തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഒ.പി ബ്ലോക്കിൽ രണ്ട് ദിവസം കുടുങ്ങിയ രവീന്ദ്രനെ ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. വീഴ്ച്ച പറ്റിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.മന്ത്രി വന്നത് ആശ്വാസമായെന്ന് രവീന്ദ്രൻ നായർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
സി.പി.ഐ തിരുമല മുൻ ലോക്കൽ സെക്രട്ടറിയും നിയമസഭയിലെ താൽക്കാലിക ജീവനക്കാരനുമായ രവീന്ദ്രൻ നായർ (59) ശനിയാഴ്ച ഉച്ചയോടെയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. കൈയിൽ ഫോണുണ്ടായിരുന്നുവെങ്കിലും റേഞ്ച് കുറവായതിനാൽ മറ്റാരെയും വിളിക്കാനായില്ല. അലാറം മുഴക്കിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. വെപ്രാളത്തിനിടെ ഫോൺ നിലത്ത് വീണ് പൊട്ടുകയും ചെയ്തു. പൊള്ളി വിയർത്തും തണുത്തു വിറച്ചും ജീവനും മുറുകെ പിടിച്ചാണ് കൂരിരുട്ടിൽ രണ്ടു ദിനം കഴിഞ്ഞുകൂടിയത്.ഞായറാഴ്ചയായതിനാൽ ഒ.പി ബ്ലോക്കിലേക്ക് ആരുമെത്തിയിരുന്നില്ല.
സെക്യൂരിറ്റി വിഭാഗത്തിലുള്ളവരടക്കം നൂറു കണക്കിന് ജീവനക്കാരുള്ള മെഡിക്കൽ കോളജ് ഒ.പി ബ്ലോക്കിലെ ലിഫ്റ്റിൽ ഇത്രയും നേരം ഒരു മനുഷ്യജീവനും പേറി കെട്ടിടത്തിനുള്ളിൽ നിശ്ചലമായിട്ടും ആരുമറിഞ്ഞില്ല. ഇതിനകം വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.