സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘അനിമലി’ന്റെ 4-ാം ദിവസ ബോക്സ് ഓഫീസ് കളക്ഷണ്‍ പുറത്ത്. ആഗോള തലത്തില്‍ ചിത്രം 425 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മാത്രം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടിയത് 40.06 കോടിയാണ്. ഇതോടെ ഹിന്ദി പതിപ്പിന്റെ മാത്രം ബോക്സ് ഓഫീസ് കളക്ഷന്‍ 216.64 കോടിയായി എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബര്‍ 1ന് റിലീസ് ചെയ്ത റണ്‍ബീര്‍ കപൂര്‍ ചിത്രം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ സ്ത്രീ വിരുദ്ധതയും വയലന്‍സുമാണ് വിമര്‍ശനങ്ങള്‍ക്കുള്ള പ്രധാന കാരണം. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളെയെല്ലാം തന്നെ പിന്നിലാക്കി ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് സന്ദീപ് റെഡ്ഡിയുടെ ‘അനിമല്‍’.
‘അര്ജുന് റെഡ്ഡി’ ‘കബീര്‍ സിംഗ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് ‘അനിമല്‍’. റിലീസ് ചെയ്ത നാല് ദിവസം കഴിയുമ്പോള്‍ തന്നെ റണ്‍ബീര്‍ കപൂറിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. ബോളിവുഡില്‍ ഈ അടുത്ത് കണ്ട ഏറ്റവും അധികം വയലന്‍സ് നിറഞ്ഞ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന് പുറമെ രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.