ദുബായ്: ന്യൂനമർദത്തിൻ്റെ സ്വാധീനത്തെ തുടർന്ന് ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ യുഎഇയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും വെള്ളക്കെട്ടിനും കാറ്റിനുമുള്ള സാധ്യതകൾ മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും എൻസിഎം അറിയിച്ചു.
മഴക്കാലത്ത് വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. വെള്ളക്കെട്ടിനുള്ള സാധ്യത മുൻനിർത്തി വെള്ളം കേറിയ റോഡുകളിലെ യാത്ര ഒഴിവാക്കണം. ബൈക്ക് യാത്രക്കാർ ഇക്കാര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണം. മഴക്കാലത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ബോർഡുകളിലും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിലും കാണിച്ചിരിക്കുന്ന സ്പീഡ് ലിമിറ്റ് പാലിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചു.
എൻസിഎം നൽകുന്ന മുന്നറിയിപ്പ് പ്രകാരം ഞായറാഴ്ചത്തെ കാലാവസ്ഥ അസ്ഥിരമായിരിക്കും. ഭാഗികമായോ പൂർണമായോ ആകാശം മേഘാവൃതമായിരിക്കും. ക്യുമുലസ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ പല പ്രദേശത്തും വ്യത്യസ്ത തീവ്രതയുള്ള മഴയും ഉണ്ടാകും, ചില പ്രദേശങ്ങളിൽ മിന്നലും ഇടിയും ഉണ്ടാകാനും സാധ്യതയുണ്ട്.