പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് ഇനി കുതിര കുളമ്പടി ശബ്ദം കേൾക്കാം…ഒന്നല്ല, 30 കുതിരകളുടെ. വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒയും പ്രവാസിയുമായ വിഘ്നേഷ് വിജയകുമാറാണ് അങ്ങാടിപ്പുറത്തെ തന്റെ ഫാമിലേക്ക് കുതിരകളെ അനിമൽ ആബുലൻസിൽ എത്തിച്ചത്.രാജസ്ഥാനിലെ പുഷ്കർമേളയിൽ നിന്നാണ് വിഘ്നേഷ് കുതിരകളെ വാങ്ങിയത്.
നിലവിൽ 70 കുതിരകൾ വിഘ്നേഷിനുണ്ട്.കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്താനും, സ്കൂൾ കുട്ടികൾക്ക് കുതിര സവാരി എന്ന ആശയവുമായാണ് കുതിരകളെ നാട്ടിലെത്തിച്ചിരിക്കുന്നത്.മാർവാരി,നുക്ര ഇനങ്ങളിലുളള കുതിരകളാണ് കൂടുതൽ. ഇത് സംബന്ധിച്ച് സ്കൂളുകളുമായി അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും വിഘ്നേഷ് അറിയിച്ചു.ചെറുപ്പകാലം തൊട്ട് കുതിര സ്നേഹിയായ വിഘ്നേഷ് ഇന്ത്യയിലെ ഇൻഡിജനസ് ഹോഴ്സ് കമ്മിറ്റിയിലെയും,അറേബ്യൻ ഹോഴ്സ് സൊസൈറ്റിയിലെയും അംഗമായ ഏക മലയാളിയാണ്.
കുതിരകളെ മീൻകുളത്തിക്കാവ് ക്ഷേത്രത്തിലെത്തിച്ച ശേഷമാണ് ഫാമിലേക്ക് കൊണ്ട് പോയത്.മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലത്തിനെടുത്തും, ഗുരുവായൂർ ക്ഷേത്രത്തിന് പുതിയ മുഖമണ്ഡപം സമർപ്പിച്ചും വിഘ്നേഷ് വിജയകുമാർ ശ്രദ്ധേയനായിരുന്നു.