കൊച്ചി: തനിക്കെതിരായ പീഡനപരാതിയിൽ കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തി നിവിൻ പോളി. പരാതി നൽകിയ യുവതിയെ അറിയില്ലെന്നും, കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ലെന്നും നിവിൻ വ്യക്തമാക്കി. കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നായും സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും നിവിൻ പറഞ്ഞു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിവിൻ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മയക്കുമരുന്ന് ഉപയോഗിച്ച് തന്നെ മയക്കി കിടത്തി പീഡിപ്പിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. മൂന്ന് ദിവസം തന്നെ മുറിയിൽ പൂട്ടിയിട്ടുവെന്നും പരാതിയിലുണ്ട്. മുറിയിൽ വച്ച് ശ്വാസം മുട്ടലുണ്ടായതോടെയാണ് തന്നെ വിട്ടയച്ചത്.
അതേസമയം ഇതേ യുവതി ഒരു മാസം മുൻപ് നിവിനെതിരെ നൽകിയ മറ്റൊരു പരാതിയിൽ ആരോപിക്കുന്നത് വേറെ കാര്യങ്ങളായിരുന്നു. ദുബായിൽ വച്ച് നിവിനും മറ്റു പ്രതികളും ചേർന്ന് തന്നെ മർദ്ദിച്ചു എന്നായിരുന്നു ആ പരാതിയിൽ യുവതി ആരോപിച്ചത്. ഇതേക്കുറിച്ച് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ പല പൊരുത്തേക്കേടുകളും കണ്ടെത്തിയെന്നാണ് വിവരം. മർദ്ദനത്തെ തുടർന്ന് എവിടെയെങ്കിലും ചികിത്സ തേടിയതിന് യാതൊരു തെളിവും ഹാജരാക്കാൻ യുവതിക്ക് സാധിച്ചില്ല എന്നാണ് പുറത്തു വരുന്ന വിവരം. ഇതേ തുടർന്ന് കേസിൽ തുടർനടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. ഇന്ന് ചേർന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യം നിവിൻ വിശദീകരിക്കുകയും ചെയ്തിരുന്നു.
നിവിനെതിരെ കേസ് എടുത്തതിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ചൂടുപിടിച്ചു കഴിഞ്ഞു. ഒരു സിനിമയുമായി ബന്ധപ്പെട്ട് നിവിൻ പങ്കുവച്ച കാസ്റ്റിംഗ് കോൾ പോസ്റ്റ് പരാതിക്കാരിയായ യുവതി സമൂഹമാധ്യമങ്ങൾ കാസ്റ്റിംഗ് കൗച്ച് ആരോപണത്തോടെ പോസ്റ്റ് ചെയ്തിരുന്നു. നിവിൻ പലർക്കും വാട്സാപ്പിലൂടെ വയറസ് അയക്കുകയും അത് വഴി ഫോൺ ഹാക്ക് ചെയ്യുകയും ചെയ്യുന്നു എന്ന പരാതിക്കാരിയായ യുവതി കമൻ്റ് ഇട്ടതിൻ്റെ സ്ക്രീൻ ഷോട്ടുകളും ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഈ കമൻ്റ് ഇപ്പോൾ യുവതി ഡിലീറ്റ് ചെയ്തുവെന്നാണ് സൂചന.
കുറച്ച് നാളുകൾക്ക് മുന്നേ nivin casting call nu ഇട്ട ഒരു post എടുത്ത് അറ്റവും മൂലയും ഇല്ലാതെ casting couch ആണെന്ന് ഒരു post ഇടുകയും തുടർന്ന് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു.. ഈ യുവതി പറയുന്നത് … ഈ വ്യക്തിyum കൂട്ടാളിയും mdma കേസുകളിൽ പ്രതി ആണെന്ന് വാർത്തകൾ ഉണ്ട്..എന്നൽ അത് നിവിൻ PR WORK വഴി ചെയ്തത് ആണെന്നാണ് ഇവർ പറയുന്നത്…ഊന്നുക്കൽ പോലിസ് സ്റ്റേഷനിൽ ആണ് കേസ് കൊടുത്തത്… ഇന്ന് കേസ് എടുത്തിരിക്കുന്നതും ഊന്നുകൽ പോലിസ് സ്റ്റേഷൻ തന്നെ…most probably ഇത് തന്നെ ആണ് കേസ്..പ്രസ്തുത വ്യക്തി ഈ കമൻ്റ് ഒക്കെയും ഡിലീറ്റ് ആക്കിയിട്ടുമുണ്ട്… അന്ന് ഇത് പലരും ഇട്ടപ്പോൾ explanation കൊടുത്തതാണ്..ഇന്ന് വാർത്ത ആയപ്പോ എല്ലാവർക്കും വേണ്ടി ഇങ്ങിനെ ഒരു post ഇടുന്നു എന്ന് മാത്രം..
നിവിൻ്റെ വാക്കുകൾ
അടിസ്ഥാനരഹിതമായ ആരോപണമാണിത്. ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വരുന്നത്. ഇതേപ്പറ്റി നിങ്ങൾ വാർത്ത നൽകുന്നതിൽ തെറ്റില്ല എന്നാൽ എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ട് വാർത്ത കൊടുത്താൽ നല്ലതാകും. ഈ കേസിൽ ന്യായം നൂറ് ശതമാനം എനിക്കാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇപ്പോൾ വാർത്താസമ്മേളനം വിളിച്ചത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നാണ് അറിയുന്നത്. അതിനാൽ കേസ് അതിൻ്റെ വഴിക്ക് പോകും. നിയമപരമായി അതിനെ നേരിടും. ഈ രീതിയിൽ ആർക്കെതിരെയും ആരോപണം വരാം. ഇനി നാളെ ആർക്കെതിരെ ആരോപണം വന്നാലും അവർക്കും ഇവിടെ ജീവിക്കണം. അവർക്ക് കൂടി വേണ്ടിയാണ് എൻ്റെ പോരാട്ടം. സുഹൃത്തുകളടക്കം പലരും കേസിൽ പിന്തുണയറിയിച്ചു വിളിച്ചു. കേസിൽ ഏത് അന്വേഷണത്തിനും എന്ത് തരം ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ്. ഞാൻ ഒരുപാട് സംസാരിച്ച് ശീലമുള്ള ആളല്ല. എന്നാൽ ഈ കേസിൽ ഇനിയും വേണ്ടി വന്നാൽ മാധ്യമങ്ങളെ കാണും. ഇപ്പോൾ ഈ വാർത്തകൾ കൊടുക്കുന്ന നിങ്ങൾ നാളെ ഇതിലെ സത്യം തെളിഞ്ഞാലും വാർത്ത കൊടുക്കണം. ഒന്നര മാസം മുൻപ് ഇതേ സ്ത്രീയുടെ പരാതിയിൽ എന്നെ ഒരു സിഐ വിളിച്ച് സംസാരിച്ചിരുന്നു. അന്നത്തെ പരാതി അദ്ദേഹം എന്നെ വായിപ്പിച്ച് കേൾപ്പിച്ചു. പരാതി വ്യാജമാണെന്ന സംശയമാണ് അദ്ദേഹം അന്ന് പങ്കുവച്ചത്.
നേര്യമംഗലം സ്വദേശിയായ യുവതി നൽകിയ പീഡനപരാതിയിലാണ് നിവിൻ പോളിക്കെതിരെ പൊലീസ് കേസെടുത്തത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. തൃശ്ശൂർ രാഗം തീയേറ്റർ ഉടമയും നിർമ്മാതാവുമായ കെഎസ് സുനിൽ കേസിൽ രണ്ടാം പ്രതിയാണ്. ശ്രേയ എന്ന സ്ത്രീയാണ് കേസിലെ ഒന്നാം പ്രതി. ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾ.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെയാണ് യുവതി പരാതിയുമായി ആദ്യം സമീപിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്ത് തുടർന്ന് പിന്നീട് എറണാകുളം ഊന്നുകൽ പൊലീസ് പരാതിയിൽ കേസെടുക്കുകയായിരുന്നു. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) യുവതിയുടെ മൊഴി എടുത്തിരുന്നു. ഇതിന് ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചത്