കുടുംബാധിപത്യവും താരകേന്ദ്രീകൃതവുമായ കന്നഡ സിനിമയിൽ ഇപ്പോൾ സംഭവിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് കന്നഡ നടൻ റിഷബ് ഷെട്ടിക്ക് ലഭിച്ച മികച്ച നടനുള്ള ദേശീയ പുരസ്കാരം.
സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ കൊമേഴ്സ്യൽ ഹിറ്റായ കെജിഎഫ് ഒന്ന് രണ്ട് പാർട്ടുകളിലൂടെ പ്രശാന്ത് നീലും യാഷും കന്നഡ സിനിമയുടെ തലവര മാറ്റി വരച്ചിട്ട് അധികകാലമായിട്ടില്ല. എന്നാൽ ഇവരുടെ വരവിന് മുൻപേ തന്നെ മൂന്ന് യുവാക്കൾ കന്നഡ സിനിമയുടെ മുഖം മാറ്റി തുടങ്ങിയിരുന്നു ഷെട്ടി ത്രയം എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന രാജ് ബി ഷെട്ടി, റിഷബ് ഷെട്ടി, രക്ഷിത് ഷെട്ടി എന്നിവരായിരുന്നു അവർ.
ആക്ഷൻ മാസ്സ് മസാല സിനിമകൾക്ക് പ്രാമുഖ്യമുള്ള സാൻഡൽവുഡിൽ റിയലിസ്റ്റ് സിനിമകളുടെ വിപ്ലവം സാധ്യമാക്കിയത് റിഷബ് ഷെട്ടി കൂടി ഉൾപ്പെടുന്ന ഷെട്ടി ത്രയമാണ്.
ഉഡുപ്പിയിലെ കുന്താപുരയിൽ ജനിച്ച റിഷബ് ഷെട്ടിയുടെ ശരിയായ പേര് പ്രശാന്ത് ഷെട്ടി എന്നാണ്. കുന്താപുരയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന റിഷബിന് സിനിമ അന്നൊന്നും സ്വപ്നത്തിൽ പോലുമില്ലായിരുന്നു. ബെംഗളൂരു വിജയകോളേജിലെ ബികോം പഠനത്തിനിടയിലാണ് സിനിമയോടുള്ള താത്പര്യം റിഷബിൽ ജനിക്കുന്നത്. വീണു കിടന്ന അവധി ദിവസങ്ങളിൽ കുന്താപുരയിലെ യക്ഷഗാനസംഘത്തോടൊപ്പം ചേർന്നും റിഷബ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഒരു കലാകാരനെന്ന നിലയിൽ റിഷബിൻ്റെ ആദ്യതട്ടകം ഈ യക്ഷഗാന വേദികളായിരുന്നു.
കോളേജ് പഠനത്തിന് ശേഷം വരുമാനത്തിനായി പല ജോലികളും റിഷബ് ചെയ്തു. കുടിവെള്ളം ക്യാനിലാക്കി വിറ്റും റിയൽ എസ്റ്റേറ്റ് ഏജൻ്റായും ജോലി ചെയ്തു. ഇതോടൊപ്പം തന്നെ സിനിമരംഗത്തും അവസരങ്ങൾ തേടുന്നുണ്ടായിരുന്നു. ഇതിനിടെ ബെംഗളൂരുവിലെ ഗവ. ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിൽ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കി. നിരന്തര പരിശ്രമത്തിനൊടുവിൽ സിനിമയിൽ ചെറിയ ജോലികൾ കിട്ടിതുടങ്ങി. ക്ലാപ്പ് ബോയിയായിട്ടായിരുന്നു തുടക്കം. പിന്നെ സ്പോട്ട് ബോയിയായി. ശേഷം അസി.ഡയറക്ടറായി. ഒരു സിനിമയ്ക്കിടെ നായകനായ രക്ഷിത് ഷെട്ടിയെ പരിചയപ്പെട്ടത് വഴിത്തിരിവായി. ഇരുവരും അടുത്ത സുഹൃത്തുകളായി മാറി.
2012-ൽ തുഗ്ലക്ക് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്ത് റിഷബ് അഭിനയരംഗത്തും അരങ്ങേറി. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉള്ളിടവരു എന്ന ചിത്രത്തിലും ഒരു വേഷം റിഷബിന് കിട്ടി. ഇതിനു ശേഷം 2016-ൽ രക്ഷിതിനെ നായകനാക്കി റിക്കി എന്നൊരു ചിത്രം റിഷബ് സംവിധാനം ചെയ്തു. ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ ശരാശരിയിലൊതുങ്ങി. എന്നാൽ അതേവർഷം രക്ഷിത്തിനെ നായകനായി സംവിധാനം ചെയ്ത കിർക്ക് പാർട്ടി ഇൻഡസ്ട്രി ഹിറ്റായി മാറിയതോടെ റിഷബിൻ്രെ തലവരമാറി. ഒരു മികച്ച കൊമേഴ്സ്യൽ സിനിമയായിരുന്നു കിർക്ക് പാർട്ടിയെങ്കിലും കാസർകോട് ജില്ലയിലെ കന്നഡ മീഡിയം സർക്കാർ സ്കൂളിൻ്റെ കഥ പറഞ്ഞ’ സർക്കാരി ഹി പ്ര ശാലെ കാസർകോട് കൊടുങ്കെ എന്ന റിയലിസ്റ്റ് ചിത്രവുമായിട്ടാണ് റിഷബ് വീണ്ടും എത്തിയത് വലിയ പ്രേക്ഷക പ്രശംസ നേടിയ ഈ ചിത്രവും ബോക്സ് ഓഫീസിൽ ഹിറ്റായി. ആ വർഷത്തെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഈ സിനിമ നേടി.
അതുവരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ച റിഷബ് 2019-ൽ ബെൽ ബോട്ടം എന്ന ചിത്രത്തിലൂടെ നായകകഥാപാത്രമായും അരങ്ങിലെത്തി. ഈ ചിത്രവും ഹിറ്റായി. മംഗളൂരുവിലെ ഗുണ്ടാനേതാവായി റിഷബ് അഭിനയിച്ച ഗരുഡ ഗമന വൃക്ഷഭ വാഹനയും മികച്ച വിജയം നേടി. ഇതിനു ഹരികതെ അല്ല ഗിരികതെ എന്ന ചിത്രത്തലും അഭിനയിച്ച റിഷബ് തുടർന്നാണ് സ്വയം രചിച്ച കാന്താര എന്ന ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. കന്നഡയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൌസായ ഹോംബാലെ ഫിലിംസാണ് കാന്താരയുടെ നിർമ്മാതാക്കൾ.
16 കോടി ബജറ്റിൽ നിർമ്മിച്ച കാന്താര കർണാടകയിൽ വൻ വിജയം നേടിയതോടെ മൊഴിമാറ്റം നടത്തി ഇതരഭാഷകളിലും റിലീസ് ചെയ്തു. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രദർശനത്തിന് എത്തിച്ച ഈ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രക്ഷകരിൽ നിന്നും ലഭിച്ചത്. തമിഴ് ഡബ്ബായ റിലീസ് ചെയ്ത ചിത്രം പിന്നീട് മലയാളത്തിലേക്ക് കൂടി മൊഴിമാറ്റിയതോടെ കുടുംബപ്രേക്ഷകരടക്കം ചിത്രം കാണാനായി തീയേറ്ററുകളിലേക്ക് എത്തി. കാന്താര കണ്ടവർക്കെല്ലാം അതൊരു കന്നഡ ചിത്രമായി ഒരിക്കലും അനുഭവപ്പെട്ടില്ല അതിനു പ്രധാന കാരണം മലയാളി സംസ്കാരവുമായി പ്രത്യേകിച്ച് ഉത്തരകേരളത്തിലെ സംസ്കാരിക ഭൂമികയോട് വളരെ സാമ്യമുള്ള അന്തരീക്ഷത്തിലാണ് കാന്താരയുടെ കഥ നടക്കുന്നത് എന്നത് കൊണ്ടായിരുന്നു.
ജീവിതവും സംസ്കാരവും തന്നെയാണ് കാന്താരയിലേക്കുള്ള വിത്തുകൾ റിഷബ് ഷെട്ടിയിൽ പാകുന്നത്. ഉത്തര മലബാറിലും പ്രധാനപ്പെട്ട തെയ്യങ്ങളും കാവുകളും ഗുളികനും പഞ്ചുരുളിയുമാണ് കാന്താരയുടെ ഇതിവൃത്തം. കുന്താപുരയിലും മംഗളൂരുവിലുമായി വളർന്ന റിഷബിന് ഇവിടുത്തെ സാംസ്കാരിക മിത്തുകളെക്കുറിച്ച് പ്രത്യേകിച്ച് ഉത്തരമലബാറിനെക്കുറിച്ച് നന്നായി അറിയാമായിരുന്നു. അതിനാൽ തന്നെ മലയാളികൾക്ക് അതിവേഗം ഈ ചിത്രം കണക്ടായി.
സർക്കാരി ഹി പ്ര ശാലെ കാസർകോട് കൊടുങ്കെ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യാനും റിഷബിന് ബലമായത് ഈ പ്രദേശത്തെക്കുറിച്ചുള്ള അറിവാണ്. ഉത്തരമലബാറിലെ തെയ്യങ്ങളും അവയ്ക്ക് പിന്നിലെ ഐതിഹ്യങ്ങളും വളരെ കൗതുകകരമാണ്. നാട്ടുദൈവങ്ങളും ചരിത്രപുരുഷൻമാരുമെല്ലാം തെയ്യങ്ങളായി ഇന്നും ഈ നാട്ടിലുണ്ട്. ഇത്തരം ഒരു മിത്തിൽ നിന്നും ഒരു സിനിമയുടെ സാധ്യത കണ്ടെത്തുകയും വളരെ കൊമേഴ്സ്യലായി അതു സ്ക്രീനിലെത്തിക്കുകയും ചെയ്തു എന്നതാണ് റിഷബ് ഷെട്ടിയുടെ വിജയം.
കാന്താരയുടെ വൻവിജയത്തിന് ശേഷം കാന്താര പാർട്ട് വൺ എന്ന ചിത്രത്തിൻ്റെ അണിയറയിലാണ് ഈ റിഷബുള്ളത്. കാന്താരയിലെ സംഭവങ്ങൾക്ക് നൂറ്റാണ്ടുകൾ മുൻപേ നടക്കുന്ന തരത്തിലാണ് പാർട്ട് വണ്ണിൻ്റെ കഥ നടക്കുന്നത്. റിഷബിൻ്റെ ജന്മനാടായ കുന്താപുരയിലൊരുക്കിയ കൂറ്റൻ സെറ്റുകളിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമ ഈ വർഷം അവസാനത്തോടെ തീയേറ്ററുകളിലെത്തും എന്നാണ് കരുതുന്നത്. 16 കോടി മുടക്കി നിർമ്മിച്ച കാന്താരയുടെ ഒന്നാം ഭാഗം 450 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്. അതിനാൽ വലിയ ക്യാൻവാസിൽ 125 കോടി ബജറ്റിലാണ് കാന്താര സീരിസിലെ പുതിയ ചിത്രം ഹോംബാലെ ഒരുക്കുന്നതും.
കുന്താപുരയിൽ യക്ഷഗാന സംഘത്തിനൊപ്പം വേദികളിൽ നിറഞ്ഞാടിയ ഒരു യുവാവിൽ നിന്നും കന്നഡ സിനിമയുടെ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ നായകനും സംവിധായകനുമായുള്ള റിഷബ് ഷെട്ടിയുടെ വളർച്ച സത്യത്തിൽ ഒരു സിനിമയ്ക്ക് സാധ്യതയുള്ള കഥയാണ്. മുന്നോട്ട് നയിക്കാനോ പിന്താങ്ങാനോ ആരുമില്ലാത്ത അവസ്ഥയിൽ നിന്നും സിനിമയെ മാത്രം സ്വപ്നം കാണുകയും അതിനായി മുന്നിൽ കണ്ട എല്ലാ വാതിലും മുട്ടി നോക്കുകയും ചെയ്താണ് റിഷബ് ക്ലാപ്പ് ബോയിയായി സിനിമയിൽ പ്രവേശിക്കുന്നത്. സിനിമ എന്ന മാധ്യമത്തെ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ആരേയും പ്രചോദിപ്പിക്കുന്നതാണ് റിഷബ് ഷെട്ടിയുടെ വളർച്ച.