മുംബൈ: ടാറ്റാ സൺസ് എമിറിറ്റ്സ് ചെയർമാൻ രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ടാറ്റാ കുടുംബവുമായി അടുത്ത് ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
രത്തൻ ടാറ്റയുടെ ആരോഗ്യനില സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ പലതരത്തിലുള്ള വാർത്തകൾ വന്നിരുന്നു. പിന്നാലെ താൻ ആരോഗ്യവാനാണെന്നും പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് ആശുപത്രിയിൽ അഡ്മിറ്റായതെന്നും വിശദീകരിച്ച് കൊണ്ടുള്ള രത്തൻ ടാറ്റയുടെ വാർത്താക്കുറിപ്പ് പുറത്തു വന്നിരുന്നു.
എന്നാൽ 86-കാരനായ രത്തൻ ടാറ്റയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ ടാറ്റാ ഗ്രൂപ്പും തയ്യാറായിട്ടില്ല.
ഉപ്പ് മുതൽ ഉരുക്ക് വരെയുണ്ടാക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്ന ടാറ്റാ ഗ്രൂപ്പിൻ്റെ ചെയർമാനായി 1991-ലാണ് രത്തൻ ടാറ്റാ ചുമതലയേൽക്കുന്നത്. 2012 വരെ ആ പദവിയിൽ തുടർന്ന രത്തൻ ടാറ്റാ ഗ്രൂപ്പിനെ ആധുനിക വത്കരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിച്ചു.