന്നത്. സിംഗ് ആൻഡ് വിൻ കഴിഞ്ഞ് ഞാൻ ഇവിടെ എത്തിയ സമയാണത്. അവർ ഗായകരെ തേടുന്ന സമയമായിരുന്നു അങ്ങനെ അവർക്കൊപ്പം ഞാനും കൂടി. അങ്ങനെ ഒരു പരിപാടിക്കിടെയാണ് എനിക്കൊപ്പം മ്യൂസിക്ക് ബാൻഡിലുണ്ടായിരുന്ന റിയാസ് ഇക്കയെ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് എഫ്.എമ്മിൽ ജോലികിട്ടി ഇവിടേക്ക് വന്നതാണ്. അദ്ദേഹം വഴിയാണ് ഹിറ്റ് എഫ്.എമ്മിലെ അജിത്ത് സാറെ കാണുന്നത്. സാർ ഓഡിഷൻ എടുത്തു വിട്ടു. അന്നു പക്ഷേ അവിടെ ഒഴിവൊന്നും ഇല്ല. പിന്നെ പാർട്ട് ടൈം ആയി വെള്ളി,ശനി ദിവസങ്ങളിലായിരുന്നു തുടക്കം.
അമ്മയാണ് നിമ്മിയുടെ കലാജീവിതത്തിന് കരുത്തായത് എന്ന് പറയാറുണ്ട്
പാട്ട് പഠിക്കണമെന്ന് ഞാൻ കരഞ്ഞ് പറഞ്ഞപ്പോൾ അടുത്ത വീട്ടിലെ ചേച്ചിക്കൊപ്പം അമ്മയാണ് എന്നെ പാട്ട് പഠിക്കാൻ വിട്ടത്. കുറച്ചു കഴിഞ്ഞ് പഠിപ്പിക്കുന്ന സാർ അമ്മയെ വിളിച്ചു വരുത്തിയപ്പോൾ ആണ് അമ്മ അറിയുന്നത് ഞാൻ അത്യാവശ്യം നല്ലോണം പാടുമെന്ന്. അപ്പോഴേക്കും അരങ്ങേറ്റത്തിന് സമയമായി. അരങ്ങേറ്റം കഴിഞ്ഞപ്പോഴേക്കും പാടാനുള്ള താത്പര്യം എനിക്ക് പോയെങ്കിലും അമ്മ അതിലേക്ക് ഇറങ്ങി. കുട്ടിക്കാലത്ത് പിന്നെ ശനി, ഞായർ ദിവസങ്ങളൊക്കെ പാട്ടും നൃത്തപഠനവുമൊക്കെയായി ഞാനാകെ തിരക്കായി.
അങ്ങനെയുള്ള കുട്ടിയാകുമ്പോൾ സ്വാഭാവികമായും കലാവേദികളിലും കലോത്സവങ്ങളിലും സജീവമാകുമല്ലോ?
അതിനുള്ള ചെലവൊന്നും വഹിക്കാനുള്ള ശേഷി അന്ന് അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. സംഗീതമത്സരങ്ങളിലാണ് കൂടുതലായി പങ്കെടുത്തത്. അതാകുമ്പോൾ ഒരു നല്ല പട്ടുപാവാട മാത്രം മതിയല്ല.
നിമ്മിയൊരു അമ്മ കുട്ടിയാണല്ലേ..
തീർച്ചയായും.. അമ്മയോട് ഒന്നും മറച്ചു വച്ചിട്ടില്ല ഞാൻ. എനിക്ക് ഫ്രണ്ട്സൊക്കെയുണ്ടെങ്കിലും അമ്മയോടൊപ്പമാണ് സിനിമയ്ക്ക് പോയതും പുറത്ത് കറങ്ങാൻ പോകുന്നതുമെല്ലാം. കുട്ടിക്കാലത്തൊക്കെ എന്നെ സ്കൂളിൽ നിന്നും കൂട്ടി അമ്മ കോഫീ ഹൗസിലൊക്കെ പോകും. അമ്മയില്ലാതെ എനിക്കുംഞാനില്ലാതെ അമ്മയ്ക്കും പറ്റില്ല എന്ന അവസ്ഥയായിരുന്നു.
പിന്നെ എങ്ങനെയാണ് സിംഗ് ആൻഡ് വിന്നിലേക്ക് എത്തുന്നത്
പത്താം ക്ലാസ് വരെ വളരെ ഇൻട്രോവേർഡ് ആയ ആളായിരുന്നു ഞാൻ. എന്തേലും പറയണേൽ അമ്മയോട് പറഞ്ഞ് മറ്റുള്ളവരെ അറിയിക്കുന്ന അവസ്ഥയായിരുന്നു. അതൊന്നും ഇന്നാരും പറഞ്ഞാൽ വിശ്വസിക്കില്ല. സിംഗ് ആൻഡ് വിൻ ഓഡിഷന് പോയി തിരിച്ചു വരുമ്പോൾ തന്നെ അവര് വിളിച്ചു പറഞ്ഞു സെലക്ടായീന്ന്. വീഡിയോ അവതാരകർ സിനിമക്കാരെ പോലെ ആഘോഷിക്കപ്പെട്ടൊരു സമയമായിരുന്നു അത്. അന്ന് കേരളത്തിലെ ഏറ്റവും പോപ്പുലറായ ഷോകളിൽ മുൻനിരയിൽ സിംഗ് ആൻഡ് വിൻ. അതേസമയത്താണ് ഞാൻ വിവാഹം കഴിച്ചു പോകുന്നത്. അതും അമ്മയുടെ തീരുമാനമായിരുന്നു ഞാൻ ഈ പരിപാടിയുമായി മുന്നോട്ട് പോയാൽ എനിക്കൊരു കുടുംബ ജീവിതം ഇല്ലാതെ പോകുമോ എന്ന ആശങ്കയായിരുന്നു അമ്മയ്ക്ക്.
ഇങ്ങനെ ലൈം ലൈറ്റിൽ നിന്നൊരാർ ജനപ്രിയ ഷോയുടെ അവതരാക വളരെ സക്സസ്ഫുളായി ആർ.ജെ.. ഇതൊന്നും അത്ര എളുപ്പമല്ല. എന്തൊക്കെ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നു ഇതിനിടെ…
വളരെ ചെറിയ ലോകത്തെ രാജ്ഞിയാണ് ഞാൻ… ഭർത്താവ്, മകൻ, അമ്മ, ഞാൻ.. അതാണ് എനിക്ക് പ്രധാനം അതിൽ ഊന്നി ജീവിക്കുക എന്നൊരു തീരുമാനം മാത്രമേ ഞാൻ എടുത്തുള്ളൂ അതിനപ്പുറം ഒന്നുമില്ല…
ഈ തിരക്കിനിടെ അവനവന് വേണ്ടി ഒരു സമയം കണ്ടെത്തുക എന്നൊരു കാര്യമില്ലേ ?
എനിക്കായി ഞാൻ എപ്പോഴും സമയം കണ്ടെത്തും. ശനിയും ഞായറും കിട്ടിയാൽ വീട്ടിലെ സോഫയിൽ ചുമ്മാ നെറ്റ്ഫിള്കിസും ബ്രൗസ് ചെയ്ത് ഇരിക്കുക എന്നതാണ് എൻ്റെ സന്തോഷം. അതിനു വേണ്ടി ഞാൻ പല കാര്യങ്ങളും മാറ്റി വച്ചിട്ടുണ്ട്. പല നുണകളും പറഞ്ഞ് പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.
20 വർഷമായി യുഎഇയിലുള്ള ഒരു എഫ്.എം സ്റ്റേഷനും അതിലെ ആർജെകളും, ഇത്രയും കാലമായിട്ടും മുൻനിരയിൽ നിൽക്കാൻ നിങ്ങൾക്ക് സാധിക്കുന്നതിന് എങ്ങനെയാണ്.
നമ്മൾ എപ്പോൾ നമ്മളോട് പ്രായമായി എന്നു നമ്മളോട് പറയുന്നോ അപ്പോൾ നമ്മുക്കും പ്രായമായി.. നമ്മുടെ ചിന്തകൾ എപ്പോഴും പുത്തനായിരിക്കുക എന്നതാണ്.
ഇരുപതുകാരൻ്റെ അമ്മയാണ് ?
അതെ ഞാൻ അവനോട് പറയാറുണ്ട്.. ഞാൻ ഒരു പക്ഷേ ഡാൻസ് കളിക്കേണ്ട പ്രായത്തിൽ ഞാൻ അവനെ നോക്കി വീട്ടിലിരിക്കായിരുന്നു. അവന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ഞാൻ മാറ്റിവച്ചിട്ടുണ്ട്. കാരണം ചെറുപ്രായത്തിൽ അമ്മയായി അവനെ നോക്കിയിരുന്ന ആളാണ് ഞാൻ. ഇന്നിപ്പോൾ അന്നെനിക്ക് സാധിക്കാത്ത പോയ സന്തോഷങ്ങൾ ഞാൻ കണ്ടെത്തുന്നു. ഡാൻസ് ചെയ്യാൻ ഇഷ്ടമാണോ അതു ഷൂട്ട് ചെയ്ത് റീൽ ഇടാൻ ആഗ്രഹമുണ്ടോ… നിങ്ങളത് ചെയ്യുക അത്രയേ ഉള്ളൂ. ചിലരൊക്കെ റീൽ ഇടുമ്പോൾ ഞാൻ പറയാറുണ്ട് അവരുടെ സന്തോഷമല്ലേ അതു ചെയ്യട്ടെ. എല്ലാവരും അവരവരുടെ സന്തോഷം നോക്കണം എന്നേ എനിക്ക് പറയാനുള്ളൂ.
നിമ്മിയുടെ ഫാഷൻ സ്റ്റൈൽ ഫോളോ ചെയ്യുന്ന ഒരുപാട് പേരുണ്ട്… പക്ഷേ യുഎഇയ്ക്ക് വരുന്നതിന് മുൻപ് നിമ്മി വളരെ നാടനായിട്ടുള്ള ആളായിരുന്നു. എങ്ങനെയാണ് ആ മാറ്റം സംഭവിക്കുന്നത്
ഞാൻ ഹിറ്റ് എഫ്.എമ്മിൽ ജോയിൻ ചെയ്ത ശേഷമാണ് ആ മാറ്റം. അവിടെ എല്ലാവരും ട്രെൻഡാണല്ലോ. ആദ്യമൊക്കെ എനിക്കാ കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന അവസ്ഥയായിരുന്നു. ഒരു ചേഞ്ച് ആവശ്യമാണ് എന്ന് എനിക്ക് തന്നെ തോന്നി. അന്ന് നൈലയാണ് എന്നെ സഹായിച്ചത്. എവിടെ എന്തു പരിപാടിക്ക് എന്തിട്ടു പോകണം എന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു. പിന്നെ ഗൂഗിളൊക്കെ വന്നപ്പോൾ അതിലൊക്കെ സെർച്ച് ചെയ്തു വേണ്ട ഡ്രെസ്റ്റ് കണ്ടെത്താൻ തുടങ്ങി. എനിക്ക് കംഫർട്ടിബിളായ ഡ്രസ്സ് ഇടുക എന്നതാണ് എൻ്റെ രീതി.
ബന്ധങ്ങളും സൗഹൃദങ്ങളും നിലനിർത്തുന്നതിൽ നിമ്മി എങ്ങനെയാണ് ?
ഭയങ്കര മോശമാണ്.. പിന്നെ എന്നെ അടുത്തറിയുന്നവർക്ക് എൻ്റെ ഈ സ്വഭാവം അറിയാം. അതു കൊണ്ട് വലിയ കുഴപ്പമില്ല. നീ എന്താ വിളിക്കാത്തത് എന്നൊന്നും അവർ ചോദിക്കാറില്ല. പക്ഷേ അവർക്ക് അറിയാം ഞാൻ ഹായ്, ബൈ എന്നു പറഞ്ഞ് മെസേജ് അയക്കുന്ന ആളല്ല എന്ന്. പക്ഷേ ആർക്കും വിളിപ്പുറത്ത് ഞാനുണ്ട്. ഫ്രണ്ട്ഷിപ്പിന് വലിയ ഇംപോർട്ടൻസ് കൊടുക്കുന്ന ആളാണ് ഞാൻ. എനിക്ക് അധികം സുഹൃത്തുകളില്ല. കൂടുതൽ വലിയ ഫ്രണ്ട്സ് സർക്കിൾ വരുന്നത് പോലും എനിക്ക് പേടിയാണ്. ചുറ്റും നിൽക്കുന്ന മനുഷ്യരെ പരമാവധി സ്നേഹിക്കുക എന്നതാണ്
എങ്ങനെയാണ് കരിയറിൽ ഭർത്താവിൻ്റെ പിന്തുണ
എൻ്റെ ജോലിക്കാര്യത്തിലൊന്നും സന്ദീപേട്ടൻ ഇടപെടാറില്ല. പലപ്പോഴും എൻ്റെ ജോലിതിരക്കിൽ പല കാര്യങ്ങളും മാറ്റിവച്ചിട്ടുണ്ട്. അതിനൊന്നും സന്ദീപേട്ടൻ പരാതി പറഞ്ഞിട്ടില്ല. അദ്ദേഹത്തിൻ്റെ കാര്യങ്ങളിൽ ഞാനും അങ്ങനെ ഇടപെടാറില്ല. ഫാമിലിയോടൊപ്പം യാത്രകൾ പോകുന്ന പോലെ ഫ്രണ്ട്സിനൊപ്പം യാത്രകൾ പോകാനും ഞാൻ പുള്ളിയോട് പറയാറുണ്ട്. അങ്ങനെ പുള്ളി പോകുന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്.
തൊഴിലിടത്തും ഇതേ ഹാപ്പിനസും ഹെൽത്തി റിലേഷനും വർക്ക് അറ്റ്മോസിഫയറും ആവശ്യമാണ്
അതുണ്ട്, അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇത്രയും വർഷമായി ഞങ്ങൾ അവിടെയുള്ളത്. ഇപ്പോ അതൊരു കുടുംബമായി മാറി. പറ്റുന്നത്രയും കാലം അവിടെ തുടരണം എന്നാണ്
ഒരു സഹപ്രവർത്തകൻ എന്നതിനപ്പുറം ആരാണ് മിഥുൻ ചേട്ടൻ
എൻ്റെ ഏറ്റവും വലിയ ധൈര്യമാണ് മിഥുൻ. നമ്മുടെ എന്ത് പ്രശ്നവും അവനോട് പോയി പറഞ്ഞാലും അവന് അത് നിസ്സാരമാക്കി നമ്മളെ സെറ്റാക്കും ഏത് അത്യാവശ്യത്തിലും എനിക്ക് വിളിക്കാവുന്ന ഒരാളാണ് മിഥുൻ. അതിപ്പോ ഏത് പാതിരാത്രിയായാലും എന്ത് കാര്യത്തിനും വിളിച്ചാൽ അവൻ ഫോൺ എടുക്കും
നൈലയെപ്പറ്റി പറഞ്ഞാൽ എന്നെ ഇത്രയും മനസ്സിലാക്കിയ വേറൊരാളില്ല. എൻ്റെ സന്തോഷം സങ്കടം ദേഷ്യം അസൂയ എല്ലാം നൈലയ്ക്ക് അറിയാം. ആരും കാണാത്ത ഒരു നിമ്മിയെ പോലും നൈല കണ്ടിട്ടുണ്ടാവും. നൂറാളുടെ ഇടയിൽ ഞാൻ നിൽക്കുമ്പോൾ എന്തേലും നടന്നാൽ നൈലയ്ക്ക് അറിയാം ഞാൻ എന്താവും ചെയ്യുക, എന്താവും ചിന്തിക്കുക എന്ന്. കൃത്യമായി ആ സമയത്ത് അവളുടെ നോട്ടം എൻ്റെ മേലുണ്ടാവും. ഇതൊന്നും ഒരു ദിവസം കൊണ്ടല്ല കേട്ടോ, 18 വർഷം കൊണ്ട് ഉണ്ടായതാണ്.