തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായി തെരച്ചിൽ പുനരാരംഭിച്ചു. ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. എൻഡിആർഎഫിൻറെ നേതൃത്വത്തിലാണ് രണ്ടാം ദിനത്തിലെ രക്ഷാദൗത്യം. ആദ്യം മാലിന്യം നീക്കം ചെയ്തതശേഷം മാൻഹോളിൽ ഇറങ്ങിയുള്ള തെരച്ചിലാണിപ്പോൾ നടക്കുന്നത്. മാലിന്യം നീക്കം ചെയ്യാൻ കൂടുതൽ റോബോട്ടുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. മുങ്ങൽ വിദഗ്ധർ അടക്കമുള്ള 30 അംഗ എൻഡിആർഎഫ് സംഘമാണ് രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഫയർഫോഴ്സ് സ്കൂബ ടീമും രക്ഷാപ്രവർത്തനത്തിനുണ്ട്. ടണലിൽ ചെളിയും മാലിന്യവും കുന്നുകൂടി കിടക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യാനാണ് ശ്രമമെന്നും ചെളിയും മാലിന്യവുമുള്ളതിനാൽ തൊഴിലാളി അധികം മുന്നിലേക്ക് പോകാൻ സാധ്യതയില്ലെന്നും എൻഡിആർഎഫ് ടീം കമാൻഡർ പ്രതീഷ് പറഞ്ഞു.
റോബോട്ടിക് സംവിധാനം ഉപയോഗിച്ചും ഫയർഫോഴ്സിൻറെയും മറ്റും സഹായത്തോടെ സംയുക്തമായിട്ടായിരിക്കും മാലിന്യം നീക്കം ചെയ്യുകയെന്നും പ്രതീഷ് പറഞ്ഞു.ജില്ലാ കളക്ടർ ജെറോമിക് ജോർജും സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച രക്ഷാപ്രവർത്തനം ഒമ്പത് മണിയോടെ നിർണായക ഘട്ടത്തിലേക്ക് കടന്നു. റെയിൽവേയുടെ മൂന്നാം പ്ലാറ്റ്ഫോമിന്റെ സമീപത്തുള്ള മാൻ ഹോളിലൂടെ ഇറങ്ങിയുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മാലിന്യം നീക്കം ചെയ്തശേഷമാണ് മാൻഹോളിൽ രക്ഷാപ്രവർത്തകർ ഇറങ്ങുന്നത്. ഫയർഫോഴ്സിന്റെ രൂപ ഡൈവിംഗ് ടീം ആണ് ഇറങ്ങിയത്. ഇതോടൊപ്പം ജോയിയെ കാണാതായ തമ്പാനൂർ ഭാഗത്തെ തോട്ടിൽ നിന്നും മാലിന്യം നീക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.
ഇതിനിടെ, വെള്ളത്തിനടയിൽ പരിശോധന നടത്താനുള്ള ഡ്രാക്കോ റോബോട്ടിനെ ഉപയോഗിക്കാനും തീരുമാനിച്ചു.റിഫനറികളുടെ പ്രവർത്തനത്തിനായി രൂപകല്പന ചെയ്ത മെഷീൻ ആദ്യമായാണ് വെളളത്തിൽ ഉപയോഗിക്കുന്നത്. ഇന്ന് പുലർച്ചെ ഒരുമണിവരെ തെരച്ചിൽ നടന്നെങ്കിലും കാണാതായ ജോയിയെ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി ടണലിൽ കയറിയുള്ള തെരച്ചിൽ അപകടം നിറഞ്ഞതാണെന്ന എൻഡിആർഎഫിൻറെ നിർദേശത്തെ തുടർന്നാണ് ഒരുമണിയോടെ തെരച്ചിൽ നിർത്തിയത്.