തിരുവനന്തപുരം: ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനായി തിരുവനന്തപുരത്തിനും മംഗലാപുരത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കുകളിൽ കൊടും വളവുകൾ നേരെയാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ഇന്ത്യൻ റെയിൽവേ തിങ്കളാഴ്ച തുടക്കം കുറിച്ചു. അടുത്ത മൂന്ന് മാസത്തിനകം ഈ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ലിയാൽ പറഞ്ഞു.
“ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്ത സ്ഥലങ്ങളിലാണ് വളവ് നിവർത്തൽ നടത്തുന്നത്. ഭൂമിയേറ്റെടുക്കൽ സമയമെടുക്കുന്ന പ്രക്രിയയാണ്. അതിനാൽ റെയിൽവേ ഭൂമി ലഭ്യമായ സ്ഥലങ്ങളിൽ ട്രാക്കുകളുടെ വളവുകൾ പരമാവധി നിവർത്തി ട്രെയിനുകൾക്ക് വേഗത കൂട്ടുക എന്നതാണ് ഞങ്ങളുടെ പദ്ധതി. ഞങ്ങളുടെ ഡിവിഷനു കീഴിലുള്ള റെയിൽവേ ലൈനുകളിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്ററാണ്.” തപ്ലിയാൽ പറഞ്ഞു.
കേരളത്തിൽ മംഗലാപുരം മുതൽ പാലക്കാട് വരെയും ഷൊർണ്ണൂരിൽ നിന്നും തൃശ്ശൂർ പകുതി ഭാഗത്തും പാലക്കാട് ഡിവിഷനും തൃശ്ശൂർ മുതൽ നാഗർകോവിൽ വരെ തിരുവനന്തപുരം ഡിവിഷനും കീഴിലാണ് വരുന്നത്. മംഗാലപുരം – ഷൊർണ്ണൂർ റൂട്ടിൽ 110 കിമീ വേഗതയിൽ നിലവിൽ ട്രെയിനുകളോടുന്നുണ്ട്. എന്നാൽ കുറ്റിപ്പുറം സ്റ്റേഷനടക്കം ചില ഭാഗങ്ങളിൽ വളവ് കാരണം വേഗനിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം – കോട്ടയം – തിരുവനന്തപുരം പാതയിലും പല ഭാഗങ്ങളിലും പരമാവധി വേഗം 80 കി.മീയായി നിയന്ത്രിച്ചിട്ടുണ്ട്. സ്വകാര്യ – സർക്കാർ ഭൂമിയേറ്റെടുക്കാതെ റെയിൽവേ പുറമ്പോക്ക് ഭൂമിയും മറ്റും ഉപയോഗിച്ച് ട്രാക്കിൻ്റെ പല വളവുകളും നിവർത്തിയെടുക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയതോടെയാണ് ഈ നിലയിലുള്ള നീക്കം റെയിൽവേ ആരംഭിച്ചത്.