അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിലെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യനില ഗുരുതരമാണെന്നും വിഷബാധയേറ്റതിനെ തുടര്‍ന്നാണ് ദാവൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
ദാവൂദിന് എങ്ങനെയാണ് വിഷബാധയേറ്റതെന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ആശുപത്രി കെട്ടിടത്തിലെ ഒരു നിലയില്‍ ദാവൂദ് മാത്രമാണ് ഉള്ളത്. അടുത്ത ബന്ധുക്കള്‍ക്കും ആശുപത്രി അധികൃതര്‍ക്കും മാത്രമാണ് ഇങ്ങോട്ടേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധുക്കളായ അലി ഷാ പാര്‍ക്കറുമായും സാജിദ് വഗ്ലെയുമായും ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് മുംബൈ പൊലീസ്.
ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ നിന്ന് വീണ്ടും വിവാഹം കഴിച്ചതിന് പിന്നാലെ കറാച്ചിയിലെ അബ്ദുള്ള ഖാസി ബാബ ദര്‍ഗയ്ക്ക് പിറകിലെ റഹിംഫക്കിക്കിന് സമീപം പ്രതിരോധ മേഖലയിലാണ് ദാവൂദിന്റെ താമസമെന്ന് സഹോദരി ഹസീന പാര്‍ക്കറുടെ മകന് അലിഷാ പാര്‍ക്കര്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു.
ദാവൂദ് ഇബ്രാഹിമിന്െ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.